മുലാദയിലെ ഇന്ത്യന്‍സ്കൂളില്‍ ഉത്സവം
മുലാദ(മസ്കറ്റ്): മസ്കറ്റിലെ മുലാദയിലുള്ള ഇന്ത്യന്‍ സ്കൂളില്‍ ടാലന്റ് സ്കാന്‍ 2002 എന്ന പേരില്‍ വിദ്യാര്‍ത്ഥികളുടെ കലാമത്സരങ്ങള്‍ നടന്നു. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഓപ്പണ്‍ വിഭാഗങ്ങളിലായി ഒമ്പത് ഇനങ്ങളില്‍ നടന്ന മത്സരങ്ങളില്‍ 800 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ലളിതസംഗീതം, ഇംഗ്ലീഷ് ഗാനം, പ്രസംഗം, പദ്യപാരായണം, എക്സ്ടെമ്പോര്‍, ജസ്റ്-എ-മിനിറ്റ്, ഏകാംഗനൃത്തം, മോണോ ആക്ട്, മിമിക്രി എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍.
വ്യക്തിഗത ചാമ്പ്യന്‍ഷിപ്പായ കലാരത്ന സമ്മാനം നേടിയവര്‍: അഖില്‍ രഘുനാഥ്, ആശ ശോശാമ്മ (സബ് ജൂനിയര്‍ വിഭാഗം), ഷുഹൈബ് ഇബ്രാഹിം, വിശാഖ എം. പിള്ള (ജൂനിയര്‍ വിഭാഗം), അജയ് അബ്രഹാം, സമീറാ ഇബ്രാഹിം( സീനിയര്‍ വിഭാഗം), വിജിത് വിജയകുമാര്‍, സിലിയ ബെറില്‍ ഫിലിപ്സ് (ഓപ്പണ്‍ വിഭാഗം).
സമാപനച്ചടങ്ങില്‍ മസ്കറ്റ് ഫാര്‍മസി ജനറല്‍ മാനേജര്‍ ബി.എസ്. മെഹ്ത്ത മുഖ്യാതിഥിയായിരുന്നു. നാളത്തെ വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കാനുള്ള ചുമതല മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുണ്ടെന്ന് മെഹ്ത്ത പറഞ്ഞു. പാരമ്പര്യങ്ങളും മൂല്യങ്ങളും വളര്‍ത്താനും നിലനിര്‍ത്താനും മുതിര്‍ന്നവര്‍ക്ക് ബാധ്യതയുണ്ടെന്നും അത് യുവതലമുറയിലേക്ക് കൈമാറാന്‍ അവര്‍ യത്നിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കലാരത്നങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ മെഹ്ത്ത വിതരണം ചെയ്തു.
എസ്എംസി പ്രസിഡന്റ് ഡോ. മുത്തു കുമാര്‍ രാമസ്വാമി അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ ഡോ. രാജു വര്‍ഗ്ഗീസ്, ട്രഷറര്‍ ഡോ. ഇസ്ഹര്‍ അഹമ്മദ് ബില്‍ഗ്രാമി, ചെയര്‍മാന്‍ കെ.എല്‍. സെബാസ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. കലാ-സാഹിത്യ ഉപസമിതി ചെയര്‍മാന്‍ ടി.ജെ. ജിജിമോന്‍ യോഗത്തെ സ്വാഗതം ചെയ്തു. മുഖ്യാതിഥിക്കായി ഒന്നാം സമ്മാനം നേടിയവര്‍ അവരുടെ കലാപ്രകടനം ആവര്‍ത്തിച്ചു.
നേരത്തെ കലാമത്സരങ്ങളുടെ ഉദ്ഘാടനച്ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അബ്രഹാം മാത്യു അധ്യക്ഷനായിരുന്നു. വ്യക്തിത്വവും ആശയവിനിമയ ശേഷിയും വളര്‍ത്താന്‍ തങ്ങളുടെ മുമ്പിലുള്ള ഈ അവസരം ഉപയോഗിക്കാന്‍ അദ്ദേഹം കുട്ടികളെ ആഹ്വാനം ചെയ്തു. ഭദ്രദീപം കൊളുത്തി ചടങ്ങ് സ്കൂള്‍ കലാ-സാഹിത്യ ഉപസമിതി ചെയര്‍മാന്‍ ടി.ജെ. ജിജിമോന്‍ ഉദ്ഘാടനം ചെയ്തു. സ്നേഹം, ഐക്യം, സമാധാനം എന്ന കലാമത്സരത്തിന്റെ സന്ദേശം അദ്ദേഹം കുട്ടികളോട് വിവരിച്ചു.
സ്കൂള്‍ ഡാന്‍സ് ക്ലബ് അവതരിപ്പിച്ച സംഘനൃത്തത്തോടെ പരിപാടി സമാപിച്ചു.












Click it and Unblock the Notifications