Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള കര്‍ഷകന്‍ നെല്‍കൃഷി ചെയ്യുമോ?

Paddy
പതിനഞ്ച് വര്‍ഷം മുമ്പ് വരെ കേരളത്തില്‍ കൃഷി എന്നാല്‍ അര്‍ത്ഥം നെല്‍ക്കൃഷി തന്നെയായിരുന്നു. നെല്ലറയായ കുട്ടനാട്ടിലും പാലക്കാട്ടും 'ഇരുപ്പൂ' കൃഷിയാണ് (ആണ്ടില്‍ രണ്ടുതവണ കൃഷി) നിലനിന്നിരുന്നതെങ്കില്‍ കേരളത്തിന്റെ മറ്റിടങ്ങളിലെല്ലാം ആണ്ടില്‍ ഒരു കൃഷി നിര്‍ബന്ധമായും ഉണ്ടായിരുന്നു. ഹരിതവിപ്ലവമുണ്ടാക്കിയ ആവേശത്തില്‍ പാടമൊരുക്കലും ഞാറ് നടീലും ചക്രംചവിട്ടും വളമിടീലും കൊയ്ത്തും മെതിയും അതാത് നാടുകളുടെ ഉത്സവം തന്നെയായിരുന്നു. ആണ്ടിലുണ്ണാന്‍ അമ്പതുപറ നെല്ല് പത്തായത്തില്‍ കിടക്കുന്നത് ഒരാശ്വാസം തന്നെയായിരുന്നു കേരളീയന്. പഞ്ഞക്കര്‍ക്കിടകത്തിലും നാഴി കഞ്ഞിവെള്ളമെങ്കിലും മോന്താനുള്ള നെല്ല് ഏത് പട്ടിണിക്കാരന്റെയും പത്തായത്തിലുണ്ടാകുമായിരുന്നു. നാലുപറ കണ്ടം കയ്യിലുണ്ടെങ്കില്‍ വീട്ടില്‍ പട്ടിണിയുണ്ടാകില്ലെന്ന ഉറപ്പാണ് നെല്ലും മലയാളിയും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ അടിസ്ഥാനം. ഓരോ വീടുകളിലെയും ലോക്കറുകള്‍ തന്നെയായിരുന്നു നെല്ലിട്ടിരുന്ന പത്തായങ്ങള്‍.

വന്‍കിട കര്‍ഷകരേക്കാള്‍ അരയേക്കറും ഒരേക്കറും രണ്ടേക്കറുമുള്ള ചെറുകിട കര്‍ഷകരായിരുന്നു കേരളത്തിലെ നെല്‍കര്‍ഷകരില്‍ 98 ശതമാനവും. കേരളത്തിന്റെ പതിനാല് ജില്ലകളിലും പ്രത്യേകിച്ച് ഹൈറേഞ്ചുകളായ ഇടുക്കിയും വയനാടും ഉള്‍പ്പെടെ നെല്‍ക്കൃഷി സജീവമായിരുന്ന കാലത്തും സാധാരണ കര്‍ഷകന് ദുരിതവും കടവുമൊക്കെയായിരുന്നു മിച്ചം. ജീവിക്കാന്‍ മറ്റ് വഴികളില്ലാത്തതിനാല്‍ കൃഷിക്കിറങ്ങിയിരുന്നുവെന്ന് മാത്രം. കാലാവസ്ഥാ മാറ്റങ്ങളും കൃഷിനാശവും വിളവ് കുറവും വിലക്കുറവും ആദ്യകാലത്ത് പ്രതിസന്ധികളുണ്ടാക്കിയിരുന്നുവെങ്കില്‍ പില്‍ക്കാലത്ത് ഇവയോടൊപ്പം തൊഴില്‍ പ്രശ്‌നങ്ങളും നെല്‍കൃഷിയെ രൂക്ഷമായി ബാധിച്ചു. ഏറ്റവും അവസാനം രാസവളങ്ങളുടെ വിലക്കയറ്റവും തൊഴില്‍ ചെയ്യാന്‍ ആവശ്യത്തിന് ആളെക്കിട്ടാത്തതും കര്‍ഷക കുടുംബങ്ങളില്‍ കൃഷിയുമായി അടുപ്പമുള്ളവരുടെ എണ്ണം കുറഞ്ഞതുമൊക്കെ നെല്‍കൃഷിയുടെ അന്ത്യം കുറിച്ചതിന് കാരണമായി. നെല്ലില്ലാത്ത പാടം കുത്തിപ്പൊക്കി തെങ്ങും കവുങ്ങും വയ്ക്കാന്‍ സി പി എമ്മുകാര്‍ സമ്മതിക്കാത്തതിനാല്‍ പാടം വെറുതെയിടുകയല്ലാതെ കര്‍ഷകന് മറ്റ് മാര്‍ഗമില്ലാതായി.

