വിദേശമലയാളികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നു
തിരുവനന്തപുരം: വിദേശമലയാളികള്‍ക്കായി കേരള സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ പദ്ധതി നവംബറില്‍ നിലവില്‍ വരുമെന്നറിയുന്നു. ഇതു സംബന്ധിച്ച് പഠിക്കാന്‍ ധനകാര്യ സെക്രട്ടറി വി.എസ്.സെന്തില്‍ അദ്ധ്യക്ഷനായി രൂപീകരിച്ചിരുന്ന സമിതി റിപ്പോര്‍ട്ട് മന്ത്രിസഭയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചു.
ഇന്ത്യയിലാദ്യമായാണ് പ്രവാസികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നത്. 12ലക്ഷം വിദേശമലയാളികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
പ്രാരംഭച്ചെലവിനു സര്‍ക്കാര്‍ വിഹിതമായി 55ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനമായിട്ടുണ്ട്. നോര്‍ക്കയുടേയും പ്രവാസി മലയാളി ക്ഷേമ ഏജന്‍സിയുടെയും സംയുക്തസംരഭമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
വിദേശസേവന കാലാവധിയുടെ അടിസ്ഥാനത്തില്‍ പ്രതിമാസ പെന്‍ഷന് 2000 രൂപയുടെയും 4000 രൂപയുടെയും രണ്ട് സ്ലാബുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് പദ്ധതിക്കു സമാനമായി നടപ്പാക്കുന്ന പരിപാടിയില്‍ വിദേശത്തെ തൊഴില്‍ദാതാവും അവിടെ ജോലി നോക്കുന്ന മലയാളിയും നിശ്ചിത തുക മാസംതോറും നിക്ഷേപിക്കണം. എന്നാല്‍ വിദേശിയായ തൊഴില്‍ദാതാവിനെ പെന്‍ഷന്‍ പദ്ധതിയിലേയ്ക്ക് തുകയടയ്ക്കാന്‍ നിര്‍ബന്ധിക്കാനാവാത്തതിനാല്‍ ആ തുക സര്‍ക്കാര്‍ വിഹിതമാക്കാന്‍ നിര്‍ദ്ദേശമുണ്ട്. പ്രതിമാസ പ്രീമിയത്തിന്‍െറ 15 ശതമാനം വരുന്ന ഈ തുകയെ സംബന്ധിച്ച് മന്ത്രിസഭായോഗം അന്തിമ തീരുമാനമെടുക്കും.
പദ്ധതി അംഗങ്ങള്‍ കാലാവധിയില്‍ പ്രീമിയം തുക അടച്ചുതീര്‍ത്താല്‍ തിരഞ്ഞെടുത്ത സ്ലാബനുസരിച്ച് പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. പ്രീമിയം അടയ്ക്കുന്ന വിദേശമലയാളി മരിച്ചാല്‍ അവകാശിക്ക് പെന്‍ഷന്‍ തുടര്‍ന്നു ലഭിക്കും. പ്രീമിയം തുക അടച്ചുതീര്‍ക്കേണ്ട കാലാവധിക്ക് മുമ്പ് അംഗം മരിച്ചാല്‍ അവകാശിക്ക് അതുവരെ അടച്ച തുകയുടെ പകുതി ആശ്വാസനിധിയായി നല്‍കും. തുടര്‍ന്ന് പെന്‍ഷന്‍ തുകയുടെ പകുതി 15 വര്‍ഷക്കാലത്തേക്ക് എല്ലാമാസവും ലഭിക്കും.












Click it and Unblock the Notifications