പ്രവാസി സ്ത്രീകള്‍ക്കുള്ള സുരക്ഷാപദ്ധതി തുടങ്ങി
തിരുവനന്തപുരം : കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കായുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് തുടക്കമായി.
വിദേശമലയാളിവകുപ്പ് (നോര്‍ക്ക) പ്രിന്‍സിപ്പല്‍ സെക്രട്ടറി സി.രാമചന്ദ്രനും ന്യു ഇന്ത്യാ അഷ്വറന്‍സ് കമ്പനി റീജിയണല്‍ മാനേജര്‍ പി.എസ്.ബാബുവും ആഗസ്ത് 18 വെള്ളിയാഴ്ച ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
വിദേശത്ത് ജോലി ചെയ്യുന്ന അഞ്ച് ലക്ഷത്തോളം സ്ത്രീകള്‍ക്ക് പദ്ധതി സഹായകമാവുമെന്ന് നോര്‍ക്ക സെക്രട്ടറി അമിതാഭ് കാന്ത് പറഞ്ഞു. വിദേശമലയാളികള്‍ക്കായി നിലവിലുള്ള ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ക്ക് പുറമെയായിരിക്കും ഇത്.
വിദേശത്ത് ജോലി സ്ഥലത്തുണ്ടാകുന്ന പീഡനത്തിനെതിരെ നിയമസഹായം തേടാനും ചികിത്സക്കും ഈ പദ്ധതി വഴി ധനസഹായം നല്‍കും.യാത്രക്കിടയില്‍ ആഭരണം കവര്‍ച്ച ചെയ്യപ്പെട്ടാല്‍ പദ്ധതി വഴി നഷ്ടപരിഹാരം ലഭിക്കുമെന്ന് അമിതാഭ് കാന്ത് അറിയിച്ചു.
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന 18നും 65നും ഇടക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് പദ്ധതിയില്‍ ചേരാം. പ്രതിവര്‍ഷ പ്രീമിയം 810 രൂപയാണ്. പദ്ധതിയില്‍ ചേരാനുള്ള അപേക്ഷാ ഫോമുകള്‍ വിവിധ സ്ഥലങ്ങളിലുള്ള കേരള അസോസിയേഷനുകളില്‍ നിന്നും ലഭിക്കും.നോര്‍ക്കയില്‍ നിന്നും ന്യു ഇന്ത്യാ അഷ്വറന്‍സ് കമ്പനിയില്‍ നിന്നും ഫോമുകള്‍ വാങ്ങാവുന്നതാണ്.












Click it and Unblock the Notifications