157 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷ് ഇന്ത്യയുടെയും തുടര്‍ന്ന് സ്വതന്ത്ര
ഇന്ത്യയുടെയും ഭാഗമായിരുന്ന ഒരു പ്രാകൃതവും മനുഷ്യ വിരുദ്ധവുമായ നിയമം
സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് റദ്ദാക്കിയിരിക്കുന്നു . പരിഷ്കൃത
സമൂഹങ്ങള്‍ പലതും പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ ഉപേക്ഷിച്ചു കഴിഞ്ഞ,
മാനവരാശിയുടെ പുരോഗമനത്തിന്റെ ഭാഗമായ ഒരു മാറ്റത്തെ വൈകി എങ്കിലും
നമ്മളും അംഗീകരിക്കാന്‍ നിര്ബന്ധിതര് ആയിരിക്കുന്നു.
രാഷ്ട്രീയമായി, വര്‍ഷങ്ങള്‍ നീണ്ട LGBT അവകാശ പോരാട്ടങ്ങളുടെ വിജയം കൂടിയാണ് ഇത് . സ്വന്തം ലൈംഗീക സ്വത്വത്തിന്റെ പേരില്‍ വീടിനുള്ളിലെ ഇരുട്ടുമുറികളില്‍ പൂട്ടിയിടലുകളെ അതിജീവിച്ച്, പൊതുബോധ ഡോക്ടര്‍മാരുടെ കറക്ടീവ് റേപ്പ് പോലെയുള്ള ക്രൂരതകളെ അതിജീവിച്ച്, 'മാധ്യമങ്ങളുടെ പ്രകൃതി വിരുദ്ധ' പ്രയോഗത്തെ അതിജീവിച്ച് ആത്മാഭിമാനത്തോടെ വെളിച്ചത്തു വന്നു വിളിച്ചു പറഞ്ഞ, നിശബ്ദമായി ജീവനൊടുക്കിയ, എല്ലാം സഹിച്ച് ഇപ്പോഴും
ജീവിക്കുന്ന ഒരായിരം മനുഷ്യരുടെ വര്‍ഷങ്ങള്‍ നീണ്ട ജീവിത പോരാട്ടങ്ങളുടെ
അന്തിമ വിജയം.
ഭൂരിപക്ഷം വരുന്ന ആള്‍ക്കൂട്ടത്തിന്റെ ഇംഗിതം ആഘോഷമാക്കുന്ന മാമാങ്കത്തിന്റെ പേരല്ല ജനാധിപത്യം അതേ ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു പോകുന്ന ദുര്‍ബലനായ മനുഷ്യന്റെ അവകാശങ്ങള്‍ സംരക്ഷിച്ചു പിടിക്കുന്ന കരുതലാണ് ജനാധിപത്യം . ഇന്ന് സുപ്രീംകോടതി ഒരിക്കല്‍ കൂടി ഈ വിധിയിലൂടെ അടിവരയിടുകയാണ് ചെയ്തത്.
മനുഷ്യന്റെ നാഗരികതയും സംസ്കാരവും ഒരു കുളത്തിലെ ജലം പോലെ കെട്ടി നിന്ന്
മലിനപ്പെടുന്ന ഒന്നല്ല . അത് കുത്തിയൊഴുകുന്ന ഒരു പുഴയാണ്. കാല
ദേശങ്ങള്‍ക്കനുസൃതമായി ആ പുഴയുടെ രൂപവും ഒഴുക്കും ഒക്കെ മാറും. ഇന്ന്
കണ്ട രൂപത്തില്‍ മനുഷ്യ സംസ്കാരത്തെ നാളെ കാണണം എന്ന് വാശി പിടിച്ചാല്‍
കാണാന്‍ കഴിയില്ല. അതുകൊണ്ട് ഇന്നലെ കണ്ട രീതിയില്‍ ഇന്നും കാണണം എന്ന്
ആഗ്രഹിക്കാം എന്നതല്ലാതെ അത് നടപ്പുള്ള കാര്യമല്ല.
