മതികെട്ടാന്‍ : കുടിയൊഴിപ്പിക്കല്‍ രണ്ടു ദിവസത്തിനകം
ഇടുക്കി : മതികെട്ടാനിലെ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനുളള നടപടികള്‍ രണ്ടു ദിവസത്തിനകം ആരംഭിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന മതികെട്ടാന്‍ രണ്ടാംഘട്ട തെളിവെടുപ്പിലും കുടിയേറ്റക്കാര്‍ക്ക് വ്യക്തമായ കൈവശ രേഖ ഹാജരാക്കാനായില്ല.
ശാന്തന്‍പാറയിലും ദേവികുളത്തുമായി നടന്ന തെളിവെടുപ്പ് മെയ് 10 വെളളിയാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയായി. ദേവികുളത്താണ് വെളളിയാഴ്ച തെളിവെടുപ്പ് നടന്നത്.
ആകെ 25 പേരാണ് കൈവശ രേഖകളുമായി കമ്മിഷനു മുന്നില്‍ ഹാജരായത്. ഇവരില്‍ ആദിവാസികളാരും ഇല്ലായിരുന്നു. രണ്ടു പേര്‍ തമിഴ്നാട് സ്വദേശികളാണ്. ആരുടെയും കൈകളില്‍ ആധികാരിക രേഖകളൊന്നും ഉണ്ടായിരുന്നില്ല.
കുടിയൊഴിപ്പിക്കലിനെക്കുറിച്ച് വനം, റവന്യൂ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം മൂന്നാറില്‍ നടക്കുകയാണ്. യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും.
മതികെട്ടാന്‍: തെളിവെടുപ്പ് തുടങ്ങി
മെയ് 10, 2002(സമയം 1.30 പി.എം)
ഇടുക്കി: മതികെട്ടാനിലെ ഭൂമി കൈയേറ്റത്തെ കുറിച്ച് അന്വേഷിക്കുന്ന ഉന്നതതല സംഘം മെയ് 10 വെള്ളിയാഴ്ച തെളിവെടുപ്പ് ആരംഭിച്ചു. രണ്ടാമത്തെ തവണയാണ് സംഘം തെളിവെടുപ്പ് നടത്തുന്നത്.
രാവിലെ ഒമ്പത് മണിയ്ക്ക് തുടങ്ങിയ തെളിവെടുപ്പ് ശാന്തന്‍പാറ കമ്യൂണിറ്റി ഹാളില്‍ വെച്ചാണ് നടക്കുന്നത്. ദേവികുളം കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസില്‍ വെച്ചും തെളിവെടുപ്പ് നടത്തും.
അഡീഷണല്‍ ചീഫ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍നായരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ റവന്യൂ സെക്രട്ടറി സാജന്‍ പീറ്റര്‍, വനം സെക്രട്ടറി ഇ. കെ. ഭരത് ഭൂഷണ്‍ എന്നിവരാണ് മറ്റംഗങ്ങള്‍.
ഏപ്രില്‍ 30നാണ് ആദ്യ തെളിവെടുപ്പ് നടന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി പട്ടയമോ കുത്തക പാട്ട രേഖകളോ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


Click it and Unblock the Notifications