ജസ്റ്റീസ് കെ.സുകുമാരന്‍ പ്രവാസി മലയാളി കൗണ്‍സില്‍ രക്ഷാധികാരി
ചേര്‍ത്തല: പ്രവാസി മലയാളി കൗണ്‍സില്‍ രക്ഷാധികാരിയായി ജസ്റ്റീസ് കെ.സുകുമാരന്‍ ചുമതലയേല്‍ക്കും. കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി ഈ തീരുമാനത്തില്‍ സന്തോഷം രേഖപ്പെടുത്തി.
കൗണ്‍സിലിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍ കൂടിയ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കുന്നതിനായി വിദേശമലയാളി അസോസിയേ.ഷനുകളുമായി കൗണ്‍സില്‍ ചര്‍ച്ച നടത്തും.
പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ തലത്തിലുള്‍പ്പെടെ നിരവധി പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും അവയൊന്നും വേണ്ട രീതിയില്‍ പരിഗണിക്കപ്പെടാത്തതില്‍ കൗണ്‍സില്‍ പ്രതിഷേധം രേഖപ്പെടുത്തി.
പ്രവാസി മലയാളികള്‍ക്ക് ജോലി സംവരണം , പെന്‍ഷന്‍, വാര്‍ധക്യ കാല ചികില്‍സാ ആനുകൂല്യം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
ഇന്‍ഷുറന്‍സ് പാക്കേജില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം വിദേശത്തു മരണമടയുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തിര സഹായമായി അനുവദിക്കുക, എയര്‍പോര്‍ട്ടുകളില്‍ ഈടാക്കുന്ന യൂസേഴ്സ് ഫീ നിര്‍ത്തലാക്കുക,മെയ്മാസത്തിനു മുമ്പുണ്ടായിരുന്ന എയര്‍ ഫെയര്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയടുക്കാന്‍ പ്രവര്‍ത്തിക്കും. ഇതിനായി ഗള്‍ഫിലുള്ള വിവിധ മലയാളി അസോസിയേഷനുകളുമായി ചര്‍ച്ച നടത്തുന്നതിന് കൗണ്‍സില്‍ പ്രസിഡന്റിനെ കമ്മിറ്റിി ചുമതലപ്പെടുത്തി.
കുവൈറ്റ ് യുദ്ധ നഷ്ടപരിഹാരമായി കൂടുതല്‍ തുക അനുവദിച്ച നടപടി കൗണ്‍സില്‍ സ്വാഗതം ചെയ്തു. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കോശി ജോസഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications