ജീവപര്യന്ത തടവുകാരെ മോചിപ്പിക്കാന്‍ ധനസമാഹരണം
ദുബായ്: ദുബായ് സെന്‍ട്രല്‍ജയിലില്‍ ജീവപര്യന്ത തടവിനു ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ അവിടുത്തെ ഇന്ത്യന്‍ സമൂഹ ക്ഷേമ സമിതി ശ്രമങ്ങളാരംഭിച്ചു. ചോരയ്ക്കുള്ള പണമായ ദിയ നല്കിയാണ് ജയിലിലുള്ള രണ്ട് ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ സമൂഹം ശ്രമിക്കുന്നതെന്ന് ക്ഷേമ സമിതി കണ്‍വീനര്‍ കെ.കുമാര്‍ പറഞ്ഞു.
ജയിലിലുള്ളവരില്‍ ഒരാള്‍ കൊലക്കുറ്റത്തിനും രണ്ടാമന്‍ ജോലിസ്ഥലത്തുണ്ടായ അപകടത്തതിനുമാണ് ശിക്ഷിക്കപ്പെട്ടത്. കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ട 65കാരനായ ഗംഗാറാം രാജണ്ണ ഗോപാല 15 വര്‍ഷം ജയിലില്‍ ചെലവിട്ടു കഴിഞ്ഞു. ഇയാള്‍ക്ക് 70,000 ദിര്‍ഹം ദിയ നല്കിയാല്‍ പുറത്തുവരാനാകും. 10,000 ദിര്‍ഹം ക്ഷേമ സമിതി നല്കും. ബാക്കി തുക ഇവിടത്തെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നു പിരിച്ചെടുക്കാനാണ് തീരുമാനം.
ജോലിസ്ഥലത്തുണ്ടായ ട്രക്കപകടത്തില്‍ ഇന്ത്യയില്‍ നിന്നു തന്നെയുള്ള സഹജോലിക്കാരന്‍ മരണമടഞ്ഞതിന് ജീവപര്യന്തം ശിക്ഷ ലഭിച്ച 27കാരനായ പ്രഭാകരന്‍ മാധവന്റെ ശിക്ഷാകാലാവധി രണ്ടരമാസമേ ആയിട്ടുള്ളൂ. ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണ്. മാധവന് 1,50,000 ദിര്‍ഹം ദിയ നല്കിയാല്‍ പുറത്തുവരാനാകും.
മാധവന്റെ തൊഴിലുടമ 50,000 ദിര്‍ഹം നല്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഈ തുകയ്ക്ക് കേസ് ഒതുങ്ങിത്തീര്‍ന്നതായി മരിച്ചയാളുടെ ഇന്ത്യയിലുള്ള ബന്ധുക്കളില്‍ നിന്ന് എഴുതി വാങ്ങിക്കാന്‍ ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications