സൗദി അറേബ്യയ്ക്ക് പിന്നാലെ പാകിസ്താനുമായി പ്രതിരോധ കരാര്‍ ഒപ്പുവച്ച് കുവൈത്തും. ഇരുരാജ്യങ്ങളും പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കും എന്നതാണ് കരാര്‍. സൈനിക പരിശീലനം, സഹകരണം, ആയുധ ഇടപാട്, രഹസ്യവിവര കൈമാറ്റം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഒരുമിച്ച് നീങ്ങും. ജിസിസി രാജ്യങ്ങള്‍ ഓരോന്നായി പാകിസ്താനുമായി പ്രതിരോധ കരാര്‍ ഒപ്പുവയ്ക്കുന്നു എന്ന മാറ്റം എടുത്തു പറയണം.
ജിസിസി രാജ്യങ്ങള്‍ അമേരിക്കയുമായി പ്രതിരോധ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. അതിന്റെ ഭാഗമാണ് അമേരിക്കന്‍ സൈന്യം ജിസിസിയല്‍ തമ്പടിക്കുന്നത്. വിദേശ ശക്തികളില്‍ നിന്ന് ജിസിസി രാജ്യങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്നതാണ് അമേരിക്കയുടെ ദൗത്യം. എന്നാല്‍ ഇറാന്റെ ആക്രമണം ചെറുക്കാന്‍ അമേരിക്കക്ക് സാധിച്ചില്ല എന്ന് വ്യക്തമായിരിക്കെയാണ് ജിസിസി രാജ്യങ്ങള്‍ പാകിസ്താനോട് അടുക്കുന്നത്.
പ്രതിരോധ കരാര്‍ നടപ്പാക്കുന്ന കാര്യം പരിശോധിക്കുന്നതിന് ഇരുരാജ്യങ്ങളിലെയും സംയുക്ത സൈനിക സമിതി രൂപീകരിക്കും. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. ഏതെങ്കിലും ഒരു രാജ്യം പിന്നാക്കം പോയില്ലെങ്കില്‍ അഞ്ച് വര്‍ഷം കഴിഞ്ഞാലും കരാര്‍ തുടരും. സൈന്യം കൈമാറുന്ന വിവരങ്ങള്‍ സംരക്ഷിക്കുമെന്ന ധാരണയ്ക്ക് പുറത്താണ് കരാര്‍. 2023ല്‍ ഇരുരാജ്യങ്ങളും ധാരണയായിരുന്നു എങ്കിലും ഇപ്പോഴാണ് കുവൈത്ത് ഭരണകൂടം കരാറിന് അന്തിമ അനുമതി നല്‍കിയത്. പശ്ചിമേഷ്യയില്‍ അമേരിക്ക് 19 സൈനിക കേന്ദ്രങ്ങളുണ്ട്. അതിലൊന്ന് കുവൈത്തിലാണ്. അമേരിക്കയുമായി പ്രതിരോധ കരാര്‍ നിലവിലുള്ളപ്പോഴാണ് പാകിസ്താനുമായും കരാര്‍. എന്തുകൊണ്ട് ഇങ്ങനെ എന്ന ചോദ്യത്തിന് സമീപകാല സംഭവവികാസമാണ് കാരണമായി വിലയിരുത്തുന്നത്. ഇറാനെ ഫലപ്രദമായി നേരിടാന്‍ അമേരിക്ക് സാധിച്ചില്ല എന്നാണ് ജിസിസി രാജ്യങ്ങളിലെ പൊതുവികാരം. സൗദി അറേബ്യയും കുവൈത്തും ഇപ്പോള്‍ പാകിസ്താനുമായി പ്രതിരോധ കരാറുണ്ട്. യുഎഇ ഇന്ത്യയുമായി പ്രതിരോധ കരാര്‍ ഒപ്പുവച്ച രാജ്യമാണ്. ഖത്തര്‍ തുര്‍ക്കിയുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. വൈകാതെ മറ്റു ജിസിസി രാജ്യങ്ങളും സൗദി അറേബ്യയുടെ വഴി സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ ഒപ്പുവച്ച പിന്നാലെ പാകിസ്താന്റെ സൈനികര്‍ സൗദി അറേബ്യയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇനി പാകിസ്താന്‍ സൈന്യം കുവൈത്തിലേക്കും എത്തിയേക്കും. ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധത്തിനിടെ ഇസ്രായേല്‍ ആറ് രാജ്യങ്ങല്‍ ആക്രമിച്ചിരുന്നു. പലസ്തീന്‍, ലബ്‌നാന്‍, സിറിയ, ഇറാന്‍, ഖത്തര്‍, യമന്‍ എന്നിവയാണവ. ഇറാന്‍, ഖത്തര്‍, യമന്‍ എന്നിവിടങ്ങളില്‍ ആദ്യമായിട്ടാണ് ഇസ്രായേല്‍ ആക്രമിച്ചത്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ വലിയ സേനാ താവളം ഖത്തറിലുള്ളപ്പോഴാണിത്. അമേരിക്കന്‍ സൈന്യത്തിന് മതിയായ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ല എന്ന വികാരം ജിസിസി രാജ്യങ്ങളിലുണ്ടായതിന് കാരണം ഇതാണ്. ഇറാനും സൗദി അറേബ്യയും തമ്മിലുള്ള വിഷയത്തില്‍ പാകിസ്താന്‍ അതിവേഗം മധ്യസ്ഥ ശ്രമം നടത്തുകയും ഇറാനെ പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യമനിലെ ഹൂതികള്‍ സൗദിക്കെതിരെ ഇപ്പോള്‍ നീങ്ങുന്നുണ്ട്. ഇതില്‍ പാകിസ്താന്‍ എങ്ങനെ ഇടപെടുമെന്ന് വ്യക്തമല്ല. യുദ്ധത്തില്‍ പ്രത്യക്ഷമായി പാകിസ്താന്‍ ഇടപെടാന്‍ സാധ്യതയില്ല എന്നാണ് വിലയിരുത്തല്‍.