വ്യാജവിവാഹം: ഇന്ത്യക്കാര്‍ക്ക് ലണ്ടനില്‍ തടവ്
ലണ്ടന്‍: ലണ്ടന്‍ നിവാസികളായ 25 ഇന്ത്യാക്കാരെ വ്യാജവിവാഹക്കുറ്റമാരോപിച്ച് ലണ്ടനില്‍ തടവുശിക്ഷക്കു വിധിച്ചു. ലണ്ടനിലെത്താനും താമസമാക്കാനും ഇവര്‍ ബ്രിട്ടീഷ് വംശജരെ വിവാഹം കഴിച്ചുവെന്നാണ് കേസ്. ഇവരില്‍ 14 സ്ത്രീകളും ഉള്‍പ്പെടും.
വിവാഹറാക്കറ്റിലെ മുഖ്യപ്രതികളായ സലീം മുള്ളനേയും ഇബ്രാഹീം ഉമര്‍ജിയേയും അനധികൃതമായി ആളുകളെ ലണ്ടനിലേക്കു കടക്കാന്‍ സഹായിച്ചതിന് നാലു വര്‍ഷത്തേക്കും മറ്റ് 23 പേരെ മൂന്നുവര്‍ഷത്തേക്കുമാണ് തടവിനു ശിക്ഷിച്ചിരിക്കുന്നത്. അനധികൃതമായ പണം കൈവശം വച്ചതിന് സലീമിന്റെ ഭാര്യ ജഹാറയെയും ശിക്ഷിച്ചിട്ടുണ്ട്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ഇവര്‍ 80,000 പൗണ്ട് നിക്ഷേപിച്ചിരുന്നു.
വഞ്ചനാക്കുറ്റം തെളിഞ്ഞതിനാലാണ് ഇവരെ ശിക്ഷിക്കുന്നതെന്ന് കോടതി വിധി വായിക്കവെ ജഡ്ജി സിംസണ്‍ ഹാരോഡ് പറഞ്ഞു. ഇന്ത്യാക്കാരുമായി വിവാഹക്കരാറിലേര്‍പ്പെട്ട ബ്രീട്ടീഷുകാര്‍ പണത്തിനു വേണ്ടിയും ഇന്ത്യാക്കാര്‍ ലണ്ടനില്‍ കടന്നു കൂടാന്‍ വേണ്ടിയുമാണ് വിവാഹം കഴിച്ചത്. തങ്ങളുടെ പ്രവൃത്തികള്‍ നിയമവിരുദ്ധമാണെന്ന് ഇവര്‍ക്ക് അറിയാമായിരുന്നു. ഇത്തരം അനധികൃത വിവാഹങ്ങള്‍ പലതും ലണ്ടനിലും ഇന്ത്യയിലുമായാണ് നടന്നത്. ചില ഇന്ത്യാക്കാര്‍ പണവുമായി സ്വന്തം രാജ്യത്തേക്കു കടക്കുകയും ചെയ്തിട്ടുണ്ടെന്ന് ജഡ്ജി പറഞ്ഞു.
ഇത്തരത്തിലുള്ള 30ളം വിവാഹങ്ങള്‍ ലണ്ടനില്‍ നടന്നതായാണു കണക്ക്.












Click it and Unblock the Notifications