കര്‍ഷക കുടുംബങ്ങളിലെ മക്കളും മരുമക്കളും മറ്റ് തൊഴില്‍ മേഖലകള്‍ തേടുകയും പ്രവാസജീവിതം തെരഞ്ഞെടുക്കുകയും ചെയ്തതോടെ പരമ്പരാഗത കൃഷിക്കാരന് ജീവിക്കാന്‍ കൃഷി വേണ്ടെന്നായി. പത്തായങ്ങളിലെ നെല്ല് പുഴുങ്ങിയുണക്കി കുത്തി അരിയാക്കി കഞ്ഞിവെക്കാനും ആളെക്കിട്ടാതായി. കടയില്‍ പോയി കാശുകൊടുത്തല്‍ ചാക്കുകണക്കിന് അരി വീട്ടിലെത്തുമെങ്കില്‍ പിന്നെന്തിന് കൃഷിയും പത്തായവും. പാടങ്ങള്‍ പുല്ലും അട്ടയും കയറി ആരും തിരിഞ്ഞുനോക്കാനില്ലാത്ത സ്ഥിതിയായി. പശുവിനെയും എരുമയെയും പോത്തിനെയും വളര്‍ത്തുന്നവര്‍ക്ക് പിന്നീട് പാടങ്ങള്‍ കൊയ്ത്തായി.

നെല്‍ക്കൃഷി സജീവമായ കാലത്ത് സെന്റിന് നൂറുരൂപയായിരുന്നു കേരളത്തിലെ പാടങ്ങളുടെ വില. നെല്‍കൃഷി നിന്ന് പാടം മുള്ളും ചപ്പും നിറഞ്ഞ് കിടന്നപ്പോള്‍ നാട്ടിലെ പ്രമാണിമാരില്‍ ചിലര്‍ക്ക് പാടങ്ങളോട് പൂതിയായി. സെന്റിന് ആയിരവും ആയിരത്തഞ്ഞൂറും രണ്ടായിരവും പറഞ്ഞപ്പോള്‍ കിട്ടിയത് ലാഭമെന്ന് കരുതി ചെറുകിടക്കാരെല്ലാം പത്തുപൈസക്ക് പ്രയോജനമില്ലാതെ കിടക്കുന്ന പാടങ്ങള്‍ വിറ്റൊഴിഞ്ഞു. കാശുകൊടുത്ത് ഏക്കറുകണക്കിന് പാടങ്ങള്‍ വാങ്ങിയവന് കാശുമുടക്കിയാല്‍ എന്തും ചെയ്യാമെന്ന് സ്ഥിതി കേരളത്തിലുണ്ടായപ്പോള്‍ പാടങ്ങളിലേക്ക് ടിപ്പര്‍ ലോറികള്‍ കുന്നിടിച്ച മണ്ണുമായെത്തി.

