കുവൈത്ത് എന്തിന് മടിച്ചു? ബഹ്‌റൈന്‍, ഖത്തര്‍, തുര്‍ക്കി ക്യൂവിലാണ്, പാകിസ്താന്റെ ലക്ഷ്യം പണം

ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക ശക്തമാക്കിയാണ് ഇറാന്‍-അമേരിക്ക യുദ്ധം മുന്നോട്ട് പോയത്. ജിസിസിയില്‍ അമേരിക്കയുടെ സേനാ സാന്നിധ്യം എത്രത്തോളം സഹായിക്കുമെന്ന ചോദ്യം ഇപ്പോള്‍ ത്രിശങ്കുവിലാണ്. കാരണം, മേഖലിയലെ അമേരിക്കയുടെ എല്ലാ സേനാ കേന്ദ്രങ്ങളിലും ഇറാന്റെ മിസൈല്‍ പതിച്ചു. പിന്നെ എങ്ങനെ അമേരിക്കക്ക് തങ്ങളെ സംരക്ഷിക്കാന്‍ സാധിക്കുമെന്നതാണ് ജിസിസി രാജ്യങ്ങളുടെ സംശയം.

Advertisement

പുതിയ പ്രതിരോധ കരാറുകള്‍ക്ക് ജിസിസി രാജ്യങ്ങള്‍ തുടക്കമിടുന്നത് ഈ ആശങ്കയുടെ പുറത്താണ്. സൗദി അറേബ്യ പാകിസ്താനുമായി പ്രതിരോധ കരാര്‍ ഒപ്പുവച്ചത് കഴിഞ്ഞ വര്‍ഷമാണ്. കഴിഞ്ഞ ദിവസം കുവൈത്ത് സമാനമായ കരാറിന് അംഗീകാരം നല്‍കി. ബഹ്‌റൈനു ഖത്തറും തുര്‍ക്കിയും വൈകാതെ പാകിസ്താനുമായി കരാര്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement

സൗദി അറേബ്യയില്‍ പാകിസ്താന്‍ സൈന്യത്തിന്റെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. സമാനമായ രീതിയില്‍ സേനാ സാന്നിധ്യം കുവൈത്ത് ആവശ്യപ്പെട്ടിരിക്കുകയാണ്. കുവൈത്തിന്റെ സൈന്യത്തെ പരിശീലിപ്പിക്കാനും രഹസ്യവിവരങ്ങള്‍ കൈമാറാനുമെല്ലാം സഹായിക്കുന്നതാണ് പുതിയ കരാര്‍. പാകിസ്താന്‍ സൈന്യം വൈകാതെ കുവൈത്തിലേക്ക് എത്തും.

2023ലാണ് കുവൈത്തും പാകിസ്താനും തമ്മില്‍ പ്രതിരോധ കരാര്‍ ഒപ്പുവച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് കുവൈത്ത് ഭരണകൂടം കരാറിന് അംഗീകാരം നല്‍കിയത്. എന്തുകൊണ്ട് ഇത്രയും വൈകി എന്ന ചോദ്യം ബാക്കിയാണ്. ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളും വിശദീകരണം നല്‍കിയിട്ടില്ല. കുവൈത്ത് തങ്ങളുടെ രാജ്യത്ത് കോടികള്‍ നിക്ഷേപിക്കണം എന്ന ഉപാധിയാണ് പാകിസ്താന്‍ മുന്നോട്ട് വെച്ചിട്ടുള്ളതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Advertisement

തന്ത്രത്തിലാണ് പാകിസ്താന്റെ നീക്കം

പാകിസ്താനുമായി പ്രതിരോധ കരാര്‍ ഒപ്പുവെക്കാന്‍ ബഹ്‌റൈന് താല്‍പ്പര്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താനുമായി ആയുധ കൈമാറ്റം, സൈനിക പരിശീലനം തുടങ്ങിയ കരാറില്‍ ഒപ്പുവെക്കാന്‍ ജോര്‍ദാനും താല്‍പ്പര്യം അറിയിച്ചു. പാകിസ്താന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രതിരോധ ഉടമ്പടി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് പാക് മന്ത്രി റസ ഹയാത്ത് ഹറാജ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി പ്രതിരോധ കരാറിന് ശ്രമം നടക്കുന്നതായി പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവജ ആസിഫ് പറഞ്ഞു. മുസ്ലിം രാജ്യങ്ങളിലെ സമ്പന്ന ശക്തികളുമായി സൈനിക സഹകരണം ശക്തമാക്കാനാണ് പാകിസ്താന്റെ പദ്ധതി. അതുവഴി പാകിസ്താന് സാമ്പത്തിക നേട്ടം കൊയ്യുകയാണ് ലക്ഷ്യം. ഈ രാജ്യങ്ങളോടെല്ലാം പാകിസ്താന്‍ മുന്നോട്ട് വെക്കുന്ന ഉപാധി പാകിസ്താനില്‍ നിക്ഷേപിക്കണം, ജോലി അവസരം ഒരുക്കണം എന്നതാണ്.

Advertisement

ഇറാനുമായി സൗഹൃദമുള്ള പാകിസ്താന്‍ നിലവില്‍ സമാധാന ശ്രമങ്ങള്‍ക്ക് മുന്നിലുണ്ട് എന്നതും എടുത്തു പറയണം. ഇറാനുമായി കൊമ്പുകോര്‍ക്കാന്‍ പാകിസ്താന്‍ താല്‍പ്പര്യപ്പെടുന്നില്ല. ബലൂചിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ മേഖലകളില്‍ പാകിസ്താന്‍ സംഘര്‍ഷം നേരിടുന്നുണ്ട്. ഈ വേളയില്‍ ഇറാനുമായും കൊമ്പുകോര്‍ത്താല്‍ വലിയ തിരിച്ചടിയാകുമെന്ന് പാകിസ്താന്‍ മനസിലാക്കുന്നു.