പ്രളയത്തില്‍ തകര്‍ന്ന വയനാടിന്റെ കാര്‍ഷിക മേഖലയെ തിരിച്ചുപിടിക്കാന്‍ 'പുനര്‍ജനി പദ്ധതി' നടപ്പിലാക്കുന്നു
കല്‍പ്പറ്റ: പ്രളയത്തില്‍ തകര്‍ന്ന വയനാടിന്റെ കാര്‍ഷിക മേഖലയെ വീണ്ടെടുക്കാന്‍ കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പ് പുനര്‍ജനി പദ്ധതി നടപ്പിലാക്കുന്നു. ഇതിനകം തന്നെ നിരവധി പദ്ധതികള്‍ കാര്‍ഷികമേഖലയുടെ വീണ്ടെടുപ്പിനായി ജില്ലയില്‍ നടത്തിയിരുന്നു. 1000 ഹെക്റ്റര്‍ നെല്‍വയലുകളിലേക്ക് 85 ടണ്ണോളം വിത്തുകള്‍ ഇതിനകം തന്നെ കൃഷിവകുപ്പ് മുഖേന വിതരണം ചെയ്തിരുന്നു. കൂടാതെ വാഴകൃഷി നശിച്ച കര്‍ഷകര്‍ക്ക് ഒമ്പതു ലക്ഷത്തോളം കന്നുകളുടെ വിതരണവും ജില്ലയില്‍ നടന്നുവരുന്നു.
മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളില്‍ ഇതിനകം തന്നെ വാഴക്കന്ന് വിതരണം പൂര്‍ത്തിയായി കഴിഞ്ഞു. പനമരം, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഡിസംബര്‍ അവസാനത്തോടെ വിതരണം പൂര്‍ത്തിയാക്കും. പ്രളയം കവര്‍ന്ന പച്ചക്കറികള്‍ക്കു പകരം 27 ലക്ഷം പച്ചക്കറിത്തൈകളാണ് ജില്ലയില്‍ വിതരണം ചെയ്യാനിരിക്കുന്നത്. പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12ഉം വയനാട് പാക്കേജിലൂടെ 15ഉം ലക്ഷം തൈകളാണ് കര്‍ഷകര്‍ക്കായി നല്‍കാനിരിക്കുന്നത്.

വിള ഇന്‍ഷുറന്‍സ് പദ്ധതിയിലുള്‍പ്പെടുത്തി 250 ലക്ഷത്തോളം രൂപ കര്‍ഷകര്‍ക്കു ഇതിനകം തന്നെ വിതരണം ചെയ്തു. ഇതിനെല്ലാം പുറമെയാണ് പുനര്‍ജനി പദ്ധതി വയനാട്ടില്‍ നടപ്പിലാക്കുന്നത്. പ്രളയത്തില്‍ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ നേരിട്ടത് ജില്ലയിലെ കാര്‍ഷികമേഖലയായിരുന്നു. ഹെക്ടര്‍ കണക്കിന് വാഴ, ഇഞ്ചി, കപ്പ, പച്ചക്കറി കൃഷികള്‍ വെള്ളത്തിനടിയിലായി നശിച്ചു. ആയിരക്കണക്കിന് കര്‍ഷകര്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലായി.
ഇതിനെയെല്ലാം മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുനര്‍ജനി പദ്ധതി നടപ്പിലാക്കുന്നത്. പ്രളയശേഷം കാര്‍ഷിക മേഖലയ്ക്കുണ്ടായ ഗുരുതരമായ പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രളയാനന്തരം മണ്ണിനും വിളകള്‍ക്കും സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് കാര്‍ഷിക സര്‍വകലാശാല ശാസ്ത്രീയ പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പുനര്‍ജനി പദ്ധതിയിലൂടെ നടത്തുക. ഇത്തവണത്തെ കനത്ത കാലവര്‍ഷത്തില്‍ 1,008 കോടി രൂപയുടെ നഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കിയത്. പാടശേഖര സമിതികള്‍ക്കും അഗ്രോ സര്‍വീസ് സെന്ററുകള്‍ക്കും കൃഷി ഓഫിസുകള്‍ക്കു പോലും നാശം നേരിട്ടു. സര്‍ക്കാര്‍ സംവിധാനങ്ങളും ത്രിതല പഞ്ചായത്തുകളും കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിച്ചുവരികയാണ്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനമരം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ നിര്‍വഹിച്ചു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്ന് നസീമ വ്യക്തമാക്കി. നെല്‍കൃഷിക്ക് മൂന്നു കോടിയും ക്ഷീരമേഖലയ്ക്ക് രണ്ടുകോടിയും ജില്ലാ പഞ്ചായത്ത് ഇത്തവണ വകയിരുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കി പുനര്‍കൃഷി ചെയ്ത നീര്‍വാരം കല്ലുവയല്‍ പാടശേഖരസമിതിക്കുള്ള ധനസഹായ വിതരണം കെ ബി നസീമ നിര്‍വഹിച്ചു. യോഗത്തില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല, കൃഷിവകുപ്പ്, തദ്ദേശസ്വയം'രണ വകുപ്പ്, മണ്ണുസംരക്ഷണ വകുപ്പ്, എം.ജി.എന്‍.ആര്‍.ഇ.ജി.എ എന്നിവ സംയുക്തമായാണ് സംസ്ഥാനമൊട്ടാകെ പഞ്ചായത്ത് തലത്തില്‍ പുനര്‍ജനി മാതൃകാ വിളപരിപാലന രീതി നടപ്പാക്കുന്നത്.












Click it and Unblock the Notifications