സർക്കാർ സഹായങ്ങൾ കർഷകരിൽ എത്തുന്നുവെന്ന് ഉറപ്പുവരുത്തണം: അൽഫോൺസ് കണ്ണന്താനം
പത്തനംതിട്ട: കാർഷിക മേഖലയുടെ പുരോഗതിക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന സഹായ പദ്ധതികൾ കർഷകരിൽ എത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. പത്തനംതിട്ട തെള്ളിയൂരിലെ കാർഡ് കൃഷി വിജ്ഞാന കേന്ദ്രം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രമന്ത്രിമാർ രാജ്യത്തെ വിവിധ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് കാർഡ് കൃഷി വിജ്ഞാന കേന്ദ്രത്തിൽ സന്ദർശനത്തിന് എത്തിയതെന്ന് മന്ത്രി പറഞ്ഞു.
കർഷകർക്ക് വളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിതരണത്തിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കും. കർഷകരുമായി നേരിട്ട് നടത്തിയ മുഖാമുഖത്തിലൂടെ ജില്ലയിലെ കാർഷിക പ്രശ്‌നങ്ങൾ സംബന്ധിച്ച് ധാരണ ലഭിച്ചു. ജില്ലിയിലെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കൃഷി വിജ്ഞാന കേന്ദ്രത്തിൽ കർഷകർക്ക് എത്തിച്ചേരുന്നതിന് കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട് വാഹനസൗകര്യം ഏർപ്പെടുത്തണമെന്ന് മന്ത്രി ജില്ലാ കളക്ടറോട് നിർദേശിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ജില്ലാ കളക്ടർ പി.ബി. നൂഹ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമലാ മാത്യൂസ്, വൈസ് പ്രസിഡന്റ് അക്കാമ്മ ജോൺസൺ, ഗ്രാമപഞ്ചായത്തംഗം അജയകുമാർ വല്യൂഴത്തിൽ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട, കാർഡ് ഡയറക്ടർ റവ. ഏബ്രഹാം പി. വർക്കി, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.വി.ശ്രീനിവാസ റെഡ്ഡി, കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.സി.പി. റോബർട്ട്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷൈല ജോസഫ്, ആത്മ പ്രോജക്ട് ഡയറക്ടർ ഷൈനി ഇസ്രയേൽ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ അംബികാദേവി, നാളീകേര വികസന ബോർഡ് അംഗം വി.ആർ. മുരളീധരൻ, നബാർഡ് ജില്ലാ മാനേജർ ആർ. രഘുനാഥൻ പിള്ള, ഫാർമേഴ്‌സ് സൊസൈറ്റി ജില്ലാ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, രാജു പുളിമൂട്, റവ. വിനോദ് ഈശോ, ജോസി കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.












Click it and Unblock the Notifications