സൗദി അറേബ്യയിലെ എണ്ണ കേന്ദ്രത്തില്‍ ആക്രമണം. അരാംകോയുടെ അബ്‌ഖൈഖ് എണ്ണ ശുദ്ധീകരണ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായ പിന്നാലെ തീ പടര്‍ന്നു, രണ്ടിടത്താണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. നാസ ഫേംസിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ഉദ്ധരിച്ചാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ തീ പടര്‍ന്നതായി സ്ഥിരീകരിച്ചത്. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ശുദ്ധീകരണ കേന്ദ്രമാണ് അബ്‌ഖൈഖ്.
ആഗോള എണ്ണ വിതരണത്തിന്റെ അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ ഈ നിലയത്തിലാണ് സംസ്‌കരിക്കുന്നത്. പുതിയ ആക്രമണം എണ്ണ വിതരണത്തെ ബാധിക്കുമോ എന്ന് വ്യക്തമല്ല. ഇറാനും അമേരിക്കയും തമ്മിലുള്ള പോരിന് ശമനം വന്നിരിക്കെയാണ് സൗദിയില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍. പിന്നില്‍ യമനിലെ ഹൂതികളാണ് എന്നാണ് കരുതിയത്. ഇറാഖില്‍ നിന്നും സൗദിയിലേക്ക് ആക്രമണമുണ്ടായി എന്ന വാര്‍ത്തയും വന്നിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ സായുധ സംഘങ്ങളാണ് എന്ന് സൗദി അറേബ്യ പറയുന്നു. ശക്തമായ തിരിച്ചടി നല്‍കാന്‍ സൗദിക്ക് അവകാശമുണ്ടെന്ന് ഭരണകൂടം പ്രതികരിച്ചു. സൗദി അരാംകോയുടെ വരുമാനത്തിന്റെ പ്രധാന സ്രോതസുകളില്‍ ഒന്നാണ് അബ്‌ഖൈഖ് എണ്ണ കേന്ദ്രം. ഇവിടെ ആക്രമണമുണ്ടായത് സൗദിക്ക് പ്രതിസന്ധി സൃഷ്ടിക്കും. സൗദിയില്‍ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. സൗദി അറേബ്യ ഉപരോധം തുടരുന്നതിനാല്‍ ശക്തമായ ആക്രമണം ആവര്‍ത്തിക്കുമെന്ന് നേരത്തെ യമനിലെ ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല, അവര്‍ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്തു. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനിലെ ഹുദൈദ തുറമുഖത്തും ആക്രമണം നടത്തി. സൗദിയും ഹൂതികളും തമ്മിലുള്ള യുദ്ധം മൂന്ന് വര്‍ഷമായി നിലച്ചതായിരുന്നു. ഇറാനിലെ പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഹൂതി നേതാക്കള്‍ സഞ്ചരിച്ച വിമാനത്തിന് നേരെ സൗദിയുടെ ആക്രമണം നടന്നതാണ് പുതിയ വിവാദങ്ങളുടെ തുടക്കം. സന്‍ആ വിമാനത്താവളത്തിലും ഹുദൈദയിലും ആക്രമണം തുടര്‍ന്നു. ഇതോടെയാണ് ശക്തമായ തിരിച്ചടിക്കുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചത്. ഉപരോധം സൗദി അവസാനിപ്പിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു. ഇറാനെ ആക്രമിക്കുന്നത് രണ്ട് ദിവസമായി അമേരിക്ക നിര്‍ത്തിയിരിക്കുകയാണ്. ആയുധങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണം എന്ന് പറയപ്പെടുന്നു. അതിനിടെയാണ് മറ്റൊരു ഭാഗത്ത് യുദ്ധം ശക്തമാകുന്നത്. സൗദി അറേബ്യയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയില്‍ നിന്നുള്ള എണ്ണ കപ്പല്‍ ഹൂതികള്‍ ചെങ്കടലില്‍ ആക്രമിക്കുകയും ചെയ്തു. ഈ പോര് തുടരുന്നതിനിടെയാണ് ഇറാഖില്‍ നിന്ന് ഡ്രോണുകള്‍ എത്തിയത്. ഇതിന് പിന്നില്‍ ആരാണ് എന്ന് വ്യക്തമായിട്ടില്ല.