ഒട്ടേറെ പ്രവാസികള്‍ക്ക് വോട്ടവകാശം നഷ്ടപ്പെട്ടേക്കും
കാക്കനാട്: കേരളത്തിനു പുറത്തു കഴിയുന്ന ഒട്ടേറെ പേര്‍ക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നഷ്ടപ്പെടാന്‍ സാധ്യത. തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാത്തവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തുടങ്ങിയതിനെ തുടര്‍ന്നാണിത്.
കാര്‍ഡില്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയാണെങ്കില്‍ കേരളത്തില്‍ നിന്നും ജോലിക്കും മറ്റുമായി വിട്ടു നില്‍ക്കുന്ന അനേകം പേര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ വീട്ടില്‍ ഇല്ലാത്തതു കാരണം ഇവരില്‍ മിക്കവര്‍ക്കും ഇതുവരെ കാര്‍ഡ് ലഭിച്ചിട്ടില്ല.
കാര്‍ഡില്ലാത്തവരെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിന്റെ ആദ്യപടിയായി കാര്‍ഡ് വാങ്ങാത്തവര്‍ക്ക് ഒരിക്കല്‍കൂടി നോട്ടീസ് അയക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന കാര്‍ഡ് വിതരണം പൂര്‍ത്തിയായലുടന്‍ ബാക്കിയുള്ളവര്‍ക്ക് നോട്ടീസ് നല്‍കും. തിരിച്ചറിയല്‍ കാര്‍ഡ് കിട്ടാത്തവരുടെ വീടുകളില്‍ എത്തി ഉദ്യോഗസ്ഥര്‍ നേരിട്ടാനാണ് നോട്ടീസ് നല്‍കുക.
എന്നാല്‍ കാര്‍ഡു വാങ്ങിയില്ലെങ്കില്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടാകില്ലെന്ന കാര്യം നോട്ടീസില്‍ ഉണ്ടാവില്ല. കാര്‍ഡില്ലാത്തവരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള വ്യവസ്ഥകള്‍ പൂര്‍ണമായാല്‍ മാത്രമേ ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടറെ നേരിട്ടറിയിക്കുകയുള്ളൂ.












Click it and Unblock the Notifications