ലണ്ടന്‍: കളിമികവുകൊണ്ട് ശ്രദ്ധേയനായ ഫ്രാന്‍സിന്റെ യുവതാരം പോള്‍ പോഗ്ബ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക്. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിന്റെ മിഡ്ഫീല്‍ഡറായ പോഗ്ബയെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. 71 മില്യണ്‍ പൗണ്ടാണ് പോഗ്ബയുടെ ട്രാസ്ഫര്‍ തുക. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്സലോണ ടീമുകള്‍ പോഗ്ബയ്ക്കായി രംഗത്തുണ്ടായിരുന്നെങ്കെലും അബുദാബി കോടീശ്വരന്റെ പണക്കിലുക്കത്തില്‍ മറ്റു ടീമുകളെ ബഹുദൂരം പിന്നിലാക്കിയാണ് പോഗ്ബയെ സിറ്റി സ്വന്തമാക്കിയത്.
57 മില്യണ്‍ പൗണ്ട് ആയിരുന്നു ബാഴ്സലോണ പോഗ്ബയ്ക്ക് വില പറഞ്ഞത്. എന്നാല്‍, എതിര്‍നിരയില്‍ വിനാശകാരിയായ മിഡ്ഫീല്‍ഡറെ ഏതുവിധേനയും സ്വന്തമാക്കാനായി സിറ്റി റെക്കോര്‍ഡ് തുകയ്ക്ക് ട്രാന്‍സ്ഫര്‍ ഉറപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ സീരീസ് കിരീടവും, ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പ്രവേശവും യുവന്റസിന് സാധ്യമാക്കിയത് പോഗ്ബയുടെ മികവുകൊണ്ടുകൂടിയാണ്.
മെഡിക്കല്‍ പരിശോധന കഴിയുന്നതോടുകൂടി പോഗ്ബ സിറ്റിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 2,40,00 പൗണ്ട് ആഴ്ചയില്‍ പ്രതിഫലമായി പോഗ്ബയ്ക്ക് ലഭിക്കുമെന്ന് ഇംഗ്ലീഷ് പത്രങ്ങല്‍ പറയുന്നു. കഴിഞ്ഞതവണ നഷ്ടമായ പ്രീമിയര്‍ ലീഗ് കിരീടത്തോടൊപ്പം ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും ലക്ഷ്യമിട്ടാണ് സിറ്റി പുതിയ സീസണ് ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി ലിവര്‍പൂള്‍ സൂപ്പര്‍താരം സ്റ്റര്‍ലിങിനെ ടീമിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ആസ്റ്റണ്‍ വില്ല മിഡ്ഫീല്‍ഡര്‍ ഡെല്‍ഫും പുതിയ സീസണില്‍ സിറ്റിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.