കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂസഫലിക്കുമുണ്ട് യുഎഇ യെ കുറിച്ച് ഒരുപാട് പറയാന്‍!

Google Oneindia Malayalam News

യുഎഇ: 44ാമത് ദേശിയ ദിനാഘോഷത്തിന്റെ നിറവിലാണ് യുഎഇ. സ്വദേശികള്‍ക്ക് പുറമെ ലക്ഷക്കണക്കിന് വരുന്ന വിദേശികളുടെയും ഉത്സവമാണ് യുഎഇ യുടെ ദേശീയദിനാഘോഷം. ജനിച്ച മണ്ണില്‍ നിന്നും പറിച്ചു നടേണ്ടി വന്ന നിരവധി പേര്‍ക്ക് എന്നും അത്താണിയാണ് ഈ രാജ്യം. വിദേശികളെ ഇത്രമാത്രം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മറ്റൊരു ജനതയെ ലോകത്തെവിടെയും കാണാനാവില്ലെന്നാണ് വര്‍ഷങ്ങളായി യുഎഇ ല്‍ കഴിയുന്നവരുടെ അഭിപ്രായം.

ഫുജൈറയിലെ സാമൂഹ്യ പ്രവര്‍ത്തകനായ ത്യശ്ശൂര്‍ തൊയക്കാവ് സ്വദേശി യൂസഫലിക്കുമുണ്ട് സ്വദേശികളെ കുറിച്ചും ഈ രാജ്യത്തെ കുറിച്ചും പറയാന്‍ ഒരുപാട് കാര്യങ്ങള്‍. 26 വര്‍ഷം മുന്‍പ് യുഎഇ ല്‍ എത്തുമ്പോള്‍ തന്റെ ഇനിയുള്ള ജീവിതത്തിന്റെ മുഖ്യ പങ്കും ഈ രാജ്യത്തായിരിക്കുമെന്ന് ഇദ്ദേഹം കരുതിയിരുന്നില്ല. റാസല്‍ഖൈമയിലെ എജുക്കേഷന്‍ വിഭാഗത്തില്‍ 7 വര്‍ഷത്തോളം ജോലി ചെയ്തതിനു ശേഷമാണ് യൂസഫലി സഹോദരങ്ങളായ അബുദുല്‍ റഹ്മാന്റെയും റൗഫിന്റെയും പാത പിന്തുടര്‍ന്ന് ദിബ്ബയില്‍ ടൈപ്പിംങ് സെന്റര്‍ ആരംഭിച്ചത്.

uae

ലേബര്‍, എജുക്കേഷന്‍ വിഭാഗങ്ങളുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി മലയാളികളടക്കമുള്ളവര്‍ ഇദ്ദേഹത്തെയായിരുന്നു ആദ്യം സമീപിച്ചിരുന്നത്. ജോലിയുടെ ഭാഗമായി ആരംഭിച്ച പല സേവനങ്ങളും പിന്നീട് തന്നെ ഒരു സാമൂഹ്യ പ്രവര്‍ത്തകനായി മാറ്റാന്‍ പ്രേരിപ്പിച്ചുവെന്ന് ഇദ്ദേഹം പറയുന്നു. പിന്നീട് ഫുജൈറയില്‍ എമിഗ്രേഷനു സമീപവും സ്വന്തമായി ടൈപ്പിംങ് സ്ഥാപനം ആരംഭിക്കാന്‍ കഴിഞ്ഞു. പലപ്പോഴും നിയമാനുസ്യതമായി ഹാജരാക്കേണ്ട പേപ്പറുകളുടെ അഭാവമാണ് പലരേയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒന്നിലധികം തവണ പോകേണ്ടി വരുന്ന അവസ്ഥയിലേക്ക് നയിക്കുന്നത്. എങ്കിലും നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി വാശി പിടിക്കുന്ന സ്വഭാവം സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കില്ലെന്നും യൂസഫലി പറയുന്നു. മാനുഷിക പരിഗണനയുടെ പേരില്‍ ഒരുപാട് സഹായങ്ങള്‍ പലര്‍ക്കും ഇവര്‍ ചെയ്തു തരുന്നുണ്ട്. എന്നാല്‍ ചിലര്‍ അത്തരം സഹായങ്ങളെ മുതലെടുക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

