സെപ്റ്റംബർ മാസം ആരംഭിക്കാനിരിക്കുകയാണ്. ജ്യോതിഷം പറയുന്നത് അനുസരിച്ച് സെപ്റ്റംബർ വളരെ പ്രധാനപ്പെട്ടതും സംഭവബഹുലവുമായ മാസമായിരിക്കും. ഈ മാസം ശുക്രൻ, സൂര്യൻ, ചൊവ്വ, ബുധൻ എന്നീ നാല് പ്രധാന ഗ്രഹങ്ങൾ രാശിമാറ്റം നടത്തുകയാണ്. ഇവ പുതിയ രാശികളിലേക്ക് പ്രവേശിക്കുന്നതോടെ 12 രാശികളുടെയും ജീവിതത്തിൽ വിവിധ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ജ്യോതിഷികളുടെ പ്രവചനം.
ചില രാശിക്കാർക്ക് ജോലിയിലും ബിസിനസിലും പുതിയ അവസരങ്ങൾ ലഭിക്കുമ്പോൾ മറ്റു ചിലർക്ക് സാമ്പത്തിക നേട്ടത്തിനും വലിയ പുരോഗതിക്കും വഴിതുറക്കുന്ന സമയമായിരിക്കും സെപ്റ്റംബർ എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. സെപ്റ്റംബർ 2ന് ശുക്രൻ സ്വന്തം രാശിയായ ഇടവത്തിലേക്ക് പ്രവേശിക്കും. തുടർന്ന് സെപ്റ്റംബർ 17ന് സൂര്യൻ സൗഹൃദ രാശിയായ കന്നിയിലേക്ക് മാറും. സെപ്റ്റംബർ 18ന് ചൊവ്വ കർക്കടകത്തിലേക്ക് പ്രവേശിക്കും.
സെപ്റ്റംബർ 26ന് ബുധൻ തുലാം രാശിയിലേക്ക് മാറും. ഈ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങൾ വിവിധ രാശികളിൽ വ്യത്യസ്‌തമായ സ്വാധീനം ചെലുത്തുമെന്നാണ് ജ്യോതിഷ വിശ്വാസം. സെപ്റ്റംബറിൽ അപൂർവമായ ചില രാജയോഗങ്ങളും രൂപപ്പെടുമെന്നാണ് കരുതുന്നത്. ബുധാദിത്യ രാജയോഗം, ഭദ്ര രാജയോഗം, മാളവ്യ രാജയോഗം, ലക്ഷ്‌മീനാരായണ രാജയോഗം എന്നിവയാണ് ഈ മാസം രൂപപ്പെടുമെന്ന് പറയപ്പെടുന്ന പ്രധാന യോഗങ്ങൾ. ഈ യോഗങ്ങൾ രൂപപ്പെടുന്ന രാശിക്കാർക്ക് നല്ല കാലം ആരംഭിക്കുമെന്നാണ് കരുതുന്നത്. ഈ ഗ്രഹനിലകളുടെ ഫലമായി ചില രാശിക്കാർക്ക് കരിയറിൽ പുതിയ മുന്നേറ്റങ്ങൾ ഉണ്ടാകാം. ജോലിയിൽ സ്ഥാനക്കയറ്റം, പുതിയ ഉത്തരവാദിത്തങ്ങൾ, വരുമാനത്തിൽ വർധനവ് തുടങ്ങിയ നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ രാജയോഗങ്ങളുടെ സ്വാധീനം എല്ലാ രാശിക്കാർക്കും ഒരുപോലെ ആയിരിക്കില്ല. ജനന ജാതകത്തിലെ ഗ്രഹനില, ദശ, മറ്റ് ജ്യോതിഷ ഘടകങ്ങൾ എന്നിവ അനുസരിച്ച് ഫലങ്ങളിൽ വ്യത്യാസമുണ്ടാകാം. ഇക്കുറി നാല് ഗ്രഹങ്ങൾ മൂലം ഏതൊക്കെ രാശികൾക്ക് ഗുണമുണ്ടാവുമെന്ന് നോക്കാം. മേടം സെപ്റ്റംബർ മാസം മേടം രാശിക്കാർക്ക് പുതിയ അവസരങ്ങളുടെ വാതിൽ തുറക്കുന്ന സമയമായി മാറും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനും ഏറെക്കാലമായി കാത്തിരുന്ന മാറ്റങ്ങൾ സംഭവിക്കാനും സാധ്യത. മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും പിന്തുണ കിട്ടും. വരുമാനം വർധിക്കാനുള്ള അവസരം. മുടങ്ങിക്കിടന്ന പണമിടപാടുകൾ പൂർത്തിയാകാനും അധിക വരുമാനത്തിനുള്ള പുതിയ വഴികൾ കണ്ടെത്താനും സാധിച്ചേക്കാം. കുടുംബത്തിൽ നല്ല സമാധാനവും സന്തോഷവും. ചിങ്ങം സെപ്റ്റംബറിലെ ഗ്രഹമാറ്റങ്ങൾ ചിങ്ങം രാശിക്കാരുടെ തൊഴിൽ മേഖലയിലും സാമ്പത്തിക രംഗത്തും ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യത. കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ വർധിക്കുകയും ജോലിയിൽ അംഗീകാരം ലഭിക്കുകയും ചെയ്യാം. പുതിയ സ്ഥാനം അല്ലെങ്കിൽ അധിക ഉത്തരവാദിത്തം ലഭിക്കാനുള്ള സാധ്യതയും കാണാം. സാമ്പത്തികമായി നല്ല പുരോഗതി ഉണ്ടാകും. നിക്ഷേപങ്ങൾ, ബിസിനസ് ഇടപാടുകൾ, പുതിയ വരുമാന മാർഗങ്ങൾ എന്നിവയിൽ നിന്ന് നേട്ടം ലഭിക്കാൻ സാധ്യത. വിവാഹയോഗം തെളിയുന്നുണ്ട്. തുലാം സെപ്റ്റംബറിലെ വിവിധ ഗ്രഹങ്ങളുടെ സ്ഥാനമാറ്റം തുലാം രാശിക്കാർക്ക് പുതിയ തുടക്കങ്ങൾക്ക് വഴിയൊരുക്കാം. ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കാം. നിലവിലെ ജോലിയിൽ സ്ഥാനക്കയറ്റത്തിനോ ശമ്പള വർധനയ്ക്കോ സാധ്യത. ദീർഘകാലമായി പരിശ്രമിച്ച കാര്യങ്ങൾക്ക് ഫലം ലഭിക്കാൻ തുടങ്ങും. കുടുംബ ബന്ധങ്ങളിലും സാമൂഹിക ജീവിതത്തിലും കൂടുതൽ സന്തോഷവും പിന്തുണയും ലഭിക്കുന്ന കാലയളവായി സെപ്റ്റംബർ മാറാം. സ്‌കോളർഷിപ്പ് അടക്കമുള്ള പണം പെട്ടെന്ന് കിട്ടും.