ഇന്ത്യന്‍ സിനിമകള്‍ക്ക് കുവൈറ്റില്‍ പ്രിയമേറുന്നു
ദുബായ്: ഇന്ത്യന്‍ സിനിമകള്‍ക്ക് കുവൈത്തില്‍ പ്രിയം വര്‍ദ്ധിക്കുന്നു. അറേബ്യന്‍, ഇംഗ്ലീഷ് സിനിമകള്‍ക്ക് കടുത്ത മത്സരമാണ് ഇന്ത്യന്‍ സിനിമകളില്‍ നിന്ന് നേരിടേണ്ടി വരുന്നത്. സ്ത്രീകളാണ് ഇന്ത്യന്‍ സിനിമാ ആരാധകരില്‍ ഭൂരിപക്ഷവും.
അടുത്തകാലത്ത് ഇന്ത്യന്‍ സുന്ദരിമാര്‍ ലോകത്തെ പല സൗന്ദര്യ മത്സരങ്ങളിലും കിരീടം ചൂടിയതാണ് സ്ത്രീ പ്രേക്ഷകര്‍ക്ക് ഇന്ത്യന്‍ സിനിമയോടുള്ള പ്രതിപത്തി വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. യൂറോപ്പിലെ മനോഹരങ്ങളായ ലൊക്കേഷനുകളില്‍ ഏറെ പണം ചെലവഴിച്ച് ചിത്രീകരിക്കുന്ന ഇന്ത്യന്‍ സിനിമകള്‍ ഉന്നത സാങ്കേതിക നിലവാരം പുലര്‍ത്തുന്നതായും ഇവിടെ അഭിപ്രായമുണ്ട്.
ഇന്ത്യന്‍ സിനിമകള്‍ കുവൈറ്റില്‍ വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്ന കാര്യം കുവൈറ്റ് നാഷണല്‍ സിനിമ കമ്പനിയിലെ ഒരുദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഓസ്കാര്‍ അവാര്‍ഡു ദാനച്ചടങ്ങിന്റേതുപോലെയുള്ള തിരക്കാണ് ഇവിടെ ഇന്ത്യന്‍ സിനിമകള്‍ക്ക്. പലപ്പോഴും ആള്‍ക്കാര്‍ക്ക് ടിക്കറ്റ് ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഴ്ചയില്‍ ഒന്ന് എന്ന നിരക്കില്‍ ഒരു വര്‍ഷം 52 ഇന്ത്യന്‍ സിനിമകള്‍ കുവൈറ്റിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു എന്നത് ഇവയുടെ ജനപ്രീതിക്കു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചിലര്‍ ഹിന്ദി സിനിമാഗാനങ്ങള്‍ മനഃപാഠമാക്കുമ്പോള്‍ ചെറുപ്പക്കാരില്‍ ചിലര്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ താല്പര്യം കാണിക്കുന്നുമുണ്ട്.












Click it and Unblock the Notifications