മുരിങ്ങയ്ക്ക് കിലോഗ്രാമിന് 130 രൂപ
ചെന്നൈ: തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ കനത്ത മഴയും വിളനാശവും പച്ചക്കറികളുടെ വിലഉയര്‍ത്തുന്നു.
പച്ചക്കറികളില്‍ മുരിങ്ങയ്ക്ക, ഉള്ളി തുടങ്ങിയവയുടെ വില കുത്തനെ ഉയര്‍ന്നു. ചില്ലറ വില്പനക്കടകളില്‍ മുരിങ്ങാക്കായയ്ക്ക് 130 രൂപയും വലിയ ഉള്ളിക്ക് 40 രൂപയുമാണ് വില.
തമിഴ്‌നാട്ടിലെയും കര്‍ണാടകം ആന്ധ്ര എന്നിവിടങ്ങളിലെയും വിവിധ ജില്ലകളില്‍ സുലഭമായി വിളയുന്ന മുരിങ്ങയ്ക്കയുടെ ഉത്പാദനം കനത്ത മഴയെത്തുടര്‍ന്ന് പൂര്‍ണമായി നിലച്ചതാണ് വില ഉയരാന്‍ കാരണം.
ഇപ്പോള്‍ ദിനംപ്രതി ഗുജറാത്തില്‍നിന്നാണ് തമിഴ്‌നാട്ടിലേയ്ക്ക് രണ്ടു ലോഡ് മുരിങ്ങാക്കായ കൊണ്ടുവരുന്നത്. അതിനാല്‍ കോയമ്പേടിലെ മൊത്തവ്യാപാര വിപണിയില്‍ത്തന്നെ മുരിങ്ങവില 120 രൂപയായി ഉയര്‍ന്നു. ചില്ലറ വില്പനക്കടകളില്‍ 130 രൂപ മുതല്‍ 135 രൂപവരെയാണ്.
മഹാരാഷ്ട്രയില്‍ കനത്ത മഴ പെയ്തുവരുന്നതിനാല്‍ തമിഴ്‌നാട്ടിലേക്കുള്ള ഉള്ളിവരവ് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ദിനംപ്രതി 60 ലോഡ് ഉള്ളിയാണ് മഹാരാഷ്ട്രയില്‍നിന്ന് ചെന്നൈയിലെ കോയമ്പേട് വിപണിയില്‍ എത്തിക്കൊണ്ടിരുന്നത്.
ഇപ്പോള്‍ 35നും 40നുമിടയില്‍ ലോഡ് ഉള്ളിയാണ് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചവരെ 30 രൂപയ്ക്ക് വില്പന നടത്തിയിരുന്ന ഉള്ളി ഇപ്പോള്‍ 40 രൂപയ്ക്കാണ് വില്‍ക്കുന്നത്.
വെണ്ടക്ക, കാരറ്റ്, ബീറ്റ്‌റൂട്ട്, പയര്‍, ബീന്‍സ് തുടങ്ങിയ പച്ചക്കറികള്‍ക്കും ഒരാഴ്ചയ്ക്കുള്ളില്‍ കിലോയ്ക്ക് പത്തുരൂപയുടെ വര്‍ധനയുണ്ടായിട്ടുണ്ട്.
നീലഗിരി ജില്ലയില്‍ പെയ്യുന്ന കനത്ത മഴയും ഒപ്പമുണ്ടായ മണ്ണിടിച്ചിലും കാരണം കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയുടെ വരവ് നിലച്ചു. കാരറ്റ്, ബീറ്റ്‌റൂട്ട്, ക്വാളിഫഌര്‍ എന്നീ കൃഷിയിനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ഉരുളക്കിഴങ്ങിന് 20 രൂപയില്‍നിന്ന് 30 രൂപയായും ബീന്‍സിന് 28ല്‍നിന്ന് 40 രൂപയായും പയറിന് 28ല്‍നിന്ന് 38 രൂപയായും അവരക്കയുടെ വില 30 രൂപയില്‍നിന്ന് 40 രൂപയായും വര്‍ധിച്ചു.
തമിഴ്‌നാട്ടില്‍നിന്ന് അന്യ സംസ്ഥാനങ്ങളിലേക്ക് തേങ്ങ കയറ്റി അയയ്ക്കുന്നതിനാല്‍ ഒന്‍പത് രൂപയ്ക്ക് വില്പന നടത്തിയിരുന്ന തേങ്ങയുടെ വില 15 രൂപയായി ഉയര്‍ന്നു.












Click it and Unblock the Notifications