Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്ട് നെല്‍പ്പാടങ്ങള്‍ ഉണങ്ങിക്കരിയുന്നു

Parambikulam
പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്ന് കേരളത്തിന് അര്‍ഹതപ്പെട്ട ജലം തമിഴ്‌നാടില്‍ നിന്ന് ലഭിക്കാതായതോടെ ചിറ്റൂര്‍ പുഴ ആയക്കെട്ട് പ്രദേശത്തെ 45,000 ഏക്കറിലെ നെല്‍കൃഷി നശിക്കുന്നു. കേരളത്തില്‍ അരി വില കുതിച്ചുകയറുന്നതിനിടെ പാലക്കാട്ട് കൊയ്യാറായ നെല്‍പ്പാടങ്ങള്‍ ഉണങ്ങിവരളുന്നത് കേരളത്തില്‍ കടുത്ത ഭക്ഷ്യപ്രതിസന്ധിയുണ്ടാക്കുമെന്നാണ് കര്‍ഷകരും കര്‍ഷകസംഘടനകളും പറമ്പിക്കുളം-ആളിയാര്‍ ജല സംരക്ഷണ സമിതിയും പരിസ്ഥിതി സംഘടനകളും ആശങ്കപ്പെടുന്നത്.

പറമ്പിക്കുളം, തുണക്കടവ്, പെരുവാരിപ്പളളം, ആളിയാര്‍ ഡാമുകളില്‍ ഇപ്പോള്‍ 5.750 ടി എം സി ജലം ഉണ്ടെന്നാണ് ഔദേ്യാഗിക കണക്ക്. ഇതില്‍ നിന്ന് ഡിസംബര്‍ 16 മുതല്‍ ജനുവരി 31നുളളില്‍ 750 ദശലക്ഷം ഘനയടി ജലം മാത്രമേ നല്‍കുവാന്‍ കഴിയുകയുളളുവെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. എന്നാല്‍ കേരളത്തിന് കരാര്‍ പ്രകാരം 1250 ദശലക്ഷം ഘനയടി വെള്ളം തമിഴ്‌നാട് തരാനുണ്ട്. തമിഴ്‌നാടിന്റെ ഇപ്പോഴത്തെ നിലപാട് പറമ്പിക്കുളം-ആളിയാര്‍ അന്തര്‍ നദീജലകരാറിന്റെ ലംഘനമാണ്.

പറമ്പിക്കുളം, ഡാമില്‍ നിന്ന് കോണ്ടൂര്‍ കനാല്‍ വഴി തിരുമൂര്‍ത്തി ഡാമിലേക്കും അവിടെ നിന്ന് കൃഷിയിടങ്ങളിലേക്കും വെളളം യഥേഷ്ടം കൊണ്ടുപോവുകയും അതോടൊപ്പം കേരളത്തിന് നല്‍കാന്‍ ജലമില്ലെന്ന് പറയുകയും ചെയ്യുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നാണ് കര്‍ഷകരുടെ വാദം. കേരളത്തിന് നല്‍കുവാനുളള ജലം ഡാമുകളില്‍ സംഭരിച്ച് നിര്‍ത്തേണ്ടത് തമിഴ്‌നാടിന്റെ ബാധ്യതയാണ്. ഇത് ലംഘിക്കുന്നത് നദീജലകരാറിന്റെ ലംഘനമാവും. ഈ കാര്യത്തില്‍ കേരള ഗവണ്‍മെന്റ് നിയമ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.

നിയമസഭയില്‍ ഇക്കാര്യം പാലക്കാട് ജില്ലയിലെ എം എല്‍ എമാര്‍ ഉന്നയിച്ചപ്പോള്‍ വെള്ളം കിട്ടാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ജലവിഭവമന്ത്രി പി ജെ ജോസഫും അറിയിച്ചത്. എന്നാല്‍ കേരളം ഔദ്യോഗികമായി ഇതുവരെ തമിഴ്‌നാടിനോട് കരാര്‍ പ്രകാരം അര്‍ഹതപ്പെട്ട വെള്ളം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ല.

