ഐ.ടി: പ്രധാനമന്ത്രി വിദേശ ഇന്ത്യാക്കാരുടെ സഹായം തേടി
വാഷിംഗ്ടണ്‍: ഇന്ത്യയില്‍ വിവരസാങ്കേതികമേഖലയുടെ വികസനത്തിന് പ്രധാനമന്ത്രി വാജ്പേയി വിദേശ ഇന്ത്യാക്കാരുടെ സഹായം അഭ്യര്‍ത്ഥിച്ചു. വിദേശ ഇന്ത്യാക്കാര്‍ പ്രത്യേകിച്ചും യു.എസിലുള്ള ഈ രംഗത്തെ സംരംഭകര്‍ ഇന്ത്യയിലെ ഐ. ടി മേഖലയെ ലോകനിലവാരത്തിലെത്തിക്കാന്‍ സഹായിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
സപ്തംബര്‍ 17 ഞായറാഴ്ച യു.എസില്‍ പ്രസിഡന്‍ഷ്യല്‍ ഗസ്റ്റ് ഹൗസില്‍ തന്നെ സന്ദര്‍ശിച്ച ഇന്ത്യന്‍ വ്യവസായ സംരംഭകരോട് സംസാരിക്കുകയായരുന്നു അദ്ദേഹം. ലോകോത്തര സൗകര്യങ്ങളും പരിതസ്ഥിതികളും ഇന്ത്യയില്‍ ഏര്‍പ്പെടുത്തുകയാണ് തന്റെ സ്വപ്നമെന്ന് വാജ്പേയി പറഞ്ഞു. ഇന്ത്യാക്കാര്‍ക്ക് ഇന്ത്യയില്‍ നിന്നു കൊണ്ടു തന്നെ തങ്ങളുടെ മനസ്സിനിണങ്ങിയ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇതുപകരിക്കും.ഇന്ത്യാക്കാര്‍ ജോലിയും സംരംഭസൗകര്യങ്ങളും തേടി വിദേശങ്ങളിലലയുന്ന സ്ഥിതി ഒഴിവാക്കാനാണിത്.
കര്‍ണാടക തലസ്ഥാനമായ ബാംഗ്ലൂരിനെ കിഴക്കിന്റെ സിലിക്കോണ്‍വാലി എന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി ഇന്ത്യയിലെ മറ്റു നഗരങ്ങളിലും ബാംഗ്ലൂരിലേതിനു സമാനമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചു.
ഐ.ടി , ടെലികോം മേഖലകളുടെ വികസനത്തിന് ധാരാളം കാര്യങ്ങള്‍ തന്റെ സര്‍ക്കാര്‍ ചെയ്തിട്ടുള്ളതായി വാജ്പേയി പറഞ്ഞു. ഇന്ത്യയുടെ സര്‍വതോന്മുഖമായ വികാസത്തിന് വിദേശഇന്ത്യാക്കാരുടെ സഹായം ആവശ്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്ന് എന്തു സഹായവും നല്‍കാന്‍ ഒരുക്കമാണ്.
അമേരിക്കന്‍ മനസ്സിലെ ഇന്ത്യയുടെ പ്രതിഛായ മാറ്റിയെടുക്കുന്നതില്‍ വിദേശഇന്ത്യാക്കാരായ ഐ.ടി സംരംഭകരുടെ പങ്ക് വലുതാണ്. മാത്രമല്ല ആയിരക്കണക്കിന് ഇന്ത്യന്‍ യുവാക്കള്‍ക്കും അവര്‍ മാതൃകയാവുകയാണ്- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications