ഒരു കോടിയുടെ ദുബായ് ലോട്ടറി മലയാളിക്ക്
ദുബായ് : ഒരു കോടിയുടെ ഭാഗ്യസമ്മാനം മലയാളിക്ക്. ദുബായ് സമ്മര്‍ സര്‍പ്രൈസസ് ജാക്ക്പോട്ട് ഭാഗ്യസമ്മാനമാണ് മലയാളിയായ ഹസന്‍ ഖലീദിനെ തേടി എത്തിയത്. പത്തു ലക്ഷം ദര്‍ഹം അഥവാ ഒരു കോടി രൂപയുടെ ഭാഗ്യമാണ് ദുബായില്‍ ഡെലിവറി ബോയി ആയി ജോലി നോക്കുന്ന ഹസനെ തേടിയെത്തിയത്.
അവിചാരിതമായായിട്ടാരുന്നു ഭാഗ്യത്തിന്റെ വരവ്. ഒരു ജോഡി ഷൂവും നാട്ടിലേയ്ക്കയയ്ക്കാന്‍ കുറേ സാധനങ്ങളും വാങ്ങി ഹസന്‍ തിരികെയിറങ്ങി. ഒപ്പം കൈയ്യില്‍ കിട്ടിയ സമ്മാന കൂപ്പണ്‍ അവിടെ കണ്ട ഒരു പെട്ടിയില്‍ നിക്ഷേപിച്ചു തിരികെ പോരുകയും ചെയ്തു. പിന്നീട് അതേപ്പറ്റി ഹസന്‍ ഓര്‍ക്കുന്നത് തന്നെ സമ്മാന വിവരവുമായി സംഘാടകര്‍ വീട്ടിലെത്തിയപ്പോഴാണ്.
എന്റെ സ്വപ്നങ്ങളില്‍ പോലും ഇങ്ങനെയൊരു ഭാഗ്യം കടന്നു വന്നിട്ടില്ല-ഹസന്‍ സന്തോഷം കൊണ്ടു വീര്‍പ്പു മുട്ടുന്നു. അകലാട്് ഗ്രാമത്തില്‍ നിന്നു ജോലി തേടി ഗള്‍ഫിലെത്തിയ ഹസന് ഏറെ കഷ്ടപ്പെടേണ്ടി വന്നു ജീവിതം തള്ളി നീക്കാന്‍.നാട്ടില്‍ ഭാര്യയും മൂന്നു കുട്ടികളും വാടക വീട്ടിലാണ് താമസം.മുപ്പത്തൊമ്പതുകാരനായ ഹസന്‍ പത്തു വര്‍ഷമായി ഗള്‍ഫില്‍ അലഞ്ഞിട്ടും സ്വന്തമായി ഒരു വീടു കെട്ടാന്‍ ആയില്ല.
ആദ്യമായി ഒരു വീടു കെട്ടണം- ധനം എങ്ങനെ ഉപയോഗിക്കണമെന്നു കണക്കു കൂട്ടുകയാണ് ഈ പുതിയ കോടീശ്വരന്‍. പിന്നെ ദുബായിയില്‍ ഒരു ഇന്ത്യന്‍ റസ്റ്റോറന്റ് തുടങ്ങണം. പാവങ്ങളെ സഹായിക്കണം ഹസന്‍ മനസ്സു തുറക്കുന്നു.
ദാരിദ്യ്രം എന്താണെന്നു നന്നായി മനസ്സിലാക്കിയവനാണു താനെന്ന് ഈ ഭാഗ്യവാന്‍ പറയുന്നു, ഒമ്പതു വയസ് മാത്രം പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു.14 വയസ്സുള്ളപ്പോള്‍ അച്ഛനും. പട്ടിണിയുടെ ദിനങ്ങള്‍ ആയിരുന്നു പിന്നീട്.സ്വന്തമായി ജീവിതം പടുത്തുയര്‍ത്താനുള്ള അധ്വാനം ഇതുവരെയും തുടരുകയായിരുന്നു.
സമ്മാനം കിട്ടിയ രാത്രിയില്‍ തനിക്കുറങ്ങാനേ കഴിഞ്ഞില്ലെന്നു ഹസന്‍ പറയുന്നു. കരയുകയായിരുന്നു ഞാന്‍. രാത്രി തന്നെ ഭാര്യയെയും വീട്ടുകാരെയും വിളിച്ചു പറഞ്ഞു. സന്തോഷം കൊണ്ട് അവര്‍ക്കും ഉറങ്ങാനായില്ല. രണ്ടു പെണ്ണും ഒരാണുമായി മൂന്നു മക്കളാണ് ഹസന്. എല്ലാവരും വിദ്യാര്‍ത്ഥികള്‍. മൂത്ത മകള്‍ ഫസ്ല ഗുരുവായൂരില്‍ കോളേജ് വിദ്യാത്ഥിനിയാണ്. മറ്റുള്ളവരില്‍ ഫൈസല്‍ ഒമ്പതിലും ഫരീദ ഏഴിലും പഠിക്കുന്നു.
ഒരു കോടിയുടെ ഭാഗ്യസമ്മാനവുമായി ജീവിതം പുതിയ വഴിയില്‍ തിരിച്ചു വിടാനുള്ള ഒരുക്കത്തിലാണ് ഹസന്‍.












Click it and Unblock the Notifications