സമൂഹം നവീകരിക്കപ്പെട്ടത്തിന്റെ അളവനുസരിച്ച് ആ ഒഴുക്കിന് വേഗത കൂടുകയും കുറയുകയും ഒക്കെ ചെയ്യും അതുകൊണ്ടാണ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ പല സമൂഹവും നിയമപരമായ അവകാശമായി അംഗീകരിച്ച സ്വവര്‍ഗരതി നിയമ വിധേയമാകാന്‍ നമുക്ക് 2018 വരെ കാത്തിരിക്കേണ്ടി വന്നത് .
സമൂഹത്തിന്റെ ആ ഒഴുക്കിനെ തസപ്പെടുത്തി തങ്ങളുടെ ആയുസും ആരോഗ്യവും നിലനിര്‍ത്തുന്ന പല ഘടകങ്ങളില്‍ ഒന്നാണ് മതം . ഒരുക്കുന്ന സമൂഹം അതായത് സംസ്കാര സമ്പന്നമായ ഒരു സമൂഹം എന്നത് മതങ്ങളുടെ പ്രഥമ ശത്രു ആണ് അപരിഷ്കൃതമായ സമൂഹമാണ് അവരുടെ അന്നം. അതുകൊണ്ട് തന്നെ സ്വവര്‍ഗ രതി ക്രൈം ആയി നിലനിര്‍ത്താന്‍ സുപ്രീംകോടതിയില്‍ കേസ് നടത്തിയ ക്രിസ്ത്യന്‍ സംഘടനകളില്‍ നിന്നും ആ വിധിക്കെതിരെ രംഗത്ത് വരാന്‍ ബിജെപി സര്‍ക്കാരിനോട് ആഹ്വാനം ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയില്‍ നിന്നും ഒന്നും മറ്റൊരു നിലപാട് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.
മറ്റു ലൈംഗികത എന്നതുപോലെ തന്നെ അങ്ങേയറ്റം സ്വാഭാവികമായ ഒന്നാണ് സ്വവര്‍ഗ ലൈംഗികത എന്നും അത് വ്യക്തിയുടെ തികച്ചും സ്വകാര്യമായ അവകാശമാണ് എന്നും ആ സ്വത്വം ഉയര്‍ത്തിപ്പിടിച്ചു ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പൗരനു അവകാശമുണ്ട് എന്നതുമാണ് വിധിയിലെ പ്രധാനഭാഗം. ഹെട്രോസെക്ഷ്യാല് മനുഷ്യര്‍ തമ്മില്‍ ഉള്ള പോലെ ഉഭയകക്ഷി സമ്മതത്തോടെ ഉള്ള പ്രായപൂര്‍ത്തിയായ വ്യക്തികള്‍ തമ്മിലുള്ള ലൈംഗീക ബന്ധതെ കുറിച്ചാണ് സംസാരിക്കുന്നത്.
അതുകൊണ്ട് തന്നെ സ്വവര്‍ഗ രതി ഇഷ്ടപ്പെടുന്നവര്‍ തങ്ങളെ ബസ്സില്‍ തോണ്ടുമോ എന്നത് പോലെയുള്ള നിഷ്കളങ്ക സംശയങ്ങള്‍ക്ക് പ്രസക്തിയില്ല . ഹെട്രോസെക്ഷ്യാല് ആയ മനുഷ്യരില്‍ ഉള്ളപോലെ ലൈംഗിക ആക്രമണവും കടന്നുകയറ്റവും എല്ലാം ഒരു ചെറിയ ശതമാനം ഹോമോ സെക്ഷ്വൽ ആയ മനുഷ്യരിലും ഉണ്ടാകും എന്നാല്‍ അത് അവരുടെ ലൈംഗീക സ്വത്വവുമായി ബന്ധപ്പെടുത്തി വായിക്കേണ്ട ഒന്നല്ല . എന്നാല്‍ എല്ലാ വിമര്‍ശനങ്ങളും
അത്ര നിഷ്കളങ്കമായ ഒന്നല്ല അവയെ വിമര്‍ശനങ്ങള്‍ എന്ന് തന്നെ പറയാന്‍ കഴിയുകയില്ല.