പണ്ട് കട്ടകുത്തി തെങ്ങുവച്ചപ്പോള്‍ കര്‍ഷകന്റെ കഴുത്ത് വെട്ടാന്‍ വന്ന സഖാക്കള്‍ തന്നെ ടിപ്പര്‍ ലോറികളുടെ കിളികളായപ്പോള്‍ നികത്തല്‍ തടസമില്ലാതെ മുന്നേറി. ഇത്തരം ചെറുകിടക്കാരുടെ കയ്യില്‍ നിന്ന് വമ്പന്‍ സ്രാവുകള്‍ സെന്റിന് ലക്ഷങ്ങള്‍ കൊടുത്ത് അഞ്ഞൂറും ആയിരവും ഏക്കര്‍ നികത്തിയ പാടങ്ങള്‍ വാങ്ങി. അവിടെ ടൗണ്‍ഷിപ്പുകളും ഫഌറ്റുകളും വിമാനത്താവളങ്ങളുമുണ്ടാക്കാന്‍ കമ്പനികളുണ്ടാക്കി. നികത്തലും നിര്‍മ്മാണങ്ങളും നാടിന്റെ വികസനത്തിന് വേണ്ടിയായതിനാല്‍ മാറിമാറി വരുന്ന ഭരണപക്ഷവും പ്രതിപക്ഷവും വേണ്ട ഒത്താശകളെല്ലാം ചെയ്തുകൊടുത്തു.

കേരളത്തില്‍ നെല്‍ക്കൃഷി ഇല്ലാതായതിലും നെല്‍വലുകള്‍ നികത്തുന്നതിലും ഏതെങ്കിലും കര്‍ഷകന് കേരളത്തില്‍ എതിര്‍പ്പുണ്ടോയെന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? കേരളത്തിലെ കര്‍ഷകന് കൃഷി വേണ്ടെങ്കില്‍ പിന്നെയാര്‍ക്കാണ് കൃഷിയും വയലും വേണ്ടത്? മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ബഹുഭൂരിപക്ഷം രാഷ്ട്രീയക്കാര്‍ക്കും വികസനം വേണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ സര്‍ക്കാരിന് നെല്‍ക്കൃഷിയും നെല്‍പ്പാടവും വേണമെന്ന് നിര്‍ബന്ധമില്ല. ചെറുകിട കക്ഷികള്‍ക്ക് നികത്തലും വികസനവും വരുന്നതുകൊണ്ട് വേണ്ടത്ര ഗുണമില്ലാത്തതിനാല്‍ അവരില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ട്. പിന്നെ ശക്തമായ എതിര്‍പ്പ് പരിസ്ഥിതിക്കാര്‍ക്കും ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി വിരുദ്ധരായ ഹരിതരാഷ്ട്രീയക്കാര്‍ക്കുമാണ്.

പരിസ്ഥിതിക്കാരുടെ വാദം നെല്ലില്ലെങ്കിലും വയല് വേണമെന്നാണ്. വയലില്‍ വെറുതെ വെള്ളം കിടന്നാല്‍ തന്നെ മതി, അത് ഭൂമിക്ക് ഗുണമാണെന്നാണ് അവരുടെ വാദം. ഈ വാദം നൂറുശതമാനവും ശരിയുമാണ്. ഹരിതരാഷ്ട്രീയക്കാര്‍ക്ക് ചാണ്ടിയുടെയും കുഞ്ഞാലിയുടെയും വയലുനികത്തിയുള്ള വികസനത്തോട് യോജിപ്പില്ല. അവരും പരിസ്ഥിതിക്കാര്‍ക്കൊപ്പമാണ്. കര്‍ഷകന്‍ കൃഷി നിര്‍ത്തി, ഇനി കൃഷിയിലേക്കില്ലെന്ന് സുല്ലിട്ടിരിക്കുമ്പോള്‍ കേരളത്തില്‍ ആരാണിനി കൃഷി ചെയ്യുക? കേരളത്തിലെ നെല്‍വയലുകള്‍ ഒരു പ്രയോജനവുമില്ലാതെ വയലുകളായി കാലാകാലങ്ങളില്‍ കിടക്കാന്‍ ഏത് കര്‍ഷനാണ് സമ്മതിക്കുക? നെല്ലും വയലും അതേപടി വേണമെന്ന് വാദിക്കുന്നവര്‍ കേരളത്തിലെ കര്‍ഷകനെയും കര്‍ഷകന്റെ ഇന്നത്തെ സ്ഥിതിയെയും കുറിച്ച് ഒന്നുകില്‍ ഒന്നുമറിയില്ല, അല്ലെങ്കില്‍ ഒന്നുമറിയില്ലെന്ന് പറഞ്ഞ് കണ്ണടയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+