13 കാരി വിദ്യാര്‍ഥിനി സ്കൂളില്‍ പ്രസവിച്ചു, ഞെട്ടിത്തരിച്ച് സഹപാഠികള്‍!
ഹൈദരാബാദ്: ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി സ്കൂളിലെ വാഷ് റൂമില്‍ പ്രസവിച്ചു. തെലങ്കാനയിലെ മാധാപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. കര്‍ണാടകയ്ക്ക് ബെംഗളൂരു എന്ന പോലെയുള്ള ഐ ടി ഹബ്ബാണ് തെലങ്കാനയ്ക്ക് മാധാപൂര്‍. ഐ ടി ഹബ്ബായ മാധാപൂരില്‍ ഒരുപാട് അന്താരാഷ്ട്ര ഐ ടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
13 കാരിയായ വിദ്യാര്‍ഥിനിക്ക് ക്ലാസില്‍ ഇരിക്കുമ്പോഴാണ് വേദന തുടങ്ങിയത്. വയറുവേദന സഹിക്കാനാകുന്നില്ല എന്ന് കുട്ടി പറഞ്ഞപ്പോള്‍ ടോയ്ലെറ്റിലേക്ക് പോകാന്‍ ക്ലാസെടുത്തുകൊണ്ടിരുന്ന ടീച്ചര്‍ നിര്‍ദേശിക്കുകയായിരുന്നത്രെ. വാഷ് റൂമിലേക്ക് പോയ പെണ്‍കുട്ടി അവിടെ വെച്ച് ഒരു കുട്ടിയെ പ്രസവിക്കുകയായിരുന്നു. സ്കൂള്‍ അധികൃതരാണ് കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചത്.
മകള്‍ ഗര്‍ഭിണിയാണ് എന്ന് തങ്ങള്‍ക്ക് അറിയുമായിരുന്നില്ല എന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയും കുഞ്ഞും ആശുപത്രിയിലാണ്. ഇവരുടെ ആരോഗ്യത്തിന് പ്രശ്നങ്ങളൊന്നുമില്ല എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രക്ഷിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ കൂട്ടുകാര്‍ക്കോ ഒന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന് അറിയുമായിരുന്നില്ലത്രെ.
സ്കൂളില്‍ 20 അധ്യാപകരുണ്ട്. ഇവരില്‍ 13 പേര് സ്ത്രീകളാണ്. പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന കാര്യം ഇവര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ബാഗ് മടിയില്‍ വെച്ചാണ് പെണ്‍കുട്ടി എപ്പോഴും ക്ലാസില്‍ ഇരിക്കാറുള്ളത് എന്നാണ് അധ്യാപികമാര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ഒപ്പം സ്കൂളിലേക്ക് പോയിരുന്ന ദിനേശ് എന്ന ചെറുപ്പക്കാരനെതിരെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.