പി.മുഹമ്മദലിക്ക് ഡോക്ടറേറ്റ്
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലെ വ്യവസായ പ്രമുഖനായ പി. മുഹമ്മദലിക്ക് ബ്രിട്ടനില്‍ നിന്ന് ഡോക്ടറേറ്റ്. ഒമാനില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് നല്കിയ സംഭാവനകളുടെ പേരിലാണ് ബ്രിട്ടനിലെ ഗ്ലാസ്ഗോ കാലിഡോണിയന്‍ സര്‍വകലാശാല മുഹമ്മദലിക്ക് ഡോക്ടറേറ്റ് നല്കുന്നത്. ഗ്ലാസ്ഗോയില്‍ ജൂലായ് 11 ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ ഡോക്ടറേറ്റ് സമ്മാനിക്കും.
ഒമാനില്‍ ഇന്ത്യന്‍ സ്കൂളിന്റെ സ്ഥാപകാംഗമാണ് മുഹമ്മദാലി. ഈ സ്കൂളിന് രാജ്യാന്തരതലത്തില്‍ മികച്ച സ്കൂളിനുള്ള ബഹുമതി മൂന്നു തവണ ലഭിച്ചിട്ടുണ്ട്. ഒമാനില്‍ ആദ്യമായി എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിച്ച മുഹമ്മദാലി ഇപ്പോള്‍ അവിടെ ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.ഇതിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.
ആകെ 14,000 ജീവനക്കാര്‍ ജോലി ചെയ്യുന്ന ഗള്‍ഫാര്‍ എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് ഗള്‍ഫാര്‍ മുഹമ്മദലി എന്നറിയപ്പെടുന്ന പി. മുഹമ്മദലി. ഒമാനില്‍ പ്രവര്‍ത്തനം തുടങ്ങിയ ഗള്‍ഫാര്‍ എന്ന കമ്പനി പിന്നീട് ബ്രൂണെയ്, യെമന്‍, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിക്കുകയായിരുന്നു.
നാഷണല്‍ ഡ്രില്ലിംഗ് ആന്‍ഡ് സര്‍വീസസ് കമ്പനി, അല്‍ ഫഹാല്‍ കോണ്‍ട്രാക്ടിങ് കമ്പനി എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ കൂടിയായ മുഹമ്മദാലി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാള്‍ കൂടിയാണ് .












Click it and Unblock the Notifications