സ്വർണ്ണം വാങ്ങാനിരുന്ന പ്രവാസികൾക്ക് തിരിച്ചടി; ദുബായിൽ വില കുത്തനെ കൂടി, പുതിയ നിരക്കുകൾ

കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞുനിന്ന ദുബായിലെ സ്വർണ്ണവിലയിൽ ബുധനാഴ്ച രാവിലെ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. അമേരിക്കൻ പലിശ നിരക്കുകളുമായി ബന്ധപ്പെട്ട സൂചനകളും ഇറാനും അമേരിക്കയും തമ്മിലുണ്ടായ പുതിയ പ്രശ്നങ്ങളുമാണ് ആഗോള വിപണിയിലും തുടർന്ന് ദുബായിലും സ്വർണ്ണ വില ഉയരാൻ കാരണമായത്.

Advertisement

ബുധനാഴ്ച രാവിലെ ദുബായ് വിപണിയിൽ 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 497 ദിർഹമായി ഉയർന്നു. ചൊവ്വാഴ്ച ഇത് 493.50 ദിർഹമായിരുന്നു. അതുപോലെ, സാധാരണക്കാർ കൂടുതലായി വാങ്ങുന്ന 22 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 457 ദിർഹത്തിൽ നിന്ന് 460.25 ദിർഹമായും വർദ്ധിച്ചിട്ടുണ്ട്. ഈ ജൂലൈ മാസത്തിന്റെ തുടക്കത്തിൽ 24 കാരറ്റിന് 489.75 ദിർഹവും 22 കാരറ്റിന് 453.50 ദിർഹവുമായിരുന്നു നിരക്ക്. എന്നാൽ ആദ്യ വരാന്ത്യത്തിൽ വില കുതിച്ചുയർന്ന് യഥാക്രമം 503 ദിർഹത്തിലും 466 ദിർഹത്തിലും എത്തിയിരുന്നു. തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ വില കുറഞ്ഞതിന് ശേഷമാണ് ഇപ്പോൾ ബുധനാഴ്ച രാവിലെ വീണ്ടും വില മുകളിലേക്ക് കയറിയത്.

Advertisement

അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില നിലവിൽ ഒരു ഔൺസിന് 4,100 ഡോളറിന് അടുത്താണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ സെഷനിൽ വിലയിൽ 1.4 ശതമാനത്തിന്റെ ഇടിവ് വന്നിരുന്നു. യുഎസ് പലിശ നിരക്കുകൾ ഇനിയും എത്രകാലം ഉയർന്ന നിലയിൽ തുടരുമെന്നതിനെക്കുറിച്ചുള്ള വ്യക്തതയ്ക്കായി ജൂണിൽ നടന്ന ഫെഡറൽ റിസർവ് യോഗത്തിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നതും കാത്തിരിക്കുകയാണ് വിപണി. സാധാരണയായി പലിശ നിരക്കുകൾ ഉയരുമ്പോൾ സ്വർണ്ണവില താഴാറുണ്ട്. എന്നാൽ പുതിയ കണക്കുകൾ പുറത്തുവന്നതോടെ നിക്ഷേപകർ വീണ്ടും സ്വർണ്ണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന പുതിയ അനിശ്ചിതത്വങ്ങളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി യുഎസ് സൈന്യം ഇറാനിൽ ശക്തമായ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയും വർദ്ധിച്ചു. ഇന്ധനവില ഉയരുന്നത് പണപ്പെരുപ്പത്തിന് കാരണമാകുമെന്നതിനാൽ യുഎസ് ഫെഡിന് പലിശ നിരക്കുകൾ പെട്ടെന്ന് കുറയ്ക്കാൻ സാധിക്കില്ല എന്ന വിലയിരുത്തലുമുണ്ട്.

Advertisement

ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം സ്വർണ്ണവിലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. എന്നിരുന്നാലും, ചൈന ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്ര ബാങ്കുകൾ സ്വർണ്ണ ശേഖരം വൻതോതിൽ വാങ്ങിക്കുന്നത് വിപണിക്ക് വലിയ രീതിയിലുള്ള പിന്തുണ നൽകുന്നുണ്ട്. വരും ദിവസങ്ങളിലെ ആഗോള സാഹചര്യങ്ങൾ അനുസരിച്ചായിരിക്കും ദുബായ് വിപണിയിലെ വില നിലവാരം നിശ്ചയിക്കപ്പെടുക.