സൗദിയില്‍ ഏഴ് മലയാളികളുടെ തല വെട്ടി
കോഴിക്കോട്: കഴിഞ്ഞ ആറു മാസത്തിനിടയില്‍ മലബാറില്‍ നിന്നുള്ള ഏഴു മലയാളികളെ സൗദി അറേബ്യയില്‍ തലവെട്ടിക്കൊന്നു. മയക്കുമരുന്ന് കടത്തിയതിനാണ് സൗദി സര്‍ക്കാര്‍ ഈ ശിക്ഷ നടപ്പാക്കിയത്. മലപ്പുറത്തു നിന്നുള്ള ആറു പേരും പാലക്കാട്ടു നിന്നുള്ള ഒരാളുമാണ് വധശിക്ഷയ്ക്കു വിധേയരായത്.
പ്രവാസി മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ ഗ്ലോറിയ കുമാര്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. പലപ്പോഴും ശിക്ഷ നടപ്പാക്കുന്നത് പാസ്പോര്‍ട്ട് അധികൃതര്‍ പോലും അറിയുന്നില്ലത്രെ. ശിക്ഷ നടപ്പാക്കിയതിനു ശേഷം അവരുടെ പാസ്പോര്‍ട്ട് അയച്ചു കിട്ടുമ്പോഴാണ് അധികൃതര്‍ ഇക്കാര്യം അറിയുന്നത്.
മയക്കുമരുന്നു സംഘം വിസയും മറ്റും വാഗ്ദാനം ചെയ്യുമ്പോള്‍ സാധാരണക്കാര്‍ ഇവരുടെ കെണിയില്‍ വീഴുന്നു. എന്നാല്‍ വിദേശത്ത് വിമാനമിറങ്ങുമ്പോള്‍ തന്നെ പൊലീസ് പിടിയിലാകുന്ന ഇവര്‍ക്ക് എന്തു സംഭവിച്ചു എന്ന് പിന്നീട് കുടുംബാംഗങ്ങള്‍ പോലും അറിയുന്നില്ല. വ്യാജ പാസ്പോര്‍ട്ടും മേല്‍വിലാസവും നല്‍കുന്നതുകൊണ്ടാണിത് - പാസ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.
വിദേശത്ത് ജയിലിലാവുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്താല്‍ എംബസി മുഖേന ബന്ധുക്കളെ വിവരം അറിയിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ശരിയായ വിലാസം ഇല്ലാത്തതും എംബസിയില്‍ പേര് രജിസ്റര്‍ ചെയ്യാത്തതും ഇതിന് തടസ്സമാകുന്നു.
വിശ്വസ്തരില്‍ നിന്നു മാത്രം വിസ സമ്പാദിക്കുക, ജോലി വാഗ്ദാനം ചെയ്യുന്ന സ്ഥാപനത്തിന്റെയും വ്യക്തിയുടെയും നിജസ്ഥിതി ഉറപ്പുവരുത്തുക, വ്യാജ പാസ്പോര്‍ട്ട് വാങ്ങാതിരിക്കുക തുടങ്ങിയ മുന്‍കരുതലിലൂടെയേ ഈ കെണിയില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയുകയുള്ളൂ. വിദേശങ്ങളില്‍ ജോലിക്കെത്തുന്നവര്‍ ഏറ്റവുമടുത്ത കോണ്‍സുലേറ്റിലോ എംബസിയിലോ പേര് രജിസ്റര്‍ ചെയ്യണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications