സൗദിയ്ക്കും ഒമാനും പൂര്‍ണസമ്മതം..! സെപ്റ്റംബര്‍ മുതല്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ്

സെപ്റ്റംബര്‍ മുതല്‍ പ്രതിദിനം 1,88,000 ബാരല്‍ എന്ന തോതില്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് കൂട്ടായ്മയില്‍ തീരുമാനം. സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ഒപെക് പ്ലസ് കൂട്ടായ്മയിലെ മറ്റ് നാല് പ്രധാന അംഗരാജ്യങ്ങള്‍ എന്നിവര്‍ ഇന്ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പ്രാദേശിക സംഘര്‍ഷം മൂലമുണ്ടായ തടസങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് നടപടി.

Advertisement

'യോഗത്തില്‍ പങ്കെടുത്ത ഏഴ് രാജ്യങ്ങളും പ്രതിദിനം 1,88,000 ബാരല്‍ എന്ന തോതില്‍ ഉല്‍പ്പാദനത്തില്‍ ക്രമീകരണം വരുത്താന്‍ തീരുമാനിച്ചു,' എന്ന് ഒപെക് പ്ലസ് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. വിപുലീകരിച്ച ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ് ആണ് ഒപെക് പ്ലസ് എന്ന് അറിയിയപ്പെടുന്നത്. കൂട്ടായ്മയിലെ പ്രധാന രാജ്യങ്ങള്‍ തീരുമാനിച്ച ഈ വര്‍ധനവ് വിപണി നിരീക്ഷകര്‍ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്.

Advertisement

'സ്വമേധയാ ഏര്‍പ്പെടുത്തിയിരുന്ന ഉല്‍പ്പാദന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന നടപടി ഒപെക് പ്ലസ് പൂര്‍ത്തിയാക്കി. കയറ്റുമതി സാധാരണ നിലയിലാകുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അധിക വിതരണത്തെ കൈകാര്യം ചെയ്യുക എന്നതാണ് അടുത്ത വെല്ലുവിളി,' റിസ്റ്റാഡ് എനര്‍ജിയിലെ അനലിസ്റ്റ് ജോര്‍ജ്ജ് ലിയോണ്‍ പറഞ്ഞു. എങ്കിലും ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഈ തീരുമാനം സമീപകാലത്ത് കാര്യമായ മാറ്റമുണ്ടാക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

കയറ്റുമതി സാധാരണ നിലയിലാകുമ്പോഴാണ് വിപണിയില്‍ യഥാര്‍ത്ഥ സ്വാധീനം പ്രകടമാകുക. ജൂണില്‍ യുഎസും ഇറാനും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടതിനെത്തുടര്‍ന്ന് കപ്പല്‍ ഗതാഗതത്തില്‍ ചെറിയൊരു വര്‍ധനവ് ഉണ്ടായെങ്കിലും, മേഖലയിലെ സംഘര്‍ഷത്തിനിടെ ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ സൃഷ്ടിച്ച സ്തംഭനാവസ്ഥ കാരണം കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ പ്രയാസപ്പെട്ടിരുന്നു.

Advertisement

സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈത്ത്, കസാക്കിസ്ഥാന്‍, അള്‍ജീരിയ, ഒമാന്‍ എന്നീ രാജ്യങ്ങള്‍ അംഗീകരിച്ച സെപ്റ്റംബറിലെ ഈ വര്‍ധനവോടെ, സംഘടന നടപ്പിലാക്കിയ മൂന്ന് ഉല്‍പ്പാദന-നിയന്ത്രണ പാക്കേജുകളില്‍ രണ്ടാമത്തേത് പിന്‍വലിക്കുന്ന നടപടിയാണ് പൂര്‍ത്തിയാകുന്നത്.

'ഉല്‍പ്പാദനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍, വിതരണത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താന്‍ ധൃതി കാണിക്കേണ്ട വലിയ ആവശ്യം ഒപെക് +ന് ഇല്ല. 2027-ലെ ക്വാട്ട ചര്‍ച്ചകള്‍ക്കായി തയ്യാറെടുക്കുമ്പോള്‍, നാലാം പാദത്തില്‍ ഉല്‍പ്പാദനത്തില്‍ മാറ്റങ്ങളൊന്നും വരുത്താതെ കാത്തിരിക്കാനാണ് സാധ്യതയെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍,' ലിയോണ്‍ പറഞ്ഞു.

'നിലവില്‍, ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ വിതരണത്തിലെ വര്‍ധനവിന്റെ യഥാര്‍ത്ഥ വ്യാപ്തിയെ മറച്ചുവെക്കുന്നുണ്ട്. കയറ്റുമതി സാധാരണ നിലയിലാകുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എണ്ണ ഉല്‍പ്പാദനം എപ്പോള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഇറാഖ് പോലുള്ള ചില അംഗരാജ്യങ്ങള്‍ ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Advertisement

എന്നാല്‍, റഷ്യയുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ഉക്രെയ്‌നില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് ഉല്‍പ്പാദനത്തെ ബാധിച്ചിട്ടുണ്ട്. പ്രതിദിനം 9.8 ദശലക്ഷം ബാരല്‍ എന്ന ലക്ഷ്യത്തിന് പകരം നിലവില്‍ പ്രതിദിനം ഒമ്പത് ദശലക്ഷം ബാരല്‍ എന്ന നിലയിലാണ് ഉല്‍പ്പാദനം തുടരുന്നത്.

2022-ന്റെ അവസാനത്തിനും 2023-നും ഇടയില്‍, എണ്ണവില കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ഒപെക് പ്ലസ്, മൂന്ന് ഘട്ടങ്ങളിലായി ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിക്കുകയും അതുവഴി മൊത്തം ഉല്‍പ്പാദനം പ്രതിദിനം ഏകദേശം ആറ് ദശലക്ഷം ബാരല്‍ കുറയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈറ്റ്, കസാക്കിസ്ഥാന്‍, അള്‍ജീരിയ, ഒമാന്‍, യുഎഇ എന്നിവര്‍ തങ്ങളുടെ തന്ത്രം മാറ്റുകയും 2025 മുതല്‍ ഉല്‍പ്പാദനം ഘട്ടംഘട്ടമായി വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. യുഎഇ 2024 മെയ് 1-ന് ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയിരുന്നു.