കർഷകരെ സംരക്ഷിക്കാൻ സര്‍ക്കാര്‍ തയാറുകുന്നില്ല: കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷം, വനംവകുപ്പും കൈവിട്ടു!
റാന്നി: കാട്ടുമൃഗങ്ങളിൽ നിന്ന് കാർഷികവിളകളെ സംരക്ഷിക്കാൻ ടിൻ ഷീറ്റുകളും പഴകിയ തുണിയും പ്ലാസ്റ്റിക്കും മുള്ളുകമ്പിയും കൊണ്ടുള്ള വേലി മാത്രം. കർഷകരെ സഹായിക്കാൻ വനംവകുപ്പോ സർക്കാരോ തയാറാകുന്നില്ലെന്നാണ് മലയോരവാസികളുടെ പരാതി.
മുൻപ് വനാതിർത്തികളിൽ മാത്രമാണ് കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളുടെ ശല്യം നേരിട്ടിരുന്നത്. എന്നാൽ, ഇന്ന് ടൗണുകളിലും നാട്ടിൻപുറങ്ങളിലും കാട്ടുപന്നികൾ കൂട്ടത്തോടെയെത്തുന്നു. അയിരൂർ, ചെറുകോൽ, റാന്നി എന്നീ പഞ്ചായത്തുകളിൽ വനമില്ല. കാട്ടുപന്നികളുടെ വിഹാരം കൂടുതലുള്ളതും ഈ പഞ്ചായത്തുകളിലാണ്. കാടുവിട്ടെത്തുന്ന കാട്ടുപന്നികൾ ഗ്രാമീണ മേഖലകളിലെ ടാപ്പിങ് നടത്താത്ത റബർ തോട്ടങ്ങളിലെ കുറ്റിക്കാടുകളിൽ താവളമാക്കുന്നു. ഇരുളിന്റെ മറവിൽ അവ കൂട്ടത്തോടെ കൃഷിയിടങ്ങളിലെത്തും. നേരം പുലരും മുൻപ് വൻതോതിൽ കൃഷികൾ നശിപ്പിച്ച് കാടു കയറും.
അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ, നാറാണംമൂഴി, പെരുനാട്, വടശേരിക്കര എന്നീ പഞ്ചായത്തുകളിലെ മിക്കയിടങ്ങളിലും കാട്ടുപന്നികൾ വിഹരിക്കുകയാണ്. കപ്പ, ഏത്തവാഴ, ചേന, ചേമ്പ്, കാച്ചിൽ എന്നിവയെല്ലാം അവ നശിപ്പിക്കുന്നു. റബർ തോട്ടങ്ങളിൽ പുലർച്ചെയെത്തി ടാപ്പിങ് നടത്താൻ തൊഴിലാളികൾക്കു ഭയമാണ്. ഏതുസമയവും കാട്ടുപന്നികളുടെ ആക്രമണമുണ്ടാകാം. ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുത്താണ് കർഷകർ കൃഷി ചെയ്യുന്നത്. വിളവെടുപ്പിനു ശേഷം വായ്പ തിരികെ അടയ്ക്കാമെന്ന പ്രതീക്ഷയാണവർക്ക്. ഇതു പലപ്പോഴും നടക്കുന്നില്ല. കടം കയറി കർഷകർ വലയുന്നു.
പണ്ട് പഴകിയ വസ്ത്രങ്ങൾ ഉപയോഗിച്ച് വേലി നിർമിച്ചാൽ കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ കടക്കുമായിരുന്നില്ല. കർഷകന്റെ കുരുട്ടുബുദ്ധി മൃഗങ്ങൾക്കും മനസ്സിലായി. വേലി തകർത്ത് അവ കൃഷിയിടത്തിലെത്തിയപ്പോൾ മുള്ളുകമ്പി ഉപയോഗിച്ച് വേലികൾ പണിതെങ്കിലും കമ്പി തുരുമ്പിക്കുമ്പോൾ അതു തകർത്ത് കൃഷി നശിപ്പിക്കും. ടിൻ ഷീറ്റുകൾ നാട്ടി വേലി നിർമിച്ചിട്ടും രക്ഷയില്ല.

വനാതിർത്തികളിൽ ചിലയിടങ്ങളിൽ വനം വകുപ്പ് സൗരോർജ വേലി പണിതിരുന്നു. മരങ്ങൾ വീണ് വേലി തുടരെ തകരുന്നതിനാൽ അതും പ്രയോജനപ്പെടുന്നില്ല. വനാതിർത്തികളിൽ കിടങ്ങ് നിർമിച്ചാൽ കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളിലെത്തുന്നതു തടയാം. തൊഴിലുറപ്പു പദ്ധതിയിൽപെടുത്തി കിടങ്ങുകൾ നിർമിക്കുന്നതിനെപ്പറ്റി സർക്കാരും വനംവകുപ്പും ആലോചിക്കണം. മുൻപ് ഇത്തരത്തിൽ തീരുമാനമെടുത്തിരുന്നെങ്കിലും പ്രവൃത്തിയിലെത്തിയില്ല.












Click it and Unblock the Notifications