സ്വവര്‍ഗരതി എനിക്ക് താല്പര്യമില്ല എന്റെ വിശ്വാസ പ്രകാരം തെറ്റാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞാല്‍ അത് ഒരു ജനാധിപത്യ പരമായ വിയോജിപ്പായി വായിക്കാം എന്നാല്‍ ജമാഅത്തെ ഇസ്ലാമിയോ ഇതിനെതിരെ
വാളെടുക്കുന്ന മറ്റുള്ളവരോ ഉന്നയിക്കുന്ന ആവശ്യമോ ഭാഷയോ അതല്ല. സ്വവര്‍ഗരതി ക്രിമിനലൈസ് ചെയ്യുന്ന 377നിലനിര്‍ത്തണം എന്നും സ്വവര്‍ഗരതി
ചെയ്യുന്ന മനുഷ്യരെ മുഴുവന്‍ ക്രിമിനല്‍ പ്രോസിക്യൂട്ട് ചെയ്യണം എന്നതുമാണ് ആവശ്യം .
അതായത് എന്റെ മതപരവും വ്യക്തിപരവുമായ മൊറാലിറ്റി അടിസ്ഥാനമാക്കി മറ്റൊരാളെ ജീവിക്കാന്‍ ഭരണകൂടം നിയന്ത്രിക്കണം. ലളിതമായി
പറഞ്ഞാല്‍ സംഘപരിവാര്‍ പലതവണ മറ്റുള്ളവരോട് നടപ്പാക്കുന്ന ഫാസിസത്തിന്റെ മറ്റൊരു രൂപം. പശു തങ്ങളുടെ ദൈവമാണ് അതിനെ കൊല്ലുന്നതും തിന്നുന്നതും നിയമം മൂലം നിരോധിച്ചു അത് ചെയ്യുന്നവരെ ക്രിമിനല്‍ പ്രോസിക്യൂട്ട് ചെയ്യണം എന്ന സംഘപരിവാര്‍ നയത്തെ ഫാസിസമായി തിരിച്ചറിഞ്ഞു സമരം ചെയ്ത മുസ്ലീം സംഘടനകളുടെ ഇരട്ടത്താപ്പ് കൂടിയാണ് ഈ വിഷയത്തില്‍ വെളിച്ചത്തു വന്നിരിക്കുന്നത്.
ചില പ്രതികരണങ്ങള്‍ വായിച്ചാല്‍ നാളെമുതല്‍ എല്ലാവരും നിര്‍ബന്ധമായും ഹോമോസെക്സ് ചെയ്യണം എന്നാണോ കോടതിവിധി എന്നുപോലും സംശയം തോന്നിപോകും. രണ്ടുപേര്‍ക്കിടയില്‍ ഉഭയസമ്മതത്തോടെ നടക്കുന്ന ലൈംഗികത തികച്ചും സ്വകാര്യ വിഷയമാണ് അതില്‍ മൂന്നമാതൊരാള്ക്ക് വിയോജിപ്പോ അഭിപ്രായമോ രേഖപ്പെടുത്താന്‍ അവകാശമില്.ല അങ്ങനെ രേഖപ്പെടുത്തണം എന്ന് നിങ്ങള്‍ കരുതുന്നു എങ്കില്‍ അത് മറ്റൊരാളുടെ ഭരണഘടനാപരമായ അവകാശങ്ങളിലെക്കുള്ള ക്രൂരമായ കടന്നുകയറ്റമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അത് മറ്റൊരാളുടെ കിടപ്പുമുറിയിലേക്കുള്ള ഒളിഞ്ഞു നോട്ടമാണ്.
ഭൂരിപക്ഷ ആള്‍ക്കൂട്ട അഭിപ്രായം നടപ്പാക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍, മതപരമായി മാത്രമല്ല ന്യൂനപക്ഷങ്ങള്‍ ഉണ്ടാകുന്നത് എന്നും ആ ന്യൂനപക്ഷ അവകാശങ്ങള്‍ പലതും തങ്ങളുടെ തന്നെ ജീവിതത്തിന്റെ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഭാഗമാണ് എന്നും തങ്ങള്‍ക്കു താല്പര്യമില്ലാതിരിക്കുമ്പോള്‍ തന്നെയും മറ്റൊരാളുടെ അവകാശങ്ങളെ ബഹുമാനിക്കാനും അംഗീകരിക്കാനും ഒരു ജനാധിപത്യ സമൂഹത്തില്‍ തങ്ങള്‍ സ്വയം പരുവപ്പെടുതേണ്ടതുണ്ട് എന്ന് തിരിച്ചറിയുകയും വേണം.