ഗള്‍ഫ് മലയാളികള്‍ സമരത്തിലേയ്ക്ക്
അബുദാബി: ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളെ അവഗണിക്കുകയും അവരെ ചൂഷണം ചെയ്യാന്‍ പുതിയ മാര്‍ഗങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നതിനെതിരേ ശക്തമായ സമരം ആരംഭിക്കാന്‍ ഗള്‍ഫിലെ മലയാളി സംഘടനകള്‍ തീരുമാനിച്ചു.
അബുദാബിയില്‍ ചേര്‍ന്ന സംഘടനാ പ്രതിനിധികളുടെ യോഗം സമര പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി. ഗള്‍ഫ് മലയാളികളെ പിഴിയുന്ന യൂസേഴ്സ് ഫീക്കെതിരേ ആഗസ്ത് 24 നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിക്കറ്റിംഗ് നടത്തും.
എയര്‍ ഇന്ത്യ ഈടാക്കുന്ന അമിതമായ വിമാനനിരക്കു കുറയ്ക്കുക, യൂസേഴ്സ് ഫീ നിര്‍ത്തലാക്കുക, പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക തുടങ്ങിയ അടിയന്തിര ആവശ്യങ്ങള്‍ ഉന്നയിച്ചു സമരം തുടരും.ഗള്‍ഫ് മലയാളികള്‍ക്കു പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ നോര്‍ക്കയുടെ മുന്നില്‍ അഞ്ചു പദ്ധതികള്‍ സമര്‍പ്പിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
ഗള്‍ഫ് മലയാളികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു സെപ്റ്റംബര്‍ ആദ്യവാരം സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.യൂസേഴ്സ് ഫീക്കെതിരേയും എയര്‍ ഇന്ത്യക്കെതിരേയും കോടതികളില്‍ ഇപ്പോള്‍ നിലവിലുള്ള കേസുകളില്‍ സംയുക്തസമിതി കക്ഷി ചേരും.
ഗള്‍ഫിലെത്തുന്ന രാഷ്ട്രീയ നേതാക്കളെ ബഹിഷ്കരിക്കണമെന്ന നിര്‍ദ്ദേശം യോഗത്തില്‍ ഉയര്‍ന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനകള്‍ നടത്തുന്ന പരിപാടികള്‍ക്കു പിന്തുണ നല്‍കുവാനും എല്ലാ സംഘടനകളും ചേര്‍ന്നം കൂടുതല്‍ വിപുലമായ സമരപരിപാടികള്‍ക്കു നടപടികളെയുക്കുവാനും തീരുമാനിച്ചതായി സംയുക്തസമിതി ചെയര്‍മാന്‍ വൈ. എ . റഹിം അറിയിച്ചു.
നെടുമ്പാശ്ശേരിയില്‍ നടക്കുന്ന പിക്കറ്റിംഗിലും സെക്രട്ടറിയേറ്റ് മാര്‍ച്ചിലും ഗള്‍ഫ് മലയാളികളുടെ ബന്ധുക്കളേയും പങ്കെടുപ്പിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ എന്‍. പി. മുഹമ്മദലി പറഞ്ഞു. വി.വി. ഫിലിപ്പ്, അന്‍സാര്‍ ചിറയിന്‍കീഴ്, എം. കെ. രവിമേനോന്‍, എ.ബി. സലിം, തോമസ് ജോണ്‍ തുടങ്ങിയവര്‍ പ്രതിഷേധയോഗത്തില്‍പ്രസംഗിച്ചു.












Click it and Unblock the Notifications