ഒറ്റ വെടിയില്‍ എല്ലാത്തിനേയും തീര്‍ക്കും; ഇറാന്‍ ജനത വിലപിക്കവെ ട്രംപിന്റെ ഭീഷണി, മുജ്തബ എവിടെ?

ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങിന് ആയിരങ്ങളാണ് തെഹ്‌റാനില്‍ തടിച്ചു കൂടിയിരിക്കുന്നത്. ലോക നേതാക്കള്‍ ഉള്‍പ്പെടെ ഷിയാ പണ്ഡിതരും വിവിധ രാജ്യങ്ങളില്‍ നിന്ന് ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരും മുതിര്‍ന്ന നേതാക്കളുമെല്ലാമുണ്ട്. ഈ വേളയില്‍ ഭീഷണിയുമായി രംഗത്തുവന്നിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Advertisement

അവരെല്ലാം അവിടെയുണ്ട്. ഒറ്റ വെടിക്ക് എല്ലാത്തിനെയും തീര്‍ക്കാന്‍ കഴിയും എന്നായിരുന്നു ട്രംപ് എക്‌സിയോസ് ന്യൂസിനോട് പറഞ്ഞത്. ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇസ്രായേലും ഒരുമിച്ച് നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ ഫെബ്രുവരി 28നാണ് അലി ഖാംനഇ കൊല്ലപ്പെട്ടത്.

Advertisement

എല്ലാത്തിനെയും ഒറ്റവെടിയില്‍ തീര്‍ക്കാന്‍ പറ്റും. ചര്‍ച്ച നടത്താന്‍ ആരെങ്കിലും ബാക്കി വേണ്ടേ എന്ന് കരുതിയാണ് ഒന്നും ചെയ്യാത്തത്. ഒരു കരാര്‍ ഉണ്ടാക്കാന്‍ ഇറാന്‍ യാചിക്കുകയാണ്. ഖാംനഇയുടെ സംസ്‌കാരം കഴിയുന്നതു വരെ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അതുവരെ ആരും പ്രശ്‌നുണ്ടാക്കില്ല. തെഹ്‌റാനില്‍ ഖാംനഇയുടെ ചടങ്ങിനെത്തുന്ന ആളുകള്‍ കരയുന്നത് കണ്ട് ആശ്ചര്യമായി എന്നും അത് വ്യാജമായിരിക്കാമെന്നും ട്രംപ് പറഞ്ഞു.

മുജ്തബ ഖാംനഇ എവിടെ?

തെഹ്‌റാനില്‍ അലി ഖാംനഇയുടെ സംസ്‌കാരത്തിനുള്ള അന്തിമ ചടങ്ങുകള്‍ തുടങ്ങി. ഗ്രാന്റ് മുസല്ലയിലെ പ്രാര്‍ഥനയ്ക്ക് പലരും എത്തിയത് ചുവന്ന പതാകയുമായിട്ടാണ്. ഷിയാക്കളുടെ പ്രതികാര ആഹ്വാനമത്തിന്റെ ഭാഗമാണിത്. സംസ്‌കാര ചടങ്ങിനല്ല, പ്രതികാരം ചെയ്യാനാണ് തങ്ങള്‍ വന്നിരിക്കുന്നത് എന്ന് ഇതില്‍ ചിലരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അലി ഖാംനഇയുടെ രക്തത്തിന് പകരം ചോദിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.

Advertisement

ലോകത്തെ ഷിയാക്കളുടെ പ്രധാന നേതാവായിരുന്നു അലി ഖാംനഇ. ഇറാഖിലെ ആയത്തുല്ല സിസ്താനിയെ പോലെ ഷിയാ വിശ്വാസികള്‍ ബഹുമാനത്തോടെ കാണുന്ന വ്യക്തിയാണ് അദ്ദേഹം. അങ്ങനെ ഒരു വ്യക്തിയെ കൊലപ്പെടുത്തിയതാണ് അമേരിക്കക്കും ഇസ്രായേലിനുമെതിരായ വികാരത്തിന് കാരണം. ശക്തമായ രീതിയില്‍ പ്രതികാരം ചെയ്യുമെന്നാണ് ചടങ്ങിനെത്തുന്നവര്‍ പറയുന്നത്.

ഫെബ്രുവരി 28ലെ ആക്രമണത്തില്‍ അലി ഖാംനഇയുടെ കുടുംബത്തിലെ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പേരമക്കളും കൊല്ലപ്പെട്ടു. മകന്‍ മുജ്തബ ഖാംനഇക്ക് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെയാണ് ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പക്ഷേ, ഇതുവരെ മുജ്തബ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല. പിതാവിന്റെ ഖബറടക്കത്തിനും അദ്ദേഹം പരസ്യമായി എത്തില്ല. അദ്ദേഹം എവിടെയാണ് എന്ന് അറിയുന്നവര്‍ വളരെ കുറച്ചുപേരുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement

ഈ മാസം ഒമ്പതിനാണ് അലി ഖാംനഇയുടെയും കുടുംബാംഗങ്ങളുടെയും സംസ്‌കാരം. തെഹ്‌റാനിലെ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ഖും നഗരത്തിലേക്ക് കൊണ്ടുപോകും. ശേഷം അദ്ദേഹത്തിന്റെ ജന്മനാടായ മഷ്ഹദില്‍ എത്തിക്കും. ഇവിടെയുള്ള പ്രധാന പള്ളിയിലാണ് ഖബറടക്കം.