ആന്ത്രോപിക്കിന്റെ ക്ലോഡ് ഫാബിൾ 5 എന്ന എഐ മോഡൽ 87 വർഷമായി പരിഹരിക്കപ്പെടാതെ കിടന്നിരുന്ന ഒരു ഗണിതപ്രശ്‌നത്തിന് പുതിയ വഴിത്തിരിവ് സൃഷ്‌ടിച്ചുവെന്ന് റിപ്പോർട്ടുകൾ. ആന്ത്രോപിക്കിലെ നമ്പർ തിയറിസ്‌റ്റും മുൻ ഹാർവാർഡ് ഗവേഷകനുമായ ലെവന്റ് ആൽപോഗെ ഈ കണ്ടെത്തൽ എക്‌സിൽ പങ്കുവെച്ചിരുന്നു.
1939 മുതൽ പരിഹരിക്കപ്പെടാതെ കിടന്നിരുന്ന ജേക്കബിയൻ കോൺജെക്ച്ചർ എന്ന ഗണിത സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കാൻ ഗണിതശാസ്ത്രജ്ഞർ പതിറ്റാണ്ടുകളായി ശ്രമിച്ചുവരികയായിരുന്നു. എന്നാൽ ക്ലോഡ് ഫാബിൾ 5 , വെറും 216 അക്ഷരങ്ങളുള്ള ഒരു കൗണ്ടർ എക്‌സാംപിൾ കണ്ടെത്തി, ഈ സിദ്ധാന്തം ശരിയല്ലെന്ന് തെളിയിച്ചുവെന്നാണ് അവകാശപ്പെടുന്നത്. ഒരു സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാൻ അതിന് വിരുദ്ധമായ ഒരു ഉദാഹരണം മാത്രം മതിയാകും.
ഈ പ്രശ്‌നംത്തിന്റെ ആശയം ലളിതമായി പറഞ്ഞാൽ, ചില പ്രത്യേക തരത്തിലുള്ള പോളിനോമിയൽ സമവാക്യങ്ങൾഎപ്പോഴും പഴയ രൂപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമോ എന്നതാണ് പരിശോധിക്കുന്നത്. ഉദാഹരണത്തിന്, ഒരു മാജിക് മിക്‌സർ ഉണ്ടെന്ന് കരുതുക. അതിൽ ആപ്പിളും വാഴപ്പഴവും ഇട്ടാൽ, അത് ഒരു പ്രത്യേക ജ്യൂസ് ഉണ്ടാക്കും. ആ ജ്യൂസിൽ നിന്ന് വീണ്ടും അതേ ആപ്പിളും വാഴപ്പഴവും കൃത്യമായി വേർതിരിച്ചെടുക്കാനാകുമോ എന്നതാണ് ഈ സിദ്ധാന്തം ചോദിക്കുന്നത്. പോളിനോമിയൽ സമവാക്യങ്ങളിൽ കൂട്ടൽ, കുറയ്ക്കൽ, ഗുണനം എന്നിവ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഹരണം അനുവദനീയമല്ല. അതിനാൽ പഴയ രൂപത്തിലേക്ക് തിരിച്ചെത്തുക എപ്പോഴും സാധ്യമാണോ എന്നതാണ് വർഷങ്ങളായി ഗണിതശാസ്ത്രജ്ഞരെ അലട്ടിയ ചോദ്യം. എന്നാൽ ഈ സിദ്ധാന്തത്തിന് വിരുദ്ധമായ ഒരു ഉദാഹരണം എഐ കണ്ടെത്തിയെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പറയുന്നത്. ഇത് ശരിവെക്കപ്പെടുകയാണെങ്കിൽ, 87 വർഷമായി ശരിയാണെന്ന് കരുതിയിരുന്ന ഒരു ഗണിത സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കുന്ന ചരിത്രപരമായ കണ്ടെത്തലായിരിക്കും. മാത്രമല്ല ഗണിതശാസ്ത്ര മേഖലയിൽ എഐയുടെ ഉപയോഗത്തെ കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങൾക്കും ഇതിന് വഴിമരുന്നിടും. ഇത്രയൊക്കെ ആണെങ്കിലും ഈ കണ്ടെത്തൽ ഇപ്പോൾ സ്വതന്ത്ര ഗണിതശാസ്ത്രജ്ഞരുടെ വിശദമായ പരിശോധനയ്ക്കും പിയർ റിവ്യൂവിനും വിധേയമാകേണ്ടതുണ്ട്. അതിനുശേഷമേ ഇത് ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയുള്ളു. ഇനി ഒരുപക്ഷേ അത് ശരിയെന്ന് വിധിച്ചാൽ എഐ കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം തന്നെയാവും അത്. ആഗോള തലത്തിൽ തന്നെ ഒട്ടുമിക്ക എല്ലാ മേഖലകളിലും എഐ കൃത്യമായ ചുവടുറപ്പിക്കുന്ന സമയം കൂടിയാണിത്. ശാസ്ത്ര മേഖലകളിൽ എഐയുടെ സ്വാധീനം വർധിപ്പിക്കാനും ഉപയോഗം പ്രോത്സാഹിപ്പിക്കാനും ഇത്തരം സംഭവങ്ങൾ സഹായിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ ഈ അവകാശവാദം ശരിയെന്ന് ഗവേഷകർ തെളിയിച്ചാൽ മാത്രമേ ക്ലോഡ് എഐയുടെ ശ്രമം വിജയമാവൂ.