ജോലിസാധ്യതയെപ്പറ്റി പഠിക്കാന്‍ കേരളാസംഘം ഗള്‍ഫില്‍
തിരുവനന്തപുരം: യുഎഇയിലെ ജോലിസാധ്യതയെപ്പറ്റി പഠിക്കാന്‍ കേരളത്തില്‍ നിന്നുള്ള മൂന്നംഗ ഗവേഷക സംഘം യുഎഇയിലെത്തി. സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റഡീസിലെ(സിഡിഎസ്) മൂന്നംഗസംഘമാണ് യുഎഇയിലെത്തിയിരിക്കുന്നത്. അവര്‍ തൊഴിലാളികളുടെ ജീവിതിസാഹചര്യം നേരിട്ട് പഠിക്കാന്‍ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. സംഘം യുഎഇയിലേക്ക് യാത്രതിരിക്കും മുമ്പ് തന്നെ സന്ദര്‍ശിച്ചിരുന്നുവെന്ന് പ്രവാസി മന്ത്രി എം.എം. ഹസ്സന്‍ പറഞ്ഞു. തിരിച്ചെത്തിയാല്‍ യുഎഇയിലെ സാഹചര്യങ്ങള്‍ അറിയിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഹസ്സന്‍ പറഞ്ഞു. ഇവരുടെ പഠനറിപ്പോര്‍ട്ടിനെപ്പറ്റി മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ 16 ലക്ഷം വരുന്ന മലയാളികള്‍ക്കും വിദേശങ്ങളില്‍ തൊഴിലന്വേഷിച്ചുപോകുന്നവര്‍ക്കും ഗുണകരമായ രീതിയില്‍ നയരൂപീകരണം നടത്താന്‍ സര്‍ക്കാരിന് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ വികസനത്തിന് വിദേശമലയാളികളുടെ മൂലധനം എവിടെയൊക്കെ ഫലപ്രദമായി നിക്ഷേപിക്കാമെന്ന് ചര്‍ച്ചചെയ്യാന്‍ വിദേശമലയാളികളുടെ വിപുലമായ യോഗം കേരളത്തില്‍ വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനും ഈ റിപ്പോര്‍ട്ട് വഴികാട്ടിയാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പ്രമുഖ ജനസംഖ്യാശാസ്ത്രജ്ഞന്‍ കെ.സി. സക്കറിയയുടെ നേതൃത്വത്തിലൂള്ള മൂന്നംഗ ഗവേഷകസംഘം അടുത്തയാഴ്ച മടങ്ങിയെത്തുമെന്ന് കരുതുന്നു. യുഎഇയിലെ കുറഞ്ഞുവരുന്ന തൊഴില്‍ സാധ്യതകളെ മറികടക്കാനുള്ള പരിഹാരനിര്‍ദ്ദേശങ്ങളെന്തൊക്കെയെന്ന് പഠിക്കാന്‍ സര്‍ക്കാര്‍ ഗവേഷകസംഘത്തിന് 10 ലക്ഷം രൂപ നല്കുന്നുണ്ട്. യുഎഇയിലെ ലേബര്‍ ക്യാമ്പുകളിലെ മലയാളികളുടെ ജീവിതനിലവാരത്തെപ്പറ്റിയും സംഘം വിശദമായി പഠിക്കും. യുഎഇയില്‍ നിലനില്ക്കുന്ന ഇന്നത്തെ തൊഴില്‍ റിക്രൂട്ട്മെന്റിന്റെ രീതിയെപ്പറ്റിയും സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.












Click it and Unblock the Notifications