അവിദഗ്ധ തൊഴിലാളികളെ യുഎഇ നിരോധിച്ചേക്കും
ദുബായ്: അവിദഗ്ധരും നിരക്ഷരുമായ വിദേശ തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാന്‍ യുഎഇയില്‍ നിയമം വരുന്നു. അവിദഗ്ധ തൊഴിലാളികളെ റിക്രൂട്ടു ചെയ്യുന്നത് ചെലവേറിയ പരിപാടിയാക്കി മാറ്റുന്ന രീതിയിലാണ് പുതിയ നിയമം രൂപം കൊള്ളുക.
പുതുതായി കൊണ്ടുവരാനുദ്ദേശിക്കുന്ന നിയമപ്രകാരം ഒരു അവിദഗ്ധ തൊഴിലാളിയെ റിക്രൂട്ടു ചെയ്യണമെങ്കില്‍ തൊഴിലുടമ 3,000 ദിര്‍ഹത്തിന്റെ(ഏകദേശം 39,000 രൂപ) ബാങ്ക് ഗാരണ്ടി സമര്‍പ്പിക്കേണ്ടിവരും. കമ്പനിയുടെ ലൈസന്‍സ് നഷ്ടപ്പെടുകയോ ശമ്പളം ലഭിക്കാതെ വരികയോ ചെയ്യുമ്പോള്‍ തൊഴിലാളിക്ക് ഈ ഗാരണ്ടിയില്‍ നിന്നും പണം കൈപ്പറ്റാനുള്ള സൗകര്യത്തിനാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നതെന്ന് യുഎഇ തൊഴില്‍ മന്ത്രി ഖാലിദ് അല്‍ ഖസ്റാജി പറഞ്ഞു.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുമ്പോള്‍ തന്നെ അവിദഗ്ധ തൊഴിലാളികളുടെ റിക്രൂട്ട് മെന്റ് ഗണ്യമായി കുറയ്ക്കാനും നിയമം സഹായിച്ചേക്കുമെന്ന് ഖാലിദ് പറഞ്ഞു. റിക്രൂട്ടുമെന്റ് തൊഴിലുടമയെ സംബന്ധിച്ചിടത്തോളം ചെലവേറിയ കാര്യമാകുന്നതുകൊണ്ടാണിത്. രാജ്യത്തു നിന്നു തന്നെ തൊഴിലാളികളെ ലഭിക്കുന്ന മേഖലയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനാണ് തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നത്, മന്ത്രി പറഞ്ഞു. എന്നാല്‍ തൊഴിലാളികളെ യു.എ.യില്‍ നിന്ന് ലഭിക്കാത്ത കമ്പനികളുടെ കാര്യത്തില്‍ നിയമത്തില്‍ ചില ഇളവ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
അവിദഗ്ധ തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ച് വിദഗ്ധരും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവരുമായ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചു രൂപം കൊടുത്തിട്ടുള്ള ലേബര്‍ 2000 റിപ്പോര്‍ട്ട് പ്രകാരമാണ് പുതിയ നിയമനിര്‍മ്മാണം നടക്കുക.
യുഎഇയില്‍ 14 ലക്ഷം വിദേശ തൊഴിലാളികളുണ്ടെന്ന് അടുത്തു നടന്ന ഒരു പഠനം കണ്ടെത്തിയിരുന്നു. ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള അസമത്വം, കൂടിവരുന്ന വിദേശതൊഴിലാളികള്‍, അവിദഗ്ധ തൊഴിലാളികളെ ആശ്രയിക്കല്‍ എന്നീ മൂന്നു പ്രശ്നങ്ങള്‍ കൂടുതല്‍ പഠനത്തിനു വിധേയമാക്കാന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചിരുന്നു.
റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷത്തോടെ യുഎഇയിലെ ഏഷ്യന്‍ തൊഴിലാളികള്‍ 87.1 ശതമാനം വരുന്നുണ്ട്. ഇതില്‍ 53.7 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. 18 ശതമാനം പാകിസ്ഥാനികളും മറ്റുള്ളവര്‍ 15.4 ശതമാനവുമാണ്. അറബികള്‍ ആകെ 10.6 ശതമാനം മാത്രമേ ഉള്ളൂ. അടുത്തിടെ നടന്ന ഐക്യരാഷ്ട്ര സഭാ വികസന പദ്ധതിമനുഷ്യവിഭവശേഷി വികസനത്തിന്റെ കാര്യത്തില്‍ ലോകത്തിലെ 45-ാമത്തെ രാഷ്ട്രമായാണ് യുഎഇയെ കണക്കാക്കിയിട്ടുള്ളത്.
ഈയവസ്ഥയില്‍ തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലി നിരക്ക് നിശ്ചയിക്കുകയും അവിദഗ്ധ തൊഴിലാളികളുടെ റിക്രൂട്ടുമെന്റ് പാടെ ഇല്ലാതാക്കുകയും ചെയ്യാനുദ്ദേശിച്ചു കൊണ്ടാണ് പുതിയ നിയമനിര്‍മ്മാണം നടന്നുവരുന്നത്.












Click it and Unblock the Notifications