മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കുമെന്ന് ഫൊക്കാന
കൊച്ചി : ചാരിറ്റബിള്‍ ആശുപത്രികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന ചെയ്യാനാന്‍ അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാന.
തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ആശുപത്രികള്‍ക്കാണ് ആദ്യഘട്ടമായി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. വിജയിച്ചാല്‍ കൂടുതല്‍ ആശുപത്രികളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് ഫൊക്കാന കോര്‍ഡിനേറ്റര്‍ ടി. എം. രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ ചേര്‍ന്ന ഫൊക്കാന കണ്‍വെന്‍ഷനാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്ന പാവപ്പെട്ടവരെ സഹായിക്കുക ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതി ഫൊക്കാന ആസൂത്രണം ചെയ്തതെന്ന് ടി. എം. രാജന്‍ പറഞ്ഞു.
ഒന്നരക്കോടി രൂപ വിലമതിക്കുന്ന 500 വ്യത്യസ്ത ഉപകരണങ്ങളടങ്ങിയ കണ്ടെയ്നര്‍ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ആശുപത്രികള്‍ക്കായി വിതരണം ചെയ്യും. കഴിഞ്ഞ ഏപ്രില്‍ 29ന് ഇവ അമേരിക്കയില്‍ നിന്നും കയറ്റി അയച്ചിട്ടുണ്ട്. ഈ ആഴ്ച കണ്ടെയ്നറുകള്‍ കൊച്ചിയിലെത്തുമെന്ന് ഫൊക്കാന അധികൃതര്‍ അറിയിച്ചു.
കൊല്ലം ജില്ലാ ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി, ആലപ്പുഴ ജില്ലാ ആശുപത്രി, ഇടുക്കി ജില്ലാ ആശുപത്രി, കല്‍പ്പറ്റ വിവേകാനന്ദാ സ്മാരക ആശുപത്രി എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ആശുപത്രികള്‍.
പദ്ധതി വിജയിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം ഉണ്ടാകണമെന്ന് ടി. എം. രാജന്‍ അഭ്യര്‍ത്ഥിച്ചു. 10-ാം ഫൊക്കാന സമ്മേളനം ജൂലായ് മൂന്നു മുതല്‍ ഏഴു വരെ ചിക്കാഗോയില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications