കര്‍ഷക ആത്മഹത്യ ലൈംഗിക ശേഷിക്കുറവു മൂലമോ? വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി
ദില്ലി: രാജ്യത്താകമാനം നടക്കുന്ന കര്‍ഷക ആത്മഹത്യയെ ലഘൂകരിക്കാനായി കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ് രാജ്യ സഭയില്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു. പട്ടിണിയും, കടവും, കൃഷിനാശവും മൂലം രാജ്യത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അവയെയെല്ലാം നിസ്സാരവത്കരിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന.
കൃഷിയുമായി ബന്ധപ്പെട്ടല്ല കുടുംബ പ്രശ്‌നങ്ങളാണ് ഭൂരിപക്ഷം ആത്മഹത്യയ്ക്കും കാരണമെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിന്റെ പ്രധാന കാരണം ലൈംഗിക ശേഷിക്കുറവും പ്രണയ നൈരാശ്യവുമാണെന്ന് മന്ത്രി വ്യക്തമാക്കുന്നു. കൂടാതെ അസുഖങ്ങള്‍, മറ്റു കുടുംബ പ്രശ്‌നങ്ങള്‍, സ്ത്രീധന പ്രശ്‌നങ്ങള്‍, മയക്കുമരുന്നിന്റെയും ഉപയോഗം എന്നിവയും കാരണമാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചെറിയൊരു വിഭാഗം കര്‍ഷകര്‍ മാത്രമേ കടബാധ്യതമൂലം ആത്മഹത്യ ചെയ്യുന്നതുള്ളുയെന്നാണ് മന്ത്രിയുടെ അഭിപ്രായം. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 1400 കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് സംബന്ധിച്ച ചോദ്യത്തിന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളെ ഉദ്ധരിച്ചാണ് മന്ത്രി മറുപടി പറഞ്ഞത്.
മന്ത്രിയുടെ മറുപടി രാജ്യസഭയില്‍ ബഹളത്തിന് ഇടയാക്കി. മന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജനതാദള്‍ (യു) നേതാവ് കെ.സി ത്യാഗി വ്യക്തമാക്കി. വ്യാപം, ലളിത് മോദി വിഷയങ്ങള്‍ ചൂടുപിടിച്ച പാര്‍ലിമെന്റില്‍ ബിജെപിക്കെതിരെ പ്രതിപക്ഷത്തിന് മറ്റൊരു ആയുധം കൂടി ലഭിച്ചിരിക്കുകയാണ്.












Click it and Unblock the Notifications