കുവൈറ്റിലേയ്ക്ക് വ്യാജ വിസ നല്കി വഞ്ചിച്ചു
തിരുവനന്തപുരം : കുവൈറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് റിക്രൂട്ടിംഗ് ഏജന്‍സി കയറ്റിവിട്ടവ 33 പേരില്‍ 23പേര്‍ ജോലി ലഭിക്കാതെ മടങ്ങിയെത്തി. ബാക്കി ഒമ്പതു പേരെ കാണാനില്ലെന്ന് പരാതി.
കൊല്ലം, ചിറയിന്‍കീഴ്, കല്ലമ്പലം എന്നിവിടങ്ങളിലുളളവരാണ് വഞ്ചിക്കപ്പെട്ടത്. ഓരോരുത്തരും ഏജന്റിനു നല്‍കിയത് 70,000 മുതല്‍ 80,000 രൂപ വരെ. കഴിഞ്ഞ ഒക്ടോബറില്‍ മൂന്നു തവണകളായാണ് ഇവരെ കുവൈറ്റിലെത്തിച്ചത്. കുവൈത്തിലെ അല്‍-അബ്റാജ് എന്ന ക്ലീനിംഗ് കമ്പനിയില്‍ ക്ലീനര്‍ ജോലിയാണ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതെന്നും പരാതിക്കാര്‍ പറയുന്നു.
കുവൈറ്റിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലിയോ താമസസൗകര്യമോ കിട്ടാതെ വിഷമിച്ച ഇവരെ ഇന്ത്യന്‍ എംബസിയും ചില മലയാളി സംഘടനകളും ഇടപെട്ട് നാട്ടിലെത്തിക്കുകയായിരുന്നു. പാസ്പോര്‍ട്ട് പ്രശ്നത്തില്‍ കുടുങ്ങി ഒരാള്‍ കുവൈറ്റില്‍ തങ്ങുകയാണ്.
33 പേരില്‍ ഒമ്പതു പേരെ ഏജന്റിന്റെ സഹായി അടര്‍ത്തിയെടുത്തു കൊണ്ടുപോവുകയായിരുന്നത്രേ. ഇവരെപ്പറ്റി ഇതുവരെ യാതൊരറിവുമില്ലെന്ന് മടങ്ങിയെത്തിയവര്‍ പറയുന്നു. ഏജന്റിന്റെ സ്വാധീനത്തിനു വഴങ്ങിയ പൊലീസുകാര്‍ ഇവരുടെ വീടുകളിലെത്തി സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
വിസ വാഗ്ദാനം ചെയ്ത് വന്‍തുക കൈപ്പറ്റിയ ശേഷം തങ്ങളെ വഞ്ചിച്ച ഏജന്റിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രവാസി മന്ത്രിക്കും നിവേദനം നല്‍കുമെന്ന് മടങ്ങിവന്നവര്‍ ഒരുമിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍ ചിറയന്‍കീഴിലെ ഇന്‍ഫാ ട്രാവല്‍ ഏജന്‍സി ഉടമ അബ്ദുള്‍ റഹ്മാന്‍ ഈപരാതി വ്യാജമാണെന്നു പറയുന്നു. ഓരോരുത്തരുടെ കയ്യില്‍ നിന്നും ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കുന്ന 2,000 രൂപ സര്‍വീസ് ചാര്‍ജ്ജ് മാത്രമേ ഈടാക്കിയിട്ടുള്ളൂ എന്നാണ് ട്രാവല്‍ഏജന്‍സിക്കാരുടെ വിശദീകരണം. മാത്രമല്ല, 33 പേര്‍ക്കും സന്ദര്‍ശകവിസയല്ല, തൊഴിലുള്ള വിസതന്നെയാണ് നല്കിയതെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications