ജ്യോതിഷത്തിൽ 'ഗുരു' എന്നത് വ്യാഴത്തെയാണ് അർത്ഥമാക്കുന്നത്. 'ഗോചരം' എന്നാൽ ഗ്രഹങ്ങൾ രാശിചക്രത്തിലൂടെ സഞ്ചരിക്കുന്ന പ്രക്രിയയാണ്. വ്യാഴം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോൾ, ജ്യോതിഷികൾ അതിന്റെ ശക്തിയും സ്വാധീനവും പഠിക്കുക പതിവാണ്. സാമ്പത്തികം, തൊഴിൽ, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ മേഖലകളിലെ മാറ്റങ്ങൾ അവർ വിലയിരുത്തും. അതിൽ നിന്നാണ് കാത്തിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് അവർ അറിയുന്നത്.
വ്യാഴം സാധാരണയായി വളർച്ചയെയും വിജ്ഞാനത്തെയും സൂചിപ്പിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിന്റെ പ്രധാന ഭാവങ്ങളിലൂടെയുള്ള നീക്കം സമ്പാദ്യങ്ങളെയും വരുമാനത്തെയും കാര്യമായി പിന്തുണച്ചേക്കാം. ചിലർക്ക് പുതിയ തൊഴിലവസരങ്ങൾ, നേതൃത്വപരമായ സ്ഥാനങ്ങൾ, അല്ലെങ്കിൽ വിദേശ അവസരങ്ങൾ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. മറ്റുചിലർക്ക് നിലവിലെ സ്ഥാനങ്ങളിൽ സ്ഥിരത ഉറപ്പിക്കാനും കഴിഞ്ഞേക്കും. എന്നാൽ അതുപോലെ തന്നെ ഇതിന് മറ്റൊരു വശം കൂടിയുണ്ട്.
പലർക്കും അറിയാത്ത ജ്യോതിഷപരമായ കാര്യങ്ങളിൽ ഒന്നാണ് വ്യാഴത്തിന് നമ്മുടെ ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ട് എന്നത്. വ്യാഴം അനുകൂലമല്ലെങ്കിൽ ഏറെ പ്രയാസങ്ങളും ദുരിതങ്ങളും നിത്യ ജീവിതത്തിൽ നാം നേരിടേണ്ടി വന്നേക്കാമെന്നതാണ് അതിൽ പ്രധാനപ്പെട്ട കാര്യം. പ്രധാനമായും കട ബാധ്യതകൾ, മാനസികസമ്മർദ്ദം, ചെലവ് വർധിക്കൽ, സന്താനങ്ങൾ കൊണ്ടുള്ള ദുരിതം, ബന്ധുജന കലഹം എന്നിവയാണ് വ്യാഴം അനുകൂലമല്ലെങ്കിൽ ഉണ്ടായേക്കാവുന്ന പ്രധാന തടസങ്ങൾ. അതുകൊണ്ട് വ്യാഴത്തിന്റെ സ്ഥാനത്തിലോ ചലനത്തിലോ മാറ്റം സംഭവിക്കുമ്പോഴെല്ലാം അത് മനുഷ്യജീവിതത്തെ നേരിട്ട് ബാധിക്കും. ദൃക് പഞ്ചാംഗം അനുസരിച്ച്, ജൂലൈ 14ന് കർക്കടകത്തിൽ അസ്‌തമിച്ച വ്യാഴം വരുന്ന ഓഗസ്‌റ്റ് 9 വരെ ഈ അവസ്ഥയിൽ തുടരും. നിലവിൽ വ്യാഴം വളരെ വേഗത്തിൽ സഞ്ചരിക്കുകയാണ്. വ്യാഴം അസ്‌തമിക്കുമ്പോൾ അതിന്റെ ശുഭഫലങ്ങൾ കുറയുന്നതായി നമുക്ക് കാണാൻ സാധിക്കും. ഏതൊക്കെ രാശികൾക്ക് ഇത് ദോഷമാവുമെന്ന് നോക്കാം. ഇടവം ഈ കാലയളവിൽ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം. അപ്രതീക്ഷിത ചെലവുകൾ വർധിക്കാനും മുൻകൂട്ടി തീരുമിച്ച പദ്ധതികൾ വൈകാനും സാധ്യതയുണ്ട്. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായോ മേലുദ്യോഗസ്ഥരുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യത. നിക്ഷേപ തീരുമാനങ്ങൾ ആലോചിച്ച് മാത്രം സ്വീകരിക്കുന്നതാണ് ഉചിതം. ദാമ്പത്യത്തിൽ വിള്ളലുണ്ടാവാം. കർക്കടകം കരിയറിലും വ്യക്തിജീവിതത്തിലും ചില വെല്ലുവിളികൾ നേരിടേണ്ട സാഹചര്യം ഉണ്ടായേക്കാം. പ്രതീക്ഷിച്ച നേട്ടങ്ങൾ വൈകാനും ജോലിഭാരം വർധിക്കാനും സാധ്യത. കുടുംബകാര്യങ്ങളിൽ ചെറിയ അഭിപ്രായഭിന്നതകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. സാമ്പത്തിക കാര്യങ്ങളിൽ അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നത് ഗുണം ചെയ്യും. കന്നി ഈ സമയത്ത് തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടുതൽ അതീവ ജാഗ്രത ആവശ്യമായി വന്നേക്കാം. തൊഴിൽ രംഗത്ത് പ്രതീക്ഷിച്ച അംഗീകാരം വൈകാനും ബിസിനസിൽ ചില തടസങ്ങൾ നേരിടാനും സാധ്യത. സാമ്പത്തിക ഇടപാടുകളിലും പുതിയ നിക്ഷേപങ്ങളിലും ജാഗ്രത പാലിക്കുന്നത് നല്ലതാണ്. ആരോഗ്യകാര്യങ്ങളിലും ജീവിതശൈലിയിലും കൂടുതൽ ശ്രദ്ധ നൽകണം. രോഗങ്ങൾ മൂർച്ഛിക്കുന്നത് വരെ കാത്തിരിക്കരുത്. മകരം വരുമാനത്തേക്കാൾ ചെലവ് വർധിക്കാനുമുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് അധിക ഉത്തരവാദിത്തങ്ങൾ മാനസിക സമ്മർദത്തിന് കാരണമാവും. കുടുംബബന്ധങ്ങളിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ക്ഷമയോടെയും വിവേകത്തോടെയും ഇടപെടണം. വലിയ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് എല്ലാ വശങ്ങളും വിലയിരുത്തണം. മുതിർന്നവരോട് അൽപ്പം ബഹുമാനത്തോടെ പെരുമാറുക.