പരമോന്നത നേതാവ് അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ ഇറാനില്‍ പുരോഗമിക്കുകയാണ്. ജൂലൈ ഒമ്പതിനാണ് ഖബറടക്കം. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്ക ഇറാന്‍ ഭരണകൂടത്തിനുണ്ട്. കാരണം, ഇതിന് മുമ്പ് ഇത്തരം ഒരു ഘട്ടം ഇറാന്‍ ഒരിക്കല്‍ മാത്രമാണ് കടന്നുപോയത്. അന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിരുന്നു. സംസ്‌കാരം നീട്ടിവെക്കാനും മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്യാനും തീരുമാനിച്ചത് വേറിട്ട വാര്‍ത്തകളായിരുന്നു.
വിപ്ലവ ശേഷം ഇറാന്റെ ആദ്യ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് ആയത്തുല്ല റൂഹുല്ല ഖുമൈനിയെ ആയിരുന്നു. 10 വര്‍ഷത്തോളമാണ് ഇദ്ദേഹം ഈ പദവിയില്‍ ഇരുന്നത്. 1989 ജൂണിലായിരുന്നു മരണം. ജനസാഗരമാണ് അന്ന് ഇറാനില്‍ കാണാന്‍ കഴിഞ്ഞത്. ഒരു രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ശതമാനം ജനങ്ങള്‍ പങ്കെടുത്ത സംസ്‌കാരം എന്ന നിലയില്‍ ഗിന്നസ് റെക്കോര്‍ഡിട്ട സംസ്‌കാര ചടങ്ങായിരുന്നു അത്.
86ാം വയസില്‍ ആയിരുന്നു ഖുമൈനിയുടെ മരണം. സംസ്‌കാര ചടങ്ങില്‍ 10.2 മില്യണ്‍ ജനങ്ങള്‍ പങ്കെടുത്തു എന്നാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് രേഖ. അന്നത്തെ ഇറാന്റെ ജനസംഖ്യയുടെ ആറില്‍ ഒന്ന് വരുമിത്. ബിഹഷ്‌തെ സഹ്‌റ ഖബറിസ്ഥാനിലായിരുന്നു സംസ്‌കാരം. കറുത്ത വസ്ത്രം ധരിച്ച് തലയിലും നെഞ്ചിലും അടിച്ചുകൊണ്ടാണ് ജനക്കൂട്ടം തെഹ്‌റാനിലേക്ക് ഒഴുകിയത്. ഷിയാക്കളുടെ ആചാരങ്ങളില്‍പ്പെട്ടതാണിത്. ജനങ്ങള്‍ കൂട്ടത്തോടെ എത്തിയതോടെ തെഹ്‌റാനിലെ താപനില 33 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയര്‍ന്നു. അഗ്നിശമന സേനാംഗങ്ങള്‍ തുടര്‍ച്ചയായി വെള്ളം തളിച്ചാണ് താപനില അധികം ഉയരാതെ നിലനിര്‍ത്തിയത്. ജനക്കൂട്ടത്തിന് ഇടയിലൂടെ വിപ്ലവ സേന ഖുമൈനിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ജനം ഇളകിമറിഞ്ഞു. എല്ലാവരും മൃതദേഹം തൊടാന്‍ ശ്രമിച്ചു. പിടിവലിയായി. മൃതദേഹത്തിന് മുകളിലുള്ള തുണി നീങ്ങാനും കാലിന്റെ ഭാഗം വെളിവാകാനും ഇത് കാരണമായി. ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നു. വളരെ പാടുപെട്ടാണ് സൈനികര്‍ മുന്നോട്ട് നീങ്ങിയത്. ഖുമൈനിയുടെ മകന്‍ അഹമ്മദ് ഖുമൈനിക്ക് പരിക്കേറ്റു. സൂര്യാസ്തമയത്തിന് മുമ്പ് ഖബറിസ്താനില്‍ എത്താന്‍ സാധിച്ചില്ല. സംസ്‌കാരം നീട്ടിവച്ചതായി ഇറാനിലെ ഔദ്യോഗിക ടെലിവിഷന്‍ പ്രഖ്യാപിച്ചു. ഹെലികോപ്റ്റര്‍ എത്തി മൃതദേഹം അദ്ദേഹത്തിന്റെ വസതിയിലേക്ക് തന്നെ കൊണ്ടുപോയി എന്നാണ് വിയോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത ദിവസം ഹെലികോപ്റ്ററില്‍ മൃതദേഹം വീണ്ടും എത്തിച്ചു. പിന്നീട് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിച്ച ശേഷമാണ് ഏഴ് മണിക്കൂറോളം നീണ്ട സംസ്‌കാരചടങ്ങുകള്‍ നടന്നത്. തിക്കിലും തിരക്കിലും അന്ന് എട്ടുപേര്‍ മരിച്ചു എന്നാണ് എപി റിപ്പോര്‍ട്ട് ചെയ്തത്. 11000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവത്രെ. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് അലി ഖാംനഇയുടെ സംസ്‌കാരത്തിന് വലിയ സുരക്ഷ ഒരുക്കിയിരിക്കുന്നത്. രണ്ട് കോടി ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ഇറാന്‍ പറയുന്നത്. വ്യാഴാഴ്ചയാണ് ഖബറടക്കം. ഇസ്രായേല്‍-അമേരിക്ക ആക്രമണത്തില്‍ അലി ഖാംനഇക്കൊപ്പം കൊല്ലപ്പെട്ട കൊച്ചുമകള്‍ സഹ്‌റയുടേത് ഉള്‍പ്പെടെ നാലു മൃതദേഹങ്ങളാണ് മഷ്ഹദ് നഗരത്തിലെ പുണ്യ കേന്ദ്രത്തില്‍ സംസ്‌കരിക്കാന്‍ പോകുന്നത്.