സിഡ്നി: ഓസ്ട്രേലിയന്‍ പരമ്പരയില്‍ ദയനീയമായ പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. മിക്ക കളികളിലും ആദ്യ ഓവറുകളില്‍തന്നെ പുറത്തായി ഇന്ത്യയെ സമ്മര്ദ്ദിലേക്ക് തള്ളിവിടുന്ന ശിഖര്‍ ധവാനെ ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ നിന്നും പുറത്താക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
ഇന്ത്യന്‍ പിച്ചുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ധവാന് വിദേശ പിച്ചുകള്‍ അമ്പേ പരാജയമാണെന്ന് വിമര്‍ശകര്‍ പറയുന്നു. ഓസ്ട്രേലിയയിലെ പര്യടനത്തില്‍ ധവാന്റെ സ്കോര്‍ വിമര്‍ശനം ശരിവെക്കുന്നതാണ്. പത്ത് ഇന്നിംഗ്സുകളില്‍ നിന്നായി ഇന്ത്യന്‍ ഓപ്പണര്‍ക്ക് കണ്ടെത്താനായത് കേവലം 178 റണ്‍സ് മാത്രമാണ്.
രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സില്‍ നേടിയ ഒരു അര്‍ധ സെഞ്ച്വറി(81) യാണ് അല്പമെങ്കിലും മെച്ചപ്പെട്ടതെന്ന് പറയാവുന്നത്. മറ്റെല്ലാ മത്സരങ്ങളിലും ഓസ്ട്രേലിയയുടെ ഓപ്പണിംഗ് ബൗളര്‍മാര്‍ക്കു മുന്നില്‍ത്തന്നെ കീഴടങ്ങുകയായിരുന്നു ധവാന്. ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ആദ്യ മൂന്നു മത്സരങ്ങളിലും ധവാന്റെ സ്കോര്‍ രണ്ടക്കം കടന്നിട്ടില്ല.
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തില്‍ രണ്ട് രണ്സിനും, ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഒരു റണ്ണിനും പുറത്തായ ധവാന് നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ വെറും 8 റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്തത്. ഓസ്ട്രേലിയയിലെ ബൗണ്‍സ് പിച്ചില്‍ ശിഖര്‍ ധവാന് പ്രകടനം ദയനീയമായത് ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്യാമ്പിലും ആശങ്ക പടര്ത്തിയിരിക്കുയാണ്. ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ പുതിയ ഓപ്പണിംഗ് പരീക്ഷണത്തിന് ഇന്ത്യ തയ്യാറാകണമെന്നുതന്നെയാണ് ക്രിക്കറ്റ് വിദഗ്ധരും പറയുന്നത്.