ഇറാന്‍ എണ്ണ വരും; ഇസ്രായേല്‍ രഹസ്യ പൈപ്പ് ലൈന്‍ സ്ഥാപിച്ചു, സൗദി അറേബ്യയ്ക്ക് നേട്ടമാകുമോ

സൗദി അറേബ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ പുറംലോകത്തേക്ക് കയറ്റുമതി ചെയ്തിരുന്നത് രണ്ട് വഴികളിലൂടെയാണ്. ഇറാനോട് ചേര്‍ന്ന ഹോര്‍മുസ് കടല്‍പാത വഴിയും യമനോട് ചേര്‍ന്ന ബാബുല്‍ മന്തിബ് കടല്‍പാത വഴിയും. നിലവില്‍ ഈ രണ്ട് വഴികളും അടഞ്ഞു. ഈ വേളയില്‍ സൗദി അറേബ്യയുടെ കയറ്റുമതി പ്രതിസന്ധിയിലാണ്.

Advertisement

യമനുമായി നിലവില്‍ സൗദി അറേബ്യ തര്‍ക്കത്തിലാണ്. സൗദി അറേബ്യ തുടരുന്ന ഉപരോധം പിന്‍വലിക്കണം എന്ന് യമനിലെ ഹൂതികള്‍ ആവശ്യപ്പെടുന്നു. ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ സൗദിയെ ആക്രമിക്കുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു. ഇരു കൂട്ടരും പരസ്പരം ആക്രമിക്കുന്നുണ്ട്. ഇറാഖില്‍ നിന്നും സൗദിക്കെതിരെ ആക്രമണമുണ്ടായി. ജിസാനിലെ എണ്ണ കേന്ദ്രം സൗദി താല്‍ക്കാലികമായി അടച്ചു.

Advertisement

എണ്ണ കയറ്റുമതി പ്രതിന്ധിയിലായ സൗദി അറേബ്യ എന്തു ചെയ്യും? ഇസ്രായേലിനെ ആശ്രയിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. കാരണം യൂറോപ്പിലേക്ക് എണ്ണ കയറ്റുമതിക്ക് സഹായിക്കുന്ന ഒരു രഹസ്യ പൈപ്പ് ലൈന്‍ ഇസ്രായേലിനുണ്ട്. മുമ്പ് ഇറാനുമായി സഹകരിച്ച് നിര്‍മിച്ചതാണിത്. ഇറാനും ഇസ്രായേലും ശത്രുക്കളായി മാറിയതോടെ സൗദി അറേബ്യ ഇത് ഉപയോഗപ്പെടുത്തുമോ?

ഇസ്രായേലില്‍ ചെങ്കടല്‍ തുറമുഖമായ എലിയാത്തിനെയും മെഡിറ്ററേനിയന്‍ തുറമുഖമായ അഷ്‌കലോണിനെയും ബന്ധിപ്പിച്ച് 254 കിലോമീറ്റര്‍ ദൂരത്തില്‍ ഒരു പൈപ്പ് ലൈന്‍ നിലവിലുണ്ട്. 1960കളില്‍ ഇറാന്റെ സാമ്പത്തിക സഹായത്തില്‍ നിര്‍മിച്ചതാണിത്. ഇറാനില്‍ നിന്നുള്ള എണ്ണ എലിയാത്തില്‍ എത്തിക്കുകയും പൈപ്പ് ലൈന്‍ വഴി അഷ്‌കലോണില്‍ എത്തിച്ച് യൂറോപ്പിലേക്ക് കൊണ്ടുപോകുകയും ചെയ്യുക എന്നതായിരുന്നു പദ്ധതി. സൂയസ് കനാല്‍ തൊടാതെയുള്ള യാത്രയായിരുന്നു ലക്ഷ്യം.

Advertisement

ഇറാന് നഷ്ടപരിഹാരം നല്‍കാതെ ഇസ്രോയേല്‍

1979ലെ ഇസ്ലാമിക വിപ്ലവത്തോടെ ഇസ്രായേലും ഇറാനും ശത്രുക്കളായി മാറി. ഇസ്രായേല്‍ അനുകൂലിയായിരുന്ന ഇറാനിലെ ഭരണാധികാരി ഷാ മുഹമ്മദ് റസാ പഹ്‌ലവിയെ വിപ്ലവകാരികള്‍ പുറത്താക്കി. പൈപ്പ്‌ലൈന്‍ നിയന്ത്രിക്കാന്‍ രൂപീകരിച്ച 'യൂറോപ്പ് ഏഷ്യ പൈപ്പ്‌ലൈന്‍ കമ്പനി' ഇതോടെ പൂര്‍ണമായും ഇസ്രായേലിന്റേതായി. നഷ്ടപരിഹാരമായി ഇറാന് 110 കോടി ഡോളര്‍ ഇസ്രായേല്‍ നല്‍കണം എന്ന് സ്വിസ് ട്രിബ്യൂണല്‍ ഉത്തരവിട്ടെങ്കിലും ഇസ്രായേല്‍ അംഗീകരിച്ചില്ല.

എന്നാല്‍ ഇപ്പോള്‍ ഈ പൈപ്പ് ലൈന്‍ സൗകര്യം സൗദി അറേബ്യയ്ക്ക് കൂടി ഉപയോഗിക്കാമെന്ന് പറയുകയാണ് ഇസ്രായേല്‍. സൗദി അറേബ്യയുടെ എണ്ണപ്പാടങ്ങളില്‍ നിന്ന് യാമ്പു തുറമുഖത്തെത്തിക്കുന്ന എണ്ണ ഇസ്രായേലിലെ ഏലിയാത്ത് തുറമുഖത്തെത്തിച്ച് അഷ്‌കലോണിലേക്ക് പൈപ്പ്‌ലൈനില്‍ കൊണ്ടുപോയി യൂറോപ്പിലേക്ക് അയക്കാം എന്നാണ് വാഗ്ദാനം. ഇക്കാര്യം സൗദി അറേബ്യ അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. കാരണം സൗദിയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധമില്ല.

Advertisement

ഇസ്രായേലും സൗദി അറേബ്യയും നയതന്ത്ര ബന്ധം സ്ഥാപിക്കണം എന്നാണ് അമേരിക്കയുടെ ആവശ്യം. അടുത്തിടെ സൗദിയുമായി ആണവ കരാര്‍ ഒപ്പുവയ്ക്കുന്നതിന് അമേരിക്ക മുന്നോട്ട് വെച്ച ഉപാധി ഇസ്രായേലുമായി അബ്രഹാം കരാറില്‍ ഒപ്പുവയ്ക്കണം എന്നാണ്. പലസ്തീന്‍ രാജ്യം രൂപീകൃതമാകാതെ ഇസ്രായേലുമായി ബന്ധമുണ്ടാകില്ല എന്ന നിലപാടിലാണ് സൗദി.