വിസാ കാലാവധി കഴിഞ്ഞതിനു ശേഷം പുതുക്കല്‍ നടപടികളുമായി പോകുന്നതിനിടയിലാണ് മലപ്പുറം സ്വദേശിയായ കുഞ്ഞാപ്പ തന്റെ പിതാവിന്റെ മരണ വിവരം അറിയുന്നത്. ബാപ്പയുടെ മയ്യിത്ത് (മ്യതശരീരം) അവസാനമായി ഒരുനോക്കു കാണാന്‍ കഴിയില്ലെന്ന് ഓര്‍ത്ത് സങ്കടപ്പെട്ടപ്പോള്‍ വിവരം യൂസഫലി മുഖാന്തരം ഫുജൈറ എമിഗ്രേഷന്‍ മേധാവിയുടെ അടുക്കലെത്തി. രാത്രി വൈകി പ്രവര്‍ത്തന സമയം കഴിഞ്ഞിട്ടും ഓഫീസില്‍ തിരിച്ചെത്തി സ്‌പോണ്‍സറുടെ സാന്നിധ്യത്തില്‍ വിസാ പുതുക്കല്‍ നടപടികള്‍ ചെയ്തു കൊടുത്ത എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ കാരുണ്യം യൂസഫലി ഇന്നും ഓര്‍ക്കുന്നു.

uae1

നാട്ടില്‍ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ എത്ര പ്രയാസമുണ്ട്. എന്നാല്‍ ഇവിടെ ഐ.ജി റാങ്കിലുള്ള ഓഫീസറുടെ മുറിയിലും നേരിട്ടെത്തി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുവാനുള്ള അവസരമുണ്ട്. അതുതന്നെയാണ് ഇവിടത്തെ സര്‍ക്കാര്‍ സംവിധാനങ്ങളെ ജനങ്ങള്‍ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണമെന്നും ഇദ്ദേഹം അനുഭവത്തില്‍ നിന്നും പറയുന്നു.

ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും യൂസഫലി മുന്നിട്ടിറങ്ങാറുണ്ട്. ഗുരുതരമായ രോഗം ബാധിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന പ്രവാസി കുടുബത്തിന് നാട്ടില്‍ കയറിക്കിടക്കാന്‍ ഇടമില്ലെന്നറിഞ്ഞപ്പോള്‍ യൂസഫലിയുടെ മുന്‍കൈയ്യെടുത്ത് ഇന്ത്യന്‍ കോണ്‍സലേറ്റിന്റെയും ഒഐസിസി ഫുജൈറ ഘടകത്തിന്റെയും ആഭിമുഖ്യത്തില്‍ നാട്ടില്‍ വീട് നിര്‍മ്മിച്ചു നല്‍കിയതും യൂസഫലി ഓര്‍ക്കുന്നു. 2010 ല്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ഒഐസിസി അവാര്‍ഡും ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു. സ്വദേശികളോടപ്പം ചേര്‍ന്ന് പോറ്റമ്മയായ നാടിന്റെ ദേശീയ ദിനാഘോഷം ഗംഭീരമായി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഫുജൈറയിലെ വിവിധ സംഘടനകളും വ്യക്തികളും. കരുണവറ്റാത്ത നല്ലവരായ സ്വദേശികളുടെ സഹായം എന്നും നമ്മുടെ കൂടെയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് യുഎഇ ലെ പ്രവാസി സമൂഹം.

English summary
yousuf ali,a lot to say about the UAE !
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X