സമരാഗ്നി അണയ്ക്കാന്‍ ഇനി ജല പീരങ്കി ഇല്ല; വരുണിന് വേനലവധി
വരള്‍ച്ച രൂക്ഷമായതോടെ സമര മുഖത്ത് നിന്നും ജലപീരങ്കികള്‍ താല്‍കാലികമായി പിന്‍വലിച്ചു. ജില്ലാ പോലീസ് മേധാവി പ്രദീഷ് കുമാറിന്റേതാണ് നിര്‍ദേശം.
പാലക്കാട്: സമര മുഖങ്ങളില്‍ ജ്വലിക്കുന്ന ആവേശം തണുപ്പിക്കാന്‍ ഇനി ജല പീരങ്കികള്‍ ഉണ്ടാകില്ല. സമരാവേശത്തിനു മുന്നിലല്ല കത്തിക്കാളുന്ന വേനലിന് മുന്നിലാണ് പാലക്കാട് ജില്ലാ പോലീസ് സേന തോറ്റത്. ജലക്ഷാമ കടുത്തതോടെയാണ് ജല പീരങ്കിയെ പിന്‍വലിക്കാന്‍ ജില്ലാ പോലീസ് മേധാവി പ്രദീഷ് കുമാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് പൂര്‍ണമായ പിന്‍വാങ്ങലല്ല. വരള്‍ച്ച മൂലമുള്ള ഒരു താല്‍ക്കാലിക പിന്‍വാങ്ങല്‍ മാത്രമാണ്.

പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഉപയോഗിക്കുന്ന ജലപീരങ്കിയാണ് ഇപ്പോള്‍ താല്‍ക്കാലികമായി പിന്‍വലിക്കുന്ന വരുണ്‍. 12000 ലിറ്റര്‍ സംഭരണ ശേഷിയുള്ള വരുണില്‍ നിറമുള്ള വെള്ളം നിറയ്ക്കാനായി 500 ലിറ്റര്‍ ശേഷിയുള്ള രണ്ട് ടാങ്കുകളുമുണ്ട്. കുടിവെള്ളത്തിന് പോലും ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ ജലം പാഴാക്കി കളയുന്നത് ഗുണകരമല്ലെന്നാണ് കണക്കാക്കുന്നത്. ഒരു തവണ ഉപയോഗിക്കുമ്പോള്‍ 13000 ലിറ്റര്‍ വെളളം പാഴാകുന്നുണ്ട്. ഒരു കുടുംബം ശരാശരി 500 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതായി കണക്കാക്കിയാല്‍ 26 കുടുംബത്തിന് ഒരു ദിവസം ഉപയോഗിക്കുന്ന വെള്ളമാണ് പാഴാക്കിക്കളയുന്നത്.
പാലാക്കാട് ജില്ലയില്‍ ജല പീരങ്കിക്ക് മാത്രമല്ല നിയന്ത്രണമുള്ളത് കൃഷിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം വിള ഇറക്കരുതെന്ന് കളക്ടര്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളം ഉപയോഗിക്കുന്ന മറ്റ് വ്യവസായങ്ങള്‍ക്കും നിയന്ത്രണം നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, പ്രതിദിനം ശുദ്ധീകരിച്ച അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളം മല്യയുടെ മദ്യക്കമ്പിനിക്ക് നല്‍കുന്ന ജല അതോറിറ്റിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.












Click it and Unblock the Notifications