ഉരുള്‍പൊട്ടല്‍:നഷ്ടം 150 കോടിയിലേറെ

ഉരുള്‍പൊട്ടല്‍ ഉണ്ടായ കോഴിക്കോട്ടെ പുല്ലൂരാമ്പാറയില്‍ നടന്ന ഉന്നതതല യോഗത്തില്‍ പങ്കെടുത്ത ശേഷം ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും, പരിക്കേറ്റവര്‍ക്കും, മറ്റു നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്കും എല്ലാം ഉള്ള നഷ്ടപരിഹാരം വ്യാഴാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും എന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആണ് പ്രളയ കെടുതില്‍ 150 കോടിയുടെ നഷ്ടം കണക്കാക്കിയിരിക്കുന്നത്. 300 ഹെക്ടറില്‍ ഏറെ കൃഷി നശിച്ചതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഉരുള്‍പ്പൊട്ടലിലും തുടര്‍ന്നുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലുമായി എത്ര നാശനഷ്ടങ്ങളുണ്ടായി എന്ന കൃത്യമായ കണക്ക് എത്രയും പെട്ടെന്ന് കണക്കാക്കാന്‍ മന്ത്രി കലക്ടര്‍ക്ക് നിര്‌ദ്ദേശം നല്‍കിയിട്ടുണ്ട്.
400 ഓളം കര്‍ഷകരെ ഉരുള്‍പൊട്ടല്‍ ബാധിച്ചിട്ടുണ്ട് എന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുള്ളത്. 750 ഏക്കര്‍ കൃഷിഭൂമി ഒലിച്ചു പോയി. കാര്‍ഷിക നഷ്ടം എട്ടു കോടിയും 75 കോടി രൂപയുടെ ഭൂമി നഷ്ടവും ഉണ്ടായി എന്ന കണക്ക്. അതുപോലെ 1,500 തെങ്ങ്, 4,00 കവുങ്ങ്, 7,000 റബര്‍, 3,000 കൊക്കോ, 500 ജാതി, 20,000 വാഴ, 1,000 കുരുമുളക് വള്ളികള്‍ തുടങ്ങിയവ നശിച്ചു എന്നുമാണ് ഇപ്പോള്‍ കണക്കാക്കപ്പെട്ടിരിക്കുന്നത്.
ഉരുള്‍പൊട്ടല്‍ ഉണ്ടായ കോഴിക്കോട്ടെ പുല്ലൂരാമ്പാറ, ആനക്കാംപൊയില്‍, കണ്ണൂരിലെ ഇരിട്ടി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ പല റോഡുകളും പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നിരിക്കുകയാണ്. ഇവയെല്ലാം പൂര്‍വ്വ സ്ഥിതിയിലാക്കിയാലെ ഈ പ്രദേശങ്ങളിലേക്കുള്ള ഗതാഗതം പുനസ്ഥാപിക്കനാവൂ.
പലയിടങ്ങളിലും വൈദ്യുതി പോസ്‌റ്റുകള്‍ തകര്‍ന്നിരിക്കുന്ന അവസ്ഥയിലാണ്. ഇതുമൂലം 15 ലക്ഷം രൂപയുടെ നാഷ്ടമാണ് ഉണ്ടായിട്ടുള്ളത്. തകരാറിലായിരിക്കുന്ന ഗാര്‍ഹിക കണക്ഷനും, ഹൈ ടെന്‍ഷന്‍ കമ്പികളും നാലു ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍വ്വസ്ഥിതിയിലാക്കും എന്നും അടൂര്‍ പ്രകാശ് ഉറപ്പ് നല്‍കി.
അതുപോലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പൂര്‍ണ്ണമായും വീടു നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കും വരെ താമസിക്കാന്‍ തിരുവമ്പാടിയിലെ ഹൗസിങ് ബോര്‍ഡിന്റെ ഭൂമിയില്‍ ക്യാമ്പ് ഷെഡ് നിര്‍മ്മിച്ചു താല്‍കാലിക സൗകര്യം ഒരുക്കികൊടുക്കും എന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
14 വീടുകള്‍ പൂര്‍ണ്ണമായും 38 വീടുകള്‍ ഭാഗികമായും തര്‍ന്നുപോയിട്ടുണ്ട്. 22 കുടുംബങ്ങളിലെ 86 പേര്‍ മഞ്ഞുവയലിലെ യുപി സ്‌കൂളിലും, 38 കുടുംബങ്ങളിലെ 130 പേര്‍ ആനക്കാംപൊയില്‍ പാരിഷ് ഹാളിലും ആണ് ഇപ്പോള്‍ താമസിക്കുന്നത്. ഇവിടെയെല്ലാം മന്ത്രി സന്ദര്‍ശിച്ചു.












Click it and Unblock the Notifications