കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉര്‍വശീ ശാപം ഉപകാരം: ഉപരോധം ഖത്തറിലെ വ്യവസായത്തിന് കുതിപ്പേകുന്നു

  • By Desk
Google Oneindia Malayalam News

യു.എ.ഇ, സൗദി തുടങ്ങിയ മറ്റ് അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ബിസിനസിനെ ബാധിച്ചുവെങ്കിലും മറ്റൊരര്‍ത്ഥത്തില്‍ ഖത്തറിന് അത് ഉപകാരമാവുകയാണ്. ഖത്തറിലെ ആഭ്യന്തര വ്യവസായങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കാന്‍ ഉപരോധം കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയിലായിരുന്നു ഖത്തറിന്റെ വ്യവസായ മേഖല പ്രധാനമായും നിലനിന്നിരുന്നത്. എന്നാല്‍ ഉപരോധം തുടങ്ങിയതോടെ ഇക്കാര്യത്തില്‍ എങ്ങനെ സ്വയം പര്യാപ്തമാവാം എന്ന ഖത്തറിന്റെ ആലോചന അവര്‍ക്കുമുന്നില്‍ പുതിയ വഴികള്‍ തുറന്നിട്ടിരിക്കുകയാണിപ്പോള്‍.

വ്യാവസായിക ഉല്‍പ്പാദനം ഇരട്ടിച്ചു

വ്യാവസായിക ഉല്‍പ്പാദനം ഇരട്ടിച്ചു

പല വ്യവസായ സ്ഥാപനങ്ങളും അധിക സമയം പ്രവര്‍ത്തിച്ച് ഉല്‍പ്പാദനം കൂട്ടാനുള്ള ശ്രമത്തിലാണ്. ഉദാഹരണമായി ഖത്തറിലെ പ്രധാന രാസവസ്തു നിര്‍മാണ കമ്പനിയായ ഡോണ്‍ കണ്‍സ്ട്രക്ഷന്‍ പ്രൊഡക്‌സ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉല്‍പ്പാദനം ഇരട്ടിയാക്കിയതായി ഡയരക്ടര്‍ കാശിഫ് ഐജാസ് പറയുന്നു. നേരത്തേ യു.എ.ഇയിലെ ജബല്‍ അലിയില്‍ നിന്നായിരുന്നു അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുവന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അമേരിക്ക, ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയെയാണ് ആശ്രയിക്കുന്നത് എന്ന പ്രശ്‌നമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

മണ്ണില്ലാതെയുള്ള കൃഷി വ്യാപിക്കുന്നു

മണ്ണില്ലാതെയുള്ള കൃഷി വ്യാപിക്കുന്നു

ഉപരോധത്തെ തുടര്‍ന്ന് സംഭവിച്ചേക്കാവുന്ന ഭക്ഷ്യക്ഷാമത്തെ നേരിടാന്‍ മണ്ണിന്റെ സഹായമില്ലാതെ കൃഷി ചെയ്യുന്ന ഹൈഡ്രോപോണിക്‌സ് കൃഷി രീതി വ്യാപിക്കുകയാണ് ഖത്തറില്‍. അല്‍ഖോറിലെ 1.2 ലക്ഷം ചതുരശ്രമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന അഗ്രികോ ഓര്‍ഗാനിക് ഫാമില്‍ കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിച്ചതായി എം.ഡി നാസര്‍ അഹമ്മദ് അല്‍ ഖലഫ് പറയുന്നു. ചെറിയ രാജ്യമായ ഖത്തറില്‍ യോഗ്യമായ കൃഷി ഭൂമിയുടെ അഭാവത്തില്‍ ധാതുലവണങ്ങളടങ്ങിയ വെള്ളത്തില്‍ കൃഷി ചെയ്യുന്ന ഈ രീതി ഏറെ അനുയോജ്യമാണെന്നും അദ്ദേഹം പറയുന്നു.
ഈ മേഖലയില്‍ നിക്ഷേപമിറക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നിരിക്കുകയാണ് അദ്ദേഹം. ഹൈഡ്രോപോണിക്‌സ് കൃഷി രീതിയെക്കുറിച്ചുള്ള ചെലവേറിയ എല്ലാ വിധ സാങ്കേതിക പരിശീലനങ്ങളും ഈ പ്രതിസന്ധി ഘട്ടത്തില്‍ സൗജന്യമായി തങ്ങള്‍ നല്‍കാമെന്നതാണ് കമ്പനിയുടെ വാഗ്ദാനം.
പച്ചക്കറി, പഴ വര്‍ഗങ്ങള്‍ തുടങ്ങിയവ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെന്നതാണ് ഹൈഡ്രോപോണിക്‌സ് രീതിയുടെ സവിശേഷതകളിലൊന്ന്. മാത്രമല്ല കൃഷി നാശത്തിന്റെ തോത് വളരെ കുറവാണ് താനും.

2022 ലോകകപ്പ് പ്രൊജക്ടുകള്‍ക്ക് തടസ്സമില്ല

2022 ലോകകപ്പ് പ്രൊജക്ടുകള്‍ക്ക് തടസ്സമില്ല

2022ലെ ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് ഉപരോധം കാരണം യാതൊരുവിധ തടസ്സവുമുണ്ടാവില്ലെന്ന് സര്‍ക്കാരിന്റെ പൊതുമരാമത്ത് സ്ഥാപനമായ അശ്ഗാല്‍ പബ്ലിക് വര്‍ക്‌സ് അതോറിറ്റിയുടെ അസിസ്റ്റന്റ് പ്രസിഡന്റ് അബ്ദുല്ല ഹമദ് അല്‍ അതിയ്യ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 3.5 ബില്യന്‍ ഡോളറിന്റെ കരാറിലാണ് അശ്ഗാല്‍ ഒപ്പുവച്ചിരിക്കുന്നത്. അതില്‍ 1.7 ബില്യന്‍ ഡോളറിന്റെ കരാറും ഉപരോധം നിലവില്‍ വന്നതിനു ശേഷം ഒപ്പിട്ടവയാണെന്നും അദ്ദേഹം പറയുന്നു.
ഈ രീതിയില്‍ തങ്ങള്‍ക്കു വന്നുഭവിച്ച ഒരു പ്രതിസന്ധിയെ വളര്‍ച്ചയ്ക്കുള്ള വലിയൊരു അവസരമായി കാണുകയാണ് ഖത്തരി ഭരണകൂടവും ജനങ്ങളും. ഉപരോധം സാമ്പത്തികമായി ക്ഷീണം ചെയ്യുമെങ്കിലും പരമാധികാരം അടിയറ വച്ചുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും സന്നദ്ധമല്ലെന്നാണ് മേഖലയിലെ പ്രധാന സാമ്പത്തിക ശക്തിയായ ഖത്തറിന്റെ നിലപാട്.

English summary
Gulf rift not hurting its Qatar business
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X