മുംബൈ: 11 പേര് ബാറ്റിംഗിനിറങ്ങിയിട്ടും ടീം 4 റണ്‍സിന് ഓളൗട്ടായി. എങ്ങനെ ആകാതിരിക്കും 9 പേരാണ് പൂജ്യത്തിന് ഔട്ടായത്. മറ്റൊരാള്‍ റണ്ണൊന്നുമെടുക്കാതെ നോട്ടൗട്ടായി. 2 റണ്‍സെടുത്ത ബാറ്റ്സ്മാന് ടോപ്സ്കോററായി. മുംബൈയിലെ സ്കൂള്‍ ക്രിക്കറ്റിലാണ് രസകരമായ രംഗങ്ങള്‍ അരങ്ങേറിയത്. അന്ധേരിയിലെ രജാന്‍സ് വിദ്യാലയമാണ് 4 റണ്‍സിന് ഓളൗട്ടായത്. ഹാരിസ് ഷീല്‍ഡ് ഇന്റര്‍ സ്കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് സംഭവം.
മുംബൈയിലെ പ്രസിദ്ധമായ ശിവജി പാര്‍ക്കിലായിരുന്നു കളി. ബാറ്റിംഗ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ കളി തുടങ്ങിയത് ഈ ഗ്രൗണ്ടിലാണ്. കാംബ്ലിയുമൊപ്പം സച്ചിന് റെക്കോര്‍ഡ് പാര്‍ട്ണര്‍ഷിപ് പടുത്തുയര്‍ത്തിയത് ഹാരിസ് ഷീല്‍ഡ് കപ്പിലാണ്. എന്നാല്‍ ആര്‍ക്കും വേണ്ടാത്ത ഒരു റെക്കോര്‍ഡിന് കൂടി ഹാരിസ് ഷീല്‍ഡ് കപ്പും ശിവാജി പാര്‍ക്കും സാക്ഷ്യം വഹിച്ചു, അതാണ് ക്രിക്കറ്റ്.
ഹാരിസ് ഷീല്‍ഡ് കപ്പിന്റെ പ്ലേറ്റ് ഗ്രൂപ്പ് ഫൈനലില്‍ യശോധാം സ്കൂളിനെതിരെയാണ് രജാന്‍സ് വിദ്യാലയം വെറും 4 റണ്‍സിന് ഓളൗട്ടായി. 9 പേര് പൂജ്യത്തിന് പുറത്തായപ്പോള്‍ ഒരാള്‍ രണ്ട് റണ്‍സെടുത്തു. ബാക്കി രണ്ട് റണ്‍സ് ലെഗ് ബൈ ആണ്. കളിയുടെ രണ്ടാം ഇന്നിംഗ്സിലായിരുന്നു ഈ ദുരന്തം. ഗൗരംഗ് സച്ചാര്‍ റണ്‍സൊന്നും വിട്ടുകൊടുക്കാതെ ആറ് വിക്കറ്റ് വീഴ്ത്തി. ബാക്കിയുള്ള നാല് വിക്കറ്റുകള്‍ റയാന് തോമസിനാണ്.
ആദ്യ ഇന്നിംഗ്സില്‍ 56 റണ്‍സിന് ഇവര്‍ ഓളൗട്ടായിരുന്നു. മറുപടിയായി യശോധാം സ്കൂള്‍ 247 ന് ഓളൗട്ടായി. യശോധാം സ്കൂള്‍187 റണ്‍സിന് കളി ജയിച്ചു. കുട്ടികളുടെ കളി കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് രജാന്‍ സ്കൂള്‍ കോച്ച് നിയാസ് വര്‍സി. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. ഞാനാകെ ഞെട്ടിയിരിക്കുകയാണ് - കോച്ച് പറഞ്ഞു.