പ്രവാസി ക്ഷേമത്തിന് പ്രതിജ്ഞാബദ്ധം: മന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നല്‍കുന്ന പ്രവാസി മലയാളികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രവാസികാര്യ മന്ത്രി എം. എം. ഹസന്‍.
സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പ്രവാസി ക്ഷേമത്തിനായി ഫലപ്രദമായ കര്‍മ്മപരിപാടികള്‍ സര്‍ക്കാര്‍ തലത്തില്‍ ആവിഷ്കരിച്ചു വരുന്നുണ്ടെന്ന് ഹസന്‍ പറഞ്ഞു. പ്രവാസി സംരക്ഷണ സമിതിയുടെ കേരള ഘടകത്തിന്റെ ഉദ്ഘാടനം ജൂലായ് രണ്ട് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആഗസ്തില്‍ നടക്കുന്ന പ്രവാസി സംഗമത്തിലൂടെ ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച ശേഷം മാത്രമേ എന്തെങ്കിലും പദ്ധതികള്‍ പ്രഖ്യാപിക്കാനാവൂ എന്നും മന്ത്രി വ്യക്തമാക്കി.
ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കലാ-സാംസ്കാരിക സംഘടനകളുടെ സംയുക്ത വേദിയാണ് പ്രവാസി സംരക്ഷണ സമിതി. ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളെയും നാട്ട ില്‍ മടങ്ങിയെത്തിയ പ്രവാസികളെയും ഒരു കുടക്കീഴില്‍ അണിനിരത്തി പുനരധിവാസം, പെന്‍ഷന്‍ തുടങ്ങി ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് കേരളഘടകം രൂപീകരിച്ചത്.
സമിതിയുടെ സംസ്ഥാന പ്രസിഡന്റായി വി. ജെ. പൗലോസിനെയും (എറണാകുളം), ജനറല്‍ സെക്രട്ടറിയായി കിഴക്കുംഭാഗം ജവാദ്ഖാനെയും (കൊല്ലം) ട്രഷററായി പഴകുളം ബൈജുവിനെയും (പത്തനംതിട്ട ) തിരഞ്ഞെടുത്തു.












Click it and Unblock the Notifications