പാലക്കാട്ടെ മിക്ക നെല്‍പ്പാടങ്ങളിലും വെള്ളം കിട്ടാത്തതിനാല്‍ നെല്‍കൃഷി ഉണങ്ങി നശിക്കാന്‍ തുടങ്ങി. കേരളത്തിന് അര്‍ഹതപ്പെട്ട മുഴുവന്‍ ജലവും നേടിയെടുത്തെങ്കില്‍ മാത്രമേ ഈ പ്രദേശത്തെ കൃഷിയെ രക്ഷിക്കാവൂ. അല്ലെങ്കില്‍ 75 ശതമാനം നെല്‍കൃഷിയും പൂര്‍ണമായും ഉണങ്ങി നശിക്കും. അത് വലിയൊരു കാര്‍ഷിക ദുരന്തത്തിന് ഇടയാക്കും. പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ജലം ലഭിക്കാത്തതിനാല്‍ പട്ടാമ്പിവരെയുളള കുടിവെളള വിതരണത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിനു വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പറമ്പിക്കുളം-ആളിയാര്‍ ജല സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

തുലാവര്‍ഷം കുറഞ്ഞതും പറമ്പിക്കുളം-ആളിയാര്‍ ജലം പൂര്‍ണമായും ലഭിക്കാത്തതും മലമ്പുഴ ജലം വ്യവസായങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതും പാലക്കാടിനെ കൊടുംവരള്‍ച്ചയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി കരാര്‍ പ്രകാരമുളള 7.25 ടി എം സി വെളളം ചിറ്റൂര്‍ മേഖലയ്ക്ക് ലഭ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തുന്നതില്‍ പാലക്കാട് ജില്ലയിലെ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. കോണ്ടൂര്‍ കനാലില്‍ നിന്ന് സബ് കനാലുകളിലൂടെ ജലം തിരിച്ചുവിടുന്നതും വെള്ളം അളന്ന് നല്‍കുന്ന മാണക്കടവ് വിയര്‍ മൂലത്തറ ഡാം വരെയുളള ജലമൂറ്റുന്നതും തമിഴ്‌നാട് തുടരുന്നത് പാലക്കാടിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പറമ്പിക്കുളം-ആളിയാര്‍ ജല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നത്.

കേരള ജലസേചന വകുപ്പ് അധികൃതര്‍ തമിഴ്‌നാടിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയും തമിഴ്‌നാട് പറയുന്ന കളളക്കണക്കുകള്‍ അതേപടി അംഗീകരിക്കുകയുമാണ് ചെയ്യുന്നതെന്നാണ് രപ്രതിഷേധമുയര്‍ത്തുന്നവര്‍ പറയുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന വെള്ളം കൊണ്ടുപോകുന്ന തമിഴ്‌നാട് ഇക്കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലാത്ത സ്ഥിതിയില്‍ കൊടുംവരള്‍ച്ചയിലേക്ക് നീങ്ങുന്ന കേരളം അര്‍ഹതപ്പെട്ട വെള്ളം കണക്കുപറഞ്ഞ് വാങ്ങണമെന്നും ഇവര്‍ പറയുന്നു.

സര്‍ക്കാര്‍ നിഷ്‌ക്രിയത്വം ഉപേക്ഷിച്ച് അര്‍ഹമായ ജലം പൂര്‍ണമായും ലഭ്യമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലയില്‍ വന്‍ ജലചൂഷണം നടത്തുന്ന പെപ്‌സി പോലുളള കമ്പനികളുട പ്രവര്‍ത്തനം വേനല്‍ക്കാലത്ത് നിയന്ത്രിക്കണമെന്നും കര്‍ഷകരും കര്‍ഷക സംഘടനകളും പ്രകൃതിസംരക്ഷണ സംഘടനകളും ആവശ്യപ്പെടുന്നു. പാലക്കാടിനെ വരള്‍ച്ചാബാധിത ജില്ലയായി അടിയന്തിരമായി പ്രഖ്യാപിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം എത്തിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+