കടലിലൂടെ വൈദ്യുതി ലൈന്‍; ആദ്യം യുഎഇ, പിന്നെ ശ്രീലങ്കയും സിംഗപ്പൂരും, ഇന്ത്യയ്ക്ക് ബ്രഹ്മാണ്ഡ പദ്ധതി

ഇന്ത്യ ആഗോള വൈദ്യുതി ശൃംഖലയ്ക്ക് തയ്യാറെടുക്കുന്നു. സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് കടലിലൂടെ കേബിള്‍ വഴി യുഎഇയിലേക്ക് എത്തിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് ഊര്‍ജ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. 1600 കിലോമീറ്റര്‍ ദൂരത്തില്‍ കടലിലൂടെ വൈദ്യുതി ലൈന്‍ നിര്‍മിക്കുന്നതാണ് ആലോചനയില്‍. ആഗോള വൈദ്യുതി വിതരണ ഹബ്ബായി മാറുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

Advertisement

ഈ പദ്ധതിക്ക് 40000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. ഇന്ത്യ എനര്‍ജി സ്റ്റോറേജ് വീക്ക് എന്ന ന്യൂഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. ആഗോള തലത്തില്‍ വിശാലമായ വൈദ്യുതി പദ്ധതിയാണ് ഇന്ത്യ മുന്നോട്ട് വെക്കുന്നത്. വണ്‍ സണ്‍, വണ്‍ വേള്‍ഡ്, വണ്‍ ഗ്രിഡ് എന്ന ആശയമാണ് ഇന്ത്യയ്ക്കുള്ളത് എന്നും മന്ത്രി പറഞ്ഞു.

Advertisement

യുഎഇയിലേക്ക് സ്ഥാപിക്കുന്നതിന് സമാനമായി ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്കും വൈദ്യുതി വിതരണ കേബള്‍ സ്ഥാപിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ശേഷം കിഴക്ക് നിന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് വൈദ്യുതി വിതരണം ചെയ്യുക എന്ന ലക്ഷ്യവുമുണ്ട്. അതായത്, ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് വൈദ്യുതി കയറ്റുമതിയാണ് ലക്ഷ്യം.

ലോകം ഹരിത ഊര്‍ജത്തിന് പ്രാധാന്യം നല്‍കുകയാണ്. വൈദ്യുതിയുടെ സംഭരണം, ഉല്‍പ്പാദനം എന്നിവയ്ക്ക് ഇന്ത്യ നേതൃത്വം നല്‍കും. ഇതിന്റെ നേട്ടം ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിന് മൊത്തം ലഭിക്കുന്നതാകുമെന്നും മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും തുടര്‍ന്ന് യൂറോപ്പിലേക്കും ചരക്കുപാത ഒരുക്കുന്ന പദ്ധതിയും ഒരുഭാഗത്ത് പുരോഗമിക്കുന്നുണ്ട്. എല്ലാത്തിനും തടസമായി നില്‍ക്കുകയാണ് പശ്ചിമേഷ്യയിലെ യുദ്ധം.

Advertisement

വൈദ്യുതി സംഭരണത്തിന് ഊന്നല്‍

എഐ സാങ്കേതികവിദ്യയുടെ വ്യാപനം, വന്‍കിട ഡാറ്റാ സെന്ററുകളുടെ നിര്‍മ്മാണം, ഇലക്ട്രിക് വാഹനങ്ങളുടെ പ്രിയം എന്നിവയുടെ പശ്ചാത്തലത്തില്‍, അടുത്ത വര്‍ഷത്തോടെ രാജ്യത്തെ വൈദ്യുതി ആവശ്യകത 300 ഗിഗാവാട്ട് തൊടുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇന്ത്യ കൈവരിച്ച ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 271 ഗിഗാവാട്ടാണ്. 284 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിചേര്‍ത്തു.

നിര്‍മ്മിത ബുദ്ധിയും ക്ലൗഡ് കമ്പ്യൂട്ടിംഗും പ്രാവര്‍ത്തികമാക്കാന്‍ വന്‍തോതിലുള്ള ഡാറ്റാ സെന്ററുകള്‍ ആവശ്യമാണ്. ഇവയുടെ പ്രവര്‍ത്തനത്തിന് തടസ്സമില്ലാത്ത വൈദ്യുതി വേണം. ഇതിനൊപ്പം തന്നെ പരമ്പരാഗത ഇന്ധന വാഹനങ്ങളില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ മാറ്റവും ഗാര്‍ഹിക-വ്യവസായ മേഖലകളിലെ വൈദ്യുതീകരണവും ഊര്‍ജ്ജ ഉപഭോഗം ഉയര്‍ത്തുകയാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

Advertisement

ഈ സാഹചര്യത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജം ഉടനെ ഉപയോഗിക്കുക എന്ന പതിവ് രീതി മാറേണ്ടതുണ്ട്. സംഭരിക്കാന്‍ ശേഷിയുണ്ടാകണം. ആവശ്യം വരുമ്പോള്‍ എടുത്തു ഉപയോഗിക്കാനും സാധിക്കണം. 2070ഓടെ രാജ്യം പൂര്‍ണമായും കാര്‍ബണ്‍ വിമുക്ത രാജ്യമായി മാറുക എന്ന വലിയ ലക്ഷ്യം ഉണ്ടെന്നും മനോഹര്‍ലാല്‍ ഖട്ടര്‍ വിശദീകരിച്ചു.