പ്രവാസി ക്ഷേമ മന്ദിരം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: അഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഗള്‍ഫ് മലയാളികളുടെ ക്ഷേമ സൊസൈറ്റി പണികഴിപ്പിച്ച പ്രവാസി ക്ഷേമ മന്ദിരം മുഖ്യമന്ത്രി എ. കെ. ആന്റണി ഉദ്ഘാടനം ചെയ്തു.
പ്രവാസികളുടെ നിക്ഷേപം സംസ്ഥാനത്തിന് വിലമതിക്കാനാവാത്ത പുരോഗതിയാണ് വരും നാളുകളില്‍ നേടിത്തരാന്‍ പോകുന്നതെന്ന് ആന്റണി പറഞ്ഞു. തങ്ങളുടെ ജന്മദേശത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി നിക്ഷേപം നടത്തുവാന്‍ പ്രവാസികള്‍ മുന്നോട്ടുവരുന്നത് അഭിനന്ദനാര്‍ഹമാണെന്ന് ആന്റണി പറഞ്ഞു.
സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നവര്‍ക്ക് അസൗകര്യങ്ങളുണ്ടാകാതെ നോക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കേരളത്തെ നിക്ഷേപ സൗഹൃദസംസ്ഥാനമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനായി വേണ്ട നിര്‍ദേശങ്ങള്‍ പ്രവാസി മലയാളികളില്‍ നിന്നു കൂടി സ്വീകരിക്കുമെന്നും ആന്റണി വ്യക്തമാക്കി.
ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച നടന്ന ചടങ്ങില്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അധ്യക്ഷനായിരുന്നു. ചിറയിന്‍കീഴിന് സമീപം പെരുങ്ങുഴിയിലാണ് 15 ലക്ഷം രൂപ ചെലവഴിച്ച് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആസ്ഥാന മന്ദിരം പണിതിരിക്കുന്നത്. വിദേശമലയാളികള്‍ക്കായി ഒട്ടേറെ ക്ഷേമ പരിപാടികളും ചിറയിന്‍കീഴിലും പരിസര പ്രദേശത്തും സൊസൈറ്റി നടപ്പാക്കുന്നുണ്ടെന്ന് പ്രസിഡന്റ് രഘുനാഥന്‍ പറഞ്ഞു.
ഗള്‍ഫില്‍ വച്ച് മരണമടയുന്ന അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സഹായമായി നല്‍കിയിരുന്നത് ഒന്നരലക്ഷം രൂപയായി വര്‍ധിപ്പിക്കും. പ്രവാസി മലയാളികള്‍ക്കായി ഗ്രൂപ്പ് ഇന്‍ഷുറന്‍സും പെന്‍ഷന്‍ പദ്ധതിയും സൊസൈറ്റി നടപ്പാക്കാന്‍ പദ്ധതിയുണ്ടെന്ന് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ. എസ്. അബ്ദുള്‍ റഷീദ് അറിയിച്ചു. 35 ലക്ഷം രൂപയുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇതിനകം സൊസൈറ്റി നടത്തിയിട്ടുണ്ട്. അഴൂര്‍ ഗ്രാമപഞ്ചായത്തിലെ 3,000ല്‍ അധികം പേര്‍ വിദേശരാജ്യങ്ങളില്‍ ജോലി നോക്കുന്നുണ്ട്.












Click it and Unblock the Notifications