ഇറാന്‍ ഇത്രയും തിരിച്ചടി പ്രതീക്ഷിച്ചില്ല; യുഎസ് നീക്കത്തിന് പിന്നില്‍ മറ്റൊരു ലക്ഷ്യം, പാലം തകര്‍ന്നു


വ്യാഴാഴ്ച രാത്രി അമേരിക്കന്‍ സൈന്യം ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ അക് തികി ഖാന്‍ റെയില്‍വെ പാലം തകര്‍ന്നു. മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ബന്ധം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ ഈ ആക്രമണം എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി ഇറാന് വേഗത്തില്‍ ഗതാഗതം സാധ്യമാകുന്ന റെയില്‍പാതയാണിത്.

Advertisement

വടക്കന്‍ ഇറാനിലെ പാലം വ്യാഴാഴ്ച പുലര്‍ച്ചെയാണ് തകര്‍ന്നത് എന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോലിസ്താന്‍ പ്രവിശ്യയിലാണ് ഈ പാലം. ഗോര്‍ഗാന്‍-ഇന്‍ച്ചെ ബോറുന്‍ റെയില്‍വെ ലൈനിന്റെ ഭാഗമാണിത്. ഇറാന്‍ വിപ്ലവ സേനയുടെ നെയ്‌നാവ വിങ് ആണ് ഗോലിസ്താനിലുള്ളത്. യുഎസ് മിസൈല്‍ ആക്രമണത്തില്‍ പാലം തകര്‍ന്നത് ഇവരും സ്ഥിരീകരിച്ചു.

Advertisement

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുക, ചൈന-റഷ്യ തുടങ്ങിയ സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അമേരിക്ക ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ ആള്‍നഷ്ടം ഉണ്ടായിട്ടില്ലെന്നും അമേരിക്കക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും നെയ്‌നാവ സേനാ വിഭാഗം അറിയിച്ചു.

മധ്യേഷ്യയിലേക്കുള്ള ഇറാന്റെ ഗതാഗത സംവിധാനങ്ങള്‍ തകര്‍ക്കുകയാണ് അമേരിക്ക. മാത്രമല്ല, ഇറാനെതിരായ ഉപരോധം അമേരിക്ക ശക്തമാക്കുകയും ചെയ്തു. ഇതുവഴി ഇറാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാമെന്ന് അമേരിക്ക കരുതുന്നു. തുര്‍ക്ക്‌മെനിസ്താന്‍, കസാഖിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുമായി ഇറാനെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയാണ് തകര്‍ത്തത്. മാത്രമല്ല, ചൈനയുടെ നോര്‍ത്ത്-സൗത്ത് റെയില്‍ ഇടനാഴിയുടെ ഭാഗവുമാണ് ഈ പാലം.

Advertisement

നോര്‍ത്ത സൗത്ത് റെയില്‍ ഇടനാഴി ഗോലിസ്താന്‍ പ്രവിശ്യയില്‍ നിന്നാണ് തുടങ്ങുന്നത്. ഇന്‍ച്ചെ ബോറുന്‍ അതിര്‍ത്തി കടന്നാല്‍ മധ്യേഷ്യന്‍ രാജ്യങ്ങൡലേക്ക് എത്താം. സമീപകാലത്ത് ഇറാന്‍ കൂടുതലായി ഈ പാത ഉപയോഗിക്കുന്നുണ്ട്. ഇറാനും റഷ്യയ്ക്കുമിടയില്‍ ചരക്കുകള്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന പാത കൂടിയാണിത്. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് യൂറോപ്പിലേക്കുള്ള ബദല്‍ സാമ്പത്തിക ഇടനാഴിയും ഇതുവഴിയാണ് പോകുന്നത്.

വ്യാപാരം, സൈനിക സഹകരണം, ഉപരോധത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം എന്നീ ആവശ്യങ്ങള്‍ക്കെല്ലാം ഇറാന്‍ ഈ റെയില്‍വെ ലൈന്‍ ഉപയോഗിക്കുന്നുണ്ട്. ഇത് തടയുകയാണ് അമേരിക്കയുടെ ലക്ഷ്യം. എന്നാല്‍ തകര്‍ന്ന റെയില്‍പാത ഇറാന്‍ അതിവേഗം പുനര്‍ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, പാകിസ്താനും ഖത്തറും വീണ്ടും ചര്‍ച്ചയ്ക്കുള്ള വഴി ഒരുക്കുന്നുണ്ട്. ട്രംപിനെ വധിക്കാന്‍ ഇറാന്‍ പദ്ധതി ഒരുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ വന്നു. അങ്ങനെ സംഭവിച്ചാല്‍ ഇറാനെ നിമിഷ നേരംകൊണ്ട് നശിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി.