വയല്‍-തണ്ണീര്‍ത്തട ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചു

കേരളത്തില്‍ നെല്ലുല്‍പ്പാദനം ലാഭകരമല്ലെന്നും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അരി കൊണ്ടുവരുന്നതാണ് കൂടുതല്‍ ലാഭകരമെന്നും അതിനാല്‍ കേരളത്തില്‍ വയലുകള്‍ ഉള്‍പ്പെടെയുള്ളവ കൂടുതല്‍ ഉത്പാദനപരമായി ഉപയോഗിക്കണമെന്നും അര്‍ത്ഥം വരുന്ന അലുവാലിയയുടെ പ്രസ്താവനയ്‌ക്കെതിരെ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പോലും രംഗത്തുവന്നിരുന്നു. കേരളത്തില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിച്ചാണ് അലുവാലിയ വിരുദ്ധ പ്രസ്താവന നടത്തിയത്. ഇതിനിടെ സര്‍ക്കാര്‍ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയത് ശ്രദ്ധേയമാണ്.
ഹരിതവിപ്ലവത്തിന്റെ തുടക്കകാലത്ത് കേരളത്തില്‍ എട്ടുലക്ഷം ഹെക്ടറിലായിരുന്നു നെല്‍കൃഷിയുണ്ടാക്കുന്നത്. ഇത് 2010 ആയപ്പോള്‍ വയല്‍ വെറും 2.35 ലക്ഷം ഹെക്ടറായി കുറഞ്ഞു. ഇപ്പോള്‍ കേരളത്തില്‍ ആറ് ലക്ഷം ടണ്‍ നെല്ലാണ് ഉത്പാദിപ്പിക്കുന്നത്. പ്രതിവര്‍ഷം കേരളീയന് ആവശ്യമായ അരിയുടെ അളവ് 40 ലക്ഷം ടണ്ണാണ്. കേന്ദ്രവിഹിതമായി കിട്ടുന്ന അരി നാമമാത്രമായി തീര്‍ന്നതിനാല്‍ അതാണ്ട് 25 ലക്ഷം ടണ്‍ അരി അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് ഇപ്പോള്‍ കേരളത്തിലേക്കെത്തുന്നത്. ഈ കണക്കുകള്‍ അനുസരിച്ച് കേരളം അരിയുടെ കാര്യത്തില്‍ ഒരുകാലത്തും സ്വയംപര്യാപ്തതിയേക്ക് എത്തില്ലെന്ന് ഉറപ്പാണ്.
എങ്കിലും നെല്‍വയലുകള്‍ ഇല്ലാതാക്കുന്നത് വെറും അരിപ്രശ്‌നം മാത്രമല്ല, പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്ക് വലിയ കോട്ടമുണ്ടാക്കുമെന്നും കേരളത്തിന്റെ ശുദ്ധജലസ്രോതസുകളും ഭൂഗര്‍ഭജലത്തിന്റെ തോതും വന്‍ ഭീഷണിയിലാക്കുമെന്നുമുള്ള പരിസ്ഥിതി സ്‌നേഹികളുടെ വാദം കൂടി കണക്കിലെടുത്താണ് നെല്‍വയല്‍-തണ്ണീര്‍ത്തട ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.
പഞ്ചായത്ത് വാര്‍ഡ് തലത്തില്‍ രൂപപ്പെടുത്തിയ ഡാറ്റാ ബാങ്ക് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലും കൃഷിഭവനുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും ആക്ഷേപങ്ങളും കണക്കിലെടുത്ത് ഡാറ്റാ ബാങ്കില്‍ വേണ്ട തിരുത്തലുകളും നടത്തും. ഡാറ്റാ ബാങ്ക് നിലവില്‍ വന്നതോടെ നെല്‍വയലുകളും തണ്ണീര്‍തടങ്ങളും കൈമാറ്റം ചെയ്യുമ്പോള്‍ അത് കൃഷി ആവശ്യത്തിനാണെന്ന് നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതുണ്ട്. അതായത് നിയമം അനുസരിച്ചാല്‍ ഇനി കേരളത്തില്‍ ഒരിഞ്ച് നെല്‍വയല്‍ പോലും മാഫിയകള്‍ക്ക് നികത്താനാവില്ലെന്ന് വ്യക്തം. എന്നാല്‍ മാഫിയകള്‍ നിയമത്തിന് അതീതരായതിനാല്‍ അവശേഷിക്കുന്ന വയലുകളുടെ കാര്യം എന്തായിത്തീരുമെന്ന് കണ്ടറിയാം.
ഡാറ്റാ ബാങ്കില്‍ പെട്ട ഭൂമി കൃഷി ആവശ്യത്തിനല്ലാതെ ഉപയോഗിക്കാന്‍ ഒരുകാരണവശാലും സമ്മതിക്കില്ലെന്നാണ് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ശേഷം പറഞ്ഞത്. മുന്‍പ് തയ്യാറാക്കിയ ഡാറ്റാ ബാങ്കില്‍ ചില അപാകതകള്‍ കണ്ടതിനാലാണ് ഇത് പ്രസിദ്ധീകരിക്കാന്‍ വൈകിയതെന്നും നെല്‍വയല്‍ സംരക്ഷണത്തിന്റെ കാര്യത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യില്ലെന്നും എമര്‍ജിംഗ് കേരളയില്‍ വന്ന ഒരാളോടുപോലും നെല്‍വയല്‍ നികത്തി വ്യവസായം തുടങ്